62 ലക്ഷം പേര്‍ മോദിയെയും പിണറായിയേയും പാഠം പഠിപ്പിക്കും :എംഎം ഹസന്‍

8000 രൂപയുടെ ക്ഷേമപെന്‍ഷന്‍ ഇനിയും 
നല്കാനുണ്ടെന്ന്
 
hasan

8000 രൂപയുടെ ക്ഷേമപെന്‍ഷന്‍ ഇനിയും കൊടുക്കാനുള്ളപ്പോള്‍ 3200 കൊടുത്തത് വല്യ സംഭവമായി   മുഖ്യമന്ത്രി പിണറായി വിജയന്‍ കൊണ്ടാടുന്നത് 62 ലക്ഷം പാവപ്പെട്ടവരുടെ കണ്ണീരില്‍ ചവുട്ടിനിന്നാണെന്ന് മറക്കരുതെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍. സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും ആര്‍ഭാടത്തിന് ഒരു മുടക്കവും ഇല്ലാത്തപ്പോഴാണ് ക്ഷേമപെന്‍ഷന്‍ കുടിശിക മുഴുവന്‍ നല്കാതെ പാവപ്പെട്ടവരുടെ വിഷുവും ഈസ്റ്ററും റംസാനും കണ്ണീരിലാഴ്ത്തിയത്.  

കേന്ദ്രവിഹിതം നല്കുന്നതില്‍  പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഗുരുതരമായ വീഴ്ചയുണ്ട്. കേന്ദ്രവിഹിതം ലഭിക്കുന്ന 6.88 ലക്ഷം പേര്‍ക്ക് ഒരു വര്‍ഷമായി ക്ഷേമപെന്‍ഷന്‍ കുടിശികയാണ്. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പിണറായി വിജയന്‍    3200  രൂപ നല്കിയത് രാഷ്ട്രീയലക്ഷ്യത്തോടെയാണ്. അടുത്ത ഗഡു കിട്ടണമെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പ് വരണം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ക്ഷേമപെന്‍ഷന്‍ നിഷേധിക്കപ്പെട്ട 62 ലക്ഷം പേര്‍  മോദിയുടെയും പിണറായിയുടെയും അഹന്തയ്ക്ക് അന്ത്യം കുറിക്കുമെന്ന് ഹസന്‍ ചൂണ്ടിക്കാട്ടി.    

ഇലക്ട്രല്‍ ബോണ്ടിലൂടെയും സഹകരണ ബാങ്ക് തട്ടിപ്പുകളിലൂടെയും സമാഹരിച്ച കോടാനുകോടികള്‍ ബിജെപിയും സിപിഎമ്മും മത്സരിച്ച് തെരഞ്ഞെടുപ്പില്‍ ഒഴുക്കുന്നതിനിടയ്ക്കാണ് പാവപ്പെട്ട ക്ഷേമപെന്‍ഷന്‍കാരെ ഇരുകൂട്ടരും മറന്നത്. സിപിഎം ഭരിക്കുന്ന സഹകരണബാങ്കില്‍ നിന്ന് നിക്ഷേപം തിരികെ കിട്ടാന്‍ ഇടത് എംപി സന്തോഷ് കുമാറിന്റെ സഹോദരിവരെ സമരം ചെയ്യുകയാണ്. പല സഹകരണബാങ്കുകളുടെയും മുന്നില്‍ നിക്ഷേപകര്‍ സമരത്തിലാണ്. സര്‍ക്കാര്‍ പണം നല്കാത്തതിനാല്‍ മാവേലി സ്റ്റോറുകളില്‍ അവശ്യസാധനങ്ങള്‍ ഇല്ല. സാധനങ്ങളുടെ തീപിടിച്ച വിലയും ഉത്സവനാളുകളെ ദുരിതകാലമാക്കി. കേരളത്തിന്റെ ചരിത്രത്തില്‍ ഇങ്ങനെയൊന്നും കേട്ടുകേഴ്‌വിയില്ലെന്നും ഹസന്‍ പറഞ്ഞു.