മൂന്നാം തൊഴിൽ കമ്മീഷനെ നിയമിക്കണം : കെ. യു ഡബ്ല്യു ജെ ട്രേഡ് യൂണിയൻ സെമിനാർ

രാജ്യത്തെ തൊഴിൽ മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരമായി മൂന്നാം തൊഴിൽ കമ്മീഷനെ നിയമിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ട്രേഡ് യൂണിയൻ സെമിനാർ ആവശ്യപ്പെട്ടു. തൊഴിൽ കോഡുകൾ നിലവിൽ വന്നെങ്കിലും ഫലപ്രദമാകാത്ത സാഹചര്യത്തിൽ മൂന്നാം തൊഴിൽ കമ്മീഷൻ ആവശ്യമാണെന്ന് സെമിനാർ ചൂണ്ടിക്കാട്ടി. "മൂലധന താൽപര്യങ്ങളും മാധ്യമ തൊഴിലാളികളും എന്ന വിഷയത്തിൽ നടത്തിയ സെമിനാർ എ ഐ.ടി. യു സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പണിയെടുത്താൽ കൂലി കിട്ടണമെന്ന അടിസ്ഥാന കാര്യം പോലും പല മേഖലയിലും സാധ്യമാകുന്നില്ലെന്നത് യാഥാർഥ്യമാണെന്നും ഇതിന് മാറ്റം വേണമെങ്കിൽ ട്രേഡ് യൂണിയൻ സംഘടനകളുടടെ ശക്തമായ മുന്നേറ്റം ആവശ്യമാണെന്നും കെ.പി. രാജേന്ദ്രൻ പറഞ്ഞു. 90 ശതമാനം തൊഴിലാളികൾക്കും മിനിമം വേതനം ഇന്ത്യയിൽ കിട്ടുന്നില്ല.തൊഴിൽ മേഖലയിൽ ശക്തമായ നിയമങ്ങൾ ഉണ്ടെങ്കിലും ഫലപ്രദമായി നടപ്പിലാക്കപ്പെടുന്നില്ല. കേരളത്തിലെ തൊഴിലാളി സംഘടനകളുടെ കൂട്ടായ്മയിൽ പത്ര പ്രവർത്തകരും അണിനിരക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ.യു ഡബ്ല്യു ജെ സംസ്ഥാന പ്രസിഡൻ്റ് എം.വി. വിനീത അധ്യക്ഷത വഹിച്ചു. സി. ഐ. ടി. യു ദേശീയ സെക്രട്ടറി കെ. ചന്ദ്രൻ പിള്ള, ഐ. എൻ. ടി. യു.സി ദേശീയ സെക്രട്ടറി കെ.കെ. ഇബ്രാഹിം കുട്ടി, ബി.എം.എസ് മുൻ ദേശീയ പ്രസിഡൻ്റ് സജി നാരായണൻ , എച്ച് എം.എസ് മുൻ ദേശിയ പ്രസിഡൻ്റ് അഡ്വ തമ്പാൻ തോമസ് , കെ.യു ഡബ്ല്യു ജെ നിയുക്ത പ്രസിഡൻ്റ് കെ.പി. റെജി , നിയുക്ത ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ എന്നിവർ പ്രസംഗിച്ചു. സ്വാഗത സംഘം ചെയർമാൻ ആർ. ഗോപകുമാർ സ്വാഗതവും ജനറൽ കൺവീനർ എം. ഷജിൽ കുമാർ നന്ദിയും പറഞ്ഞു.