ഗ്രാമപഞ്ചായത്തുകളിലെ സുസ്ഥിര വികസന ലക്ഷ്യങ്ങളെക്കുറിച്ചുള്ള ത്രിദിന ദേശീയ ശിൽപശാലയ്ക്ക്‌ കൊച്ചിയിൽ തുടക്കമായി

 
ppp

ഗ്രാമപഞ്ചായത്തുകളുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെക്കുറിച്ചുള്ള ദേശീയ സമ്മേളനത്തിന്‌ കൊച്ചിയിൽ തുടക്കമായി. കേന്ദ്ര പഞ്ചായത്തീരാജ്‌ വകുപ്പ്‌ കേരള സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും, കിലയുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്‌. സമ്മേളനം കേന്ദ്ര പഞ്ചായത്തിരാജ് സഹമന്ത്രി കപിൽ മൊരേശ്വർ പാട്ടീൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തുകളുടെ പ്രവർത്തനം കേരളത്തിൽ മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസമേഖലയിലും ആരോഗ്യമേഖലയിലും കേരളം മുൻ പന്തിയിലാണ്‌. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ബജറ്റ് വിഹിതത്തിന്റെ നല്ലൊരു പങ്ക് നീക്കിവച്ചതിന് കേന്ദ്രമന്ത്രി കേരളത്തെ അഭിനന്ദിച്ചു, ഇത് മറ്റ് സംസ്ഥാനങ്ങൾ മാതൃകയാക്കണം. ദാരിദ്ര നിർമാർജനത്തിൽ വലിയ മാതൃക കേരളം കാട്ടിത്തന്നു. കേരളം അതിദാരിദ്രം ലഘൂകരിക്കാനുള്ള പദ്ധതി നടപ്പാക്കുന്നതിനെയും മന്ത്രി പരാമർശിച്ചു. കേന്ദ്ര വിദേശകാര്യ-പാർലമെന്ററി സഹമന്ത്രി വി.മുരളീധരൻ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, ഗ്രാമീണ വികസന മന്ത്രാലയം സെക്രട്ടറി നാഗേന്ദ്ര നാഥ് സിൻഹ, പഞ്ചായത്തിരാജ് മന്ത്രാലയം സെക്രട്ടറി സുനിൽ കുമാർ, തദ്ദേശ സ്വയം ഭരണ അഡീഷണൽ ചീഫ്‌ സെക്രട്ടറി ശാരദാ മുരളീധരൻ എന്നിവർ പങ്കെടുത്തു. 

ppp

ദേശീയ ശിൽപശാലയുടെ ഉദ്ഘാടന സമ്മേളനത്തിൽ 'പങ്കാളിത്ത തീവ്ര ദാരിദ്ര്യം വിലയിരുത്തൽ: കേരളത്തിൽ നിന്നുള്ള അനുഭവങ്ങൾ' എന്ന പുസ്തകം പ്രകാശനം ചെയ്തു. 350 ലധികം വീഡിയോകളുടെ ഒരു സമാഹാരവും പുറത്തിറക്കി. ദാരിദ്ര്യരഹിതവും മെച്ചപ്പെട്ടതുമായ ഉപജീവന ഗ്രാമം, ആരോഗ്യകരമായ ഗ്രാമം, ശിശുസൗഹൃദ ഗ്രാമം, ജലം പര്യാപ്തമായ ഗ്രാമം, ശുചിത്വവും ഹരിതവുമായ ഗ്രാമങ്ങൾ, അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ ഗ്രാമം, സാമൂഹ്യ സുരക്ഷിത ഗ്രാമം തുടങ്ങിയ വിഷയങ്ങളിലാണ് വീഡിയോകൾ തയ്യാറാക്കിയിരിക്കുന്നത്.  ത്രിദിന ദേശീയ ശിൽപശാലയുടെ ആദ്യ ദിവസം വിവിധ പാനൽ ചർച്ചകൾ നടന്നു. മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഗ്രാമപഞ്ചായത്തുകളും സ്ഥാപനങ്ങളും സംഘടനകളും വീഡിയോ അവതരണങ്ങൾ നടത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 2500 ഓളം പേര്‍ ശില്‍പശാലയില്‍ പങ്കെടുക്കുന്നുണ്ട്‌. സമ്മേളനം ബുധനാഴ്ച പഞ്ചായത്തുകളിലെ ഫീൽഡ്‌ വിസിറ്റോടെ അവസാനിക്കും.