സിയാലില്‍ 7 മെഗാപദ്ധതികള്‍ക്ക് തുടക്കമായി

കേരളം മുന്നോട്ടുവയ്ക്കുന്നത് ഉദാരവത്കരണ
ചിന്തകള്‍ക്കുള്ള ബദല്‍: മുഖ്യമന്ത്രി
 
c m

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഏഴ് മെഗാ പദ്ധതികള്‍ക്ക് തുടക്കമായി. ഭാവിയിലെ ട്രാഫിക്, കാര്‍ഗോ വളര്‍ച്ച, സുരക്ഷാ നവീകരണം എന്നിവ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഏഴ് പദ്ധതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തിനാകെ ഉപകരിക്കുന്ന വ്യവസായങ്ങള്‍ നടത്തുന്നതോ കമ്പോളത്തില്‍ ഇടപെടുന്നതോ ഒന്നും സര്‍ക്കാരിന്റെ കടമയല്ല എന്ന ഉദാരവത്കരണ ചിന്തയ്ക്ക് ബദലാണ് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

 

 

വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെ പൊതുമേഖലയിലുള്ള തന്ത്രപ്രധാന സ്ഥാപനങ്ങളെപ്പോലും സ്വകാര്യവത്ക്കരിക്കുന്ന ഒരു കാലമാണിത്. വന്‍തോതിലുള്ള മൂലധനനിക്ഷേപവും ഭാവിയെ മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള വികസന കാഴ്ചപ്പാടും നടത്തിപ്പിലെ പ്രൊഫഷണല്‍ മികവും ആവശ്യമായതിനാല്‍ സ്വകാര്യമേഖലയില്‍ മാത്രമേ ഇത്തരം സ്ഥാപനങ്ങള്‍ വിജയകരമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയൂ എന്ന ചിന്തയാണ് ഇതിന് പിന്നില്‍. സമൂഹത്തിനാകെ ഉപകരിക്കുന്ന വ്യവസായങ്ങള്‍ നടത്തുന്നതോ കമ്പോളത്തില്‍ ഇടപെടുന്നതോ ഒന്നും സര്‍ക്കാരിന്റെ കടമയല്ല എന്ന ഉദാരവത്ക്കരണ ചിന്തയും ഇതിന് പിന്നിലുണ്ട്. എന്നാല്‍ ഇത്തരം ചിന്താഗതിക്കുള്ള ബദലാണ് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ കാണാന്‍ കഴിയുക.  ഇവിടെ അവയെ സംരക്ഷിക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുന്നു. കേന്ദ്രം വില്‍പ്പനയ്ക്ക് വയ്ക്കുന്ന സ്ഥാപനങ്ങളെവരെ കേരളം ഏറ്റെടുത്തു പ്രവര്‍ത്തിപ്പിക്കുന്നു. ആ ബദലിന്റെ മികച്ച ദൃഷ്ടാന്തമാണ് കേരളസര്‍ക്കാരിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്നും  മുഖ്യമന്ത്രി പറഞ്ഞു.

 

 

ഇക്കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ സിയാലില്‍ ഉദ്ഘാടനം ചെയ്യപ്പെടുന്ന നാലാമത്തെ വന്‍ പദ്ധതിയാണിത്. അരിപ്പാറ ജല വൈദ്യുത നിലയം, പയ്യന്നുര്‍ സൗരോര്‍ജ നിലയം, ബിസിനസ് ജറ്റ് ടെര്‍മിനല്‍ എന്നിങ്ങനെ നേരത്തെ ഉദ്ഘാടനം ചെയ്യപ്പെട്ട  മൂന്ന് പദ്ധതികളും മികച്ചരീതിയില്‍ മുന്നോട്ടുപോകുന്നുണ്ട്. അനുദിനം മാറിക്കൊണ്ടിരിക്കുകയും നിരന്തരം പുതിയ സാങ്കേതിക വിദ്യകള്‍ അവതരിപ്പിക്കപ്പെടുകയും ചെയ്യുന്ന ഈ ലോകത്ത്, കാര്യക്ഷമമായും ലാഭകരമായും വിമാനത്താവളങ്ങള്‍ നടത്താന്‍ സ്വകാര്യമേഖലയ്ക്ക് മാത്രമേ കഴിയൂ എന്ന വാദത്തെ അപ്രസക്തമാക്കുന്ന ബദലാണ് സിയാല്‍-മുഖ്യമന്ത്രി പറഞ്ഞു.

ഇംപോര്‍ട്ട് കാര്‍ഗോ ടെര്‍മിനല്‍, ഡിജിയാത്ര സോഫറ്റ്വെയര്‍, അഗ്നി ശമന സേനാ നവീകരണം എന്നിവയുടെ ഉദ്ഘാടനവും രാജ്യാന്തര ടെര്‍മിനല്‍ വികസനം ഒന്നാംഘട്ടം, ഗോള്‍ഫ് ടൂറിസം, എയ്റോ ലോഞ്ച്, ചുറ്റുമതില്‍ സുരക്ഷാവലയം എന്നീ പദ്ധതികളുടെ തറക്കല്ലിടലുമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. ഈ പദ്ധതികളെല്ലാം തന്നെ 'നാളെയിലേയ്ക്ക് പറക്കുന്നു ' എന്ന കൊച്ചി എയര്‍പോര്‍ട്ടിന്റെ ആപ്തവാക്യത്തെ സാധൂകരിക്കുന്നതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

മന്ത്രി പി.രാജീവ് അധ്യക്ഷനായിരുന്നു. സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്.സുഹാസ് സ്വാഗതം പറഞ്ഞു. സിയാല്‍ ഡയറക്ടര്‍ യൂസഫലി എം.എ. ആമുഖ പ്രഭാഷണ നിര്‍വഹിച്ചു.  മന്ത്രിമാരായ കെ.രാജന്‍, മുഹമ്മദ് റിയാസ് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. എം.പി.മാരായ ബെന്നി ബെഹന്നാന്‍, ഹൈബി ഈഡന്‍, എം.എല്‍.എമാരായ  അന്‍വര്‍ സാദത്ത്, റോജി എം.ജോണ്‍, ചീഫ് സെക്രട്ടറി ഡോ.വി.വേണു,  ജനപ്രതിനിധികളായ മാത്യൂ തോമസ്, പി.വി.കുഞ്ഞ്, വി.എം.ഷംസുദ്ദീന്‍, ഗ്രേസി ദയാനന്ദന്‍, ശോഭാ ഭരതന്‍, സിയാല്‍ ഡയറക്ടര്‍മാരായ ഇ.കെ.ഭരത് ഭൂഷന്‍, അരുണ സുന്ദരരാജന്‍, എന്‍.വി.ജോര്‍ജ്,  ഡോ.പി.മുഹമ്മദലി എന്നിവര്‍ പങ്കെടുത്തു. സിയാല്‍ എക്സിക്യൂട്ടീവ് ഡയറക്ടറും കമ്പനി സെക്രട്ടറിയുമായ സജി കെ.ജോര്‍ജ്  കൃതജ്ഞത രേഖപ്പെടുത്തി.

air

സിയാൽ നാളേക്ക് പറക്കുമ്പോൾ ടൂറിസവും കൂടെ പറക്കും: മന്ത്രി പി. എ. മുഹമ്മദ് റിയാസ്

വരുംകാലം മുന്നിൽകണ്ട് പുതിയ പദ്ധതികൾ ആവിഷ്കരിച്ച് സിയാൽ നാളേക്ക് പറക്കാൻ ഒരുങ്ങുമ്പോൾ  കേരളത്തിന്റെ ടൂറിസം മേഖലയും അതിനൊപ്പം ഉയരങ്ങളിലേക്ക് പറക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏഴു മെഗാ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

 കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടപ്പിലാക്കുന്ന പുതിയ പദ്ധതികൾ കേരളത്തിന്റെ വിനോദസഞ്ചാര മേഖലയിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകും. കേരളം രൂപീകരിച്ചതിനു ശേഷം ഏറ്റവും കൂടുതൽ ആഭ്യന്തര സഞ്ചാരികൾ കേരളത്തിലേക്ക് എത്തിയ വർഷമാണ് 2022. ഇതിൽ സിയാൽ വലിയ പങ്ക് വഹിക്കുന്നുണ്ട്.  ഏറ്റവും കൂടുതൽ ആഭ്യന്തര വിനോദസഞ്ചാരികൾ എത്തുന്ന ജില്ലയാണ് എറണാകുളം. ന്യൂയോർക്ക് ടൈംസ് കോവിഡാനന്തര കാലഘട്ടത്തിൽ കണ്ടിരിക്കേണ്ട 52  സ്ഥലങ്ങളുടെ പേരുകൾ പുറത്തുവിട്ടിരുന്നു. ഇതിൽ കേരളം ഉൾപ്പെട്ടിട്ടുണ്ട് എന്നത് ഏറെ അഭിമാനകരമാണ്.

 ശ്രീലങ്ക പോലുള്ള രാജ്യങ്ങളിൽ വിനോദസഞ്ചാര മേഖലയിൽ മുന്നോട്ട് നയിക്കാൻ എയർലൈൻസ് സംവിധാനങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ട്. ഇതുപോലെ കേരള ടൂറിസത്തിന്റെ അനന്തസാധ്യതകളെ ലോകത്ത് ആകെ പ്രചരിപ്പിക്കാൻ സിയാലിന് സാധിക്കും. സിയാലിന്റെ മികച്ച പ്രവർത്തനങ്ങൾക്കായി നിശ്ചയദാർഢ്യത്തോടെ പ്രവർത്തിക്കുന്നു. എല്ലാവരും അഭിനന്ദനങ്ങൾ അർഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ഭാവിയിലെ ആവശ്യങ്ങൾ അനുസരിച്ച്  വിമാനത്താവളത്തെ പ്രാപ്തമാക്കാൻ പുതിയ പദ്ധതികളിലൂടെ സാധിക്കും: മന്ത്രി പി. രാജീവ്‌

 വരാനിരിക്കുന്ന കാലത്തെ ആവശ്യങ്ങളെ അഭിസംബോധന ചെയ്യുന്ന രീതിയിൽ വിമാനത്താവളത്തെ മാറ്റിയെടുക്കാൻ പുതിയ പദ്ധതികളിലൂടെ സാധ്യമാകുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന  7 പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

 കോവിഡ് മഹാമാരിക്ക് ശേഷവും വീണ്ടെടുക്കലിന്റെ സന്ദർഭത്തിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് കഴിഞ്ഞു എന്നത് ഏറെ അഭിമാനകരമാണ്. എയർപോർട്ട് ജീവനക്കാരുടെ ഷിഫ്റ്റ് സംവിധാനം മാറ്റണം എന്ന ദീർഘകാലത്തെ ആവശ്യം പൂർണ്ണമായി പരിഹരിക്കാൻ സാധിച്ചു. കരാർ തൊഴിലാളികൾക്ക് മിനിമം കൂലി ഏർപ്പെടുത്തണമെന്ന ആവശ്യത്തിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. എയർപോർട്ടുകളിൽ പ്രത്യേക മിനിമം വേതനം നിർണയിക്കുന്നതിനായി കമ്മിറ്റി രൂപീകരിച്ച് പരിശോധന നടന്നുവരികയാണ്. ചർച്ചകളിലൂടെ ഈ മേഖലയിലും മാറ്റം സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു.

 നാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഈ കാലയളവിൽ സിയാലിന് കഴിഞ്ഞു. ചെങ്ങൽ തോടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചതുവഴി വെള്ളക്കെട്ട് ഒഴിവാക്കാൻ സാധിച്ചു. സി എസ് ആർ ഫണ്ട് വഴി ഇനിയും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സിയാൽ നടപ്പിലാക്കും. 800 കോടി ചെലവിൽ നടപ്പിലാക്കുന്ന ഗിഫ്റ്റ് സിറ്റി പദ്ധതിയുടെ നടപടികൾ പുരോഗമിക്കുകയാണ്. സ്ഥലം ഏറ്റെടുക്കുന്ന സാഹചര്യത്തിലാണ് പദ്ധതിക്ക് കൂടുതൽ തുക ആവശ്യമായി വന്നത്. മാറ്റങ്ങൾ അംഗീകരിച്ച് പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.

യാത്രക്കാര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം ജീവനക്കാരെയും ചേര്‍ത്തുപിടിക്കുന്ന സമീപനമാണ് സിയാലിന്റേത്: മന്ത്രി കെ. രാജന്‍


വിമാന യാത്രക്കാര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം അതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്കും ജീവിത സാഹചര്യങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്ന സമീപനമാണ് സിയാലിന്റെതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഏഴു മെഗാ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കേവലം ലാഭം സമാഹരിക്കുക മാത്രമല്ലാതെ ലാഭത്തിനായി പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്കും കൃത്യമായി പരിഗണന നല്‍കുന്ന ഒരു സംരംഭമായി സിയാല്‍ മാറുകയാണ്. ലോകത്തിന് കേരളത്തിന്റെ മാതൃകയായി സിയാല്‍ മാറിക്കഴിഞ്ഞു. സമസ്ത മേഖലയിലും ഇടപെട്ടുകൊണ്ട് മികച്ച ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംരംഭമായി മാറാന്‍ സിയാലിന് കഴിഞ്ഞു. സോളാര്‍ ഉല്‍പാദനത്തിലൂടെ വൈദ്യുതി ഉല്പാദന രംഗത്തെ നിക്ഷേപകരാകാന്‍ സാധിച്ചു.

യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന, വിമാനത്താവള ആധുനികവത്കരണം, വിനോദ സഞ്ചാര സാധ്യത, കാര്‍ഷിക മേഖലയുടെ വളര്‍ച്ച  മുതലായ ഘടകങ്ങള്‍ മുന്‍നിര്‍ത്തി,  അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഏഴ് പദ്ധതികള്‍ക്കാണ് തുടക്കം ആയിരിക്കുന്നത്. ഇതിലൂടെ സിയാലിന് കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകാന്‍ സാധിക്കട്ടെ എന്നും മന്ത്രി പറഞ്ഞു.