ഓയൂരില്‍ നിന്നു പട്ടാപ്പകൽ 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി, രേഖാചിത്രം പുറത്തുവിട്ടു
സംസ്ഥാനത്തെ ഞെട്ടിച്ചു പട്ടാപ്പകൽ നാലംഗ സംഘം തട്ടിക്കൊണ്ടുപോയ 6 വയസ്സുകാരിക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ വൈകിട്ട് നാലരയോടെ തട്ടിയെടുക്കപ്പെട്ട ഓയൂർ കാറ്റാടി ഓട്ടുമല റെജി ഭവനിൽ റെജിയുടെ മകൾ അബിഗേൽ റെജിയെ കണ്ടെത്താൻ പുലർച്ചെയായിട്ടും കഴിഞ്ഞിട്ടില്ല. പാരിപ്പള്ളിയിലെ കടയിൽ സ്ത്രീക്കൊപ്പം എത്തിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. അപ്പൂപ്പൻപാറയിലെ ക്വാറിയിലുൾപ്പെടെ സമീപ പ്രദേശങ്ങളിലെ ക്വാറികളിലും തിരച്ചിൽ നടത്തി. വേളമാനൂരിലെ വീടുകളിലടക്കം ആളൊഴിഞ്ഞ ഇടങ്ങളിൽ പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പുലർച്ചെയും തിരച്ചിൽ തുടരുകയാണ്. അന്വേഷണത്തിന് സഹായകമായ ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ഐജി ജി. സ്പർജൻ കുമാർ അറിയിച്ചു.
ഓയൂരില്‍ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതിയെന്ന് സംശയിക്കുന്ന ഒരാളുടെ രേഖാ ചിത്രം പുറത്തുവിട്ട് പൊലീസ്. പാരിപ്പള്ളിയിലെ കടയുടമയായ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊല്ലം പൊലീസ് രേഖാ ചിത്രം തയ്യാറാക്കിയത്. രേഖാ ചിത്രത്തിലുള്ള ആള്‍ക്കൊപ്പം വന്ന സ്ത്രീയാണ്, കാണാതായ പെണ്‍കുട്ടിയുടെ മാതാവിനെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടത്.
ചിത്രത്തിലുള്ള ആള്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീയുടെയും മറ്റൊരു പുരുഷന്റെയും മുഖം വ്യക്തമായിരുന്നില്ലെന്ന് കടയുടമയും നാട്ടുകാരനായ ഒരാളും പൊലീസിന് മൊഴി നല്‍കിയിരുന്നു. കടയില്‍ എത്തിയ പുരുഷനെ കണ്ടാല്‍ തിരിച്ചറിയുമെന്ന് കടയുടമയായ സ്ത്രീ നേരത്തെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.
കടയുടമ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്: ''ഏഴര മണിയോടെ കട അടയ്ക്കാന്‍ നേരത്താണ് ഒരു പുരുഷനും സ്ത്രീയും എത്തിയത്. ഫോണ്‍ എടുത്തിട്ടില്ല, എന്തൊക്കെ സാധനങ്ങള്‍ വേണമെന്ന് ചോദിക്കട്ടെയെന്ന് പറഞ്ഞാണ് സ്ത്രീ മൊബൈല്‍ ചോദിച്ചത്. അവര്‍ ഫോണ്‍ വിളിച്ച് കൊണ്ട് അല്‍പ്പം ദൂരം മാറി നിന്നു. ഈ സമയത്ത് പുരുഷന്‍ ബിസ്‌ക്കറ്റ്, റെസ്‌ക്ക്, തേങ്ങ എന്നിവ വാങ്ങി. സാധനങ്ങള്‍ പൊതിഞ്ഞ് കൊണ്ടിരിക്കുമ്പോഴേക്കും സ്ത്രീ ഫോണ്‍ തിരിച്ചു തന്നു. പുരുഷന്‍ മാസ്‌ക് ധരിച്ചിട്ടില്ലായിരുന്നു. യുവതി ഷാള്‍ ഉപയോഗിച്ച് തല മറച്ചിരുന്നു. പുരുഷന് അത്യാവശ്യം പൊക്കമുള്ള 50 വയസ് തോന്നിക്കുന്ന ഒരാളാണ്. സ്ത്രീക്ക് ഏകദേശം 35 വയസ് തോന്നിക്കും. കടയുടെ അല്‍പ്പം മുന്നിലാണ് ഓട്ടോ നിര്‍ത്തിയത്. സ്ത്രീയെയും പുരുഷനെയും മാത്രമാണ് കണ്ടത്. മൂന്നാമനെ കണ്ടിട്ടില്ല. ഇരുവരെയും കണ്ടാല്‍ തിരിച്ചറിയും. ''
അതേസമയം, ഓട്ടോയില്‍ മൂന്നു പേരുണ്ടായിരുന്നെന്ന് പ്രദേശത്തുണ്ടായിരുന്ന സതീശന്‍ എന്നയാള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്തീ ധരിച്ചത് വെള്ള പുള്ളികളുള്ള പച്ച ചുരിദാറാണ്. പുരുഷന്‍ ബ്രാണ്‍ ഷര്‍ട്ടും കാക്കി പാന്റുമായിരുന്നു. ഡ്രൈവര്‍ സീറ്റിലുണ്ടായിരുന്നയാള്‍ കമിഴ്ന്നിരിക്കുകയായിരുന്നു. ഏകദേശം പത്തുമിനിറ്റോളം ഓട്ടോ സ്ഥലത്തുണ്ടായിരുന്നു. സമീപപ്രദേശത്തുള്ള ഓട്ടോയല്ലായിരുന്നു അതെന്ന് സതീശന്‍ പറഞ്ഞു.
ഓയൂരില്‍ നിന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വാഹന പരിശോധന കര്‍ശനമാക്കിയതിനിടെ ഒരു വെളുത്ത ഹോണ്ട അമേയ്‌സ് കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തതായി റിപ്പോര്‍ട്ട്. പെട്രോള്‍ പമ്പില്‍ നിന്നു പെട്രോള്‍ അടിച്ചതിനു ശേഷം പോകുന്നതിനിടെയാണ് കാര്‍ വാഹന പരിശോധനയ്ക്കിടെ പോലീസ് കസ്റ്റഡിയിലെടുത്തത്.
അതേ സമയം, ഈ വാഹനം കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച കാര്‍ ആണെന്ന കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല. നേരത്തെ ഒരു വെളുത്ത ഹോണ്ട അമെയ്‌സ് കാറിലെത്തിയാണ് അക്രമികള്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമായിരുന്നു.
ഈ കാറിന്റെത് വ്യാജ നമ്പര്‍ പ്ലേറ്റാണെന്നും തിരിച്ചറിഞ്ഞു. ഈ സമയത്താണ് പ്രതികള്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചത്. ഒരു ഓട്ടോയിലെത്തിയാണ് പ്രതികള്‍ ഫോണ്‍ വിളിച്ചതെന്ന് കടയുടമ വെളിപ്പെടുത്തി.
രണ്ട് സ്ത്രീകളും രണ്ട് പുരുഷന്‍മാരും അടങ്ങുന്ന നാലു പേരുടെ സംഘമാണ് കൃത്യത്തിന് പിന്നിലെന്നാണ് സൂചന. ഈ കാറിനു പിന്നില്‍ ബൈക്കില്‍ ആളുകള്‍ പിന്തുടര്‍ന്നിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
അതിനിടെ 10 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് രണ്ടാമതും പ്രതികള്‍ ഫോണില്‍ വിളിച്ചതായി ചില ബന്ധുക്കള്‍ വെളിപ്പെടുത്തി. കുട്ടി സുരക്ഷിതയാണെന്നും നാളെ രാവിലെ 10 മണിക്ക് വീണ്ടും വിളിക്കാമെന്നും പോലീസില്‍ അറിയിക്കാതെ പണം നല്‍കണമെന്നാണ് അക്രമി നല്‍കിയിരിക്കുന്ന നിര്‍ദേശം.
അതേ സമയം, കുട്ടിയെ തട്ടിക്കൊണ്ടു പോയി എട്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതപ്പെടുത്താന്‍ മുഖ്യമന്ത്രി പോലീസ് മേധാവിയോട് നിര്‍ദേശിച്ചു. അന്വേഷണം ഏകോപിപ്പിക്കുന്നതിനായി പൊലീസ് ആസ്ഥാനത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 112 എന്ന നമ്പറില്‍ അറിയിക്കണമെന്നും പോലീസ് നിര്‍ദേശമുണ്ട്.
കുട്ടിയുടെ അമ്മയ്ക്ക് ഫോണ്‍ കോള്‍ വന്നത് പാരിപ്പള്ളിയിലെ ഒരു വ്യാപാരിയുടെ ഫോണില്‍ നിന്നാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഓട്ടോയിലെത്തിയ രണ്ടംഗ സംഘം കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുകയും കൂട്ടത്തിലുണ്ടായിരുന്ന 35 വയസ് പ്രായം വരുന്ന സ്ത്രീ കടയുടമയില്‍ നിന്നു ഫോണ്‍ വാങ്ങി വിളിക്കുകയുമായിരുന്നുവെന്ന് കടയുടമയായ വനിത പോലീസിന് മൊഴി നല്‍കി.
തട്ടിയെടുത്തവര്‍ കുട്ടിയുമായി ജില്ല വിട്ട് പോകാന്‍ സാധ്യതയില്ലെന്ന നിഗമനത്തിലാണ് പോലീസ്. അതിനാല്‍ തന്നെ പ്രധാനമായും കൊല്ലം- തിരുവനന്തപുരം ജില്ലാ അതിര്‍ത്തി കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്.
എന്നാല്‍ എല്ലാ ജില്ലകളിലേക്കും പരിശോധന നടത്താന്‍ പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. ഇതുപ്രകാരം 14 ജില്ലകളിലും അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്. ഇതിനു പുറമെ കേരളത്തിന്റെ അതിര്‍ത്തി സംസ്ഥാനങ്ങളായ കര്‍ണാടക, തമിഴ്‌നാട് പോലീസ് സേനകളുടെ സഹായവും തേടിയിട്ടുണ്ട്.
കുട്ടിക്കായി സംസ്ഥാനം മുഴുവന്‍ പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയെന്ന് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് സംഭവത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും ത്വരിതഗതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പറഞ്ഞ മന്ത്രി കുട്ടിയെ ഉടന്‍ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും കൂട്ടിച്ചേര്‍ത്തു