നടന്‍ സൂര്യയ്ക്ക് ഇന്ന് പിറന്നാള്‍

 
suri
തമിഴകത്തിന്റെ സ്വന്തം നടിപ്പിന്‍ നായകന്‍ സൂര്യയ്ക്ക് ഇന്ന് 47-ാം ജന്മദിനം. പിറന്നാള്‍ സമ്മാനമായി മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും  നടനെ തേടിയെത്തി. തന്റെ 22-ാം വയസിലാണ്  സൂര്യ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. ഇതിന് ശേഷം ഏതാനും സിനിമകളില്‍ അഭിനയിച്ചെങ്കിലും അവയ്‌ക്കൊന്നും പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചില്ല. പിന്നീട് 2001ല്‍ പുറത്തിറങ്ങിയ നന്ദ എന്ന ചിത്രത്തിലൂടെ  തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നന്ദയിലൂടെ നേടാന്‍ സൂര്യക്ക് കഴിഞ്ഞു.

2003-ല്‍ ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത 'കാക്ക കാക്ക' എന്ന ചിത്രം സൂര്യയുടെ ആദ്യത്തെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റര്‍ ആയി. പിതാമകന്‍, ആറ്, പേരഴകന്‍, ഗജിനി, കാക്ക കാക്ക, വാരണം ആയിരം, സിങ്കം തുടങ്ങിയ ചിത്രങ്ങള്‍ സൂര്യക്ക് സൂപ്പര്‍ താരപദവി നേടിക്കൊടുത്തു. വിക്രമിനൊപ്പം അഭിനയിച്ച പിതാമകനിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള ഫിലിംഫെയര്‍ അവാര്‍ഡും ലഭിച്ചു.

തന്റെ അഭിനയ മികവ് കൊണ്ടും  ഡെഡിക്കേഷൻ കൊണ്ടും വ്യത്യസ്ത  വേഷങ്ങൾ ചെയ്തും മുന്നിരനായകനായ വ്യക്തിയാണ് സൂര്യ. സൂര്യയുടെ ആത്മവിശ്വാസവും അര്‍പ്പണബോധവും അദ്ദേഹത്തെ നടിപ്പിന്‍ നായകനാക്കി വളര്‍ത്തി.വാരണം ആയിരത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ്, തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്‌ക്കാരങ്ങള്‍ സൂര്യ സ്വന്തമാക്കി. പിന്നീട് വാണിജ്യ സിനിമകളിലും കലാമൂല്യമുള്ള സിനിമകളിലുമെല്ലാം സൂര്യ ഒരുപോലെ വേഷമിട്ടു. മാസും ക്ലാസും ഒരുപോലെ ഇണങ്ങുമെന്ന് സൂര്യ പലകുറി തെളിയിച്ചു.

 'സുരറൈ പോട്ര്' എന്ന ചിത്രത്തിലൂടെ അതിഗംഭീരമായ തിരിച്ചുവരവാണ് സൂര്യ നടത്തിയത്.  നെടുമാരന്‍ എന്ന കഥാപാത്രമായി സൂര്യ നിറഞ്ഞാടുകയായിരുന്നു. ഒടിടി റിലീസായി എത്തിയ ചിത്രം ലോകമെമ്പാടും സ്വീകരിക്കപ്പെട്ടു. ഏറെക്കാലത്തിന് ശേഷം ഓസ്‌കര്‍ നോമിനേഷന് പോയ ചിത്രമായി സുരറൈ പോട്ര് മാറി.ഓസ്കാർ വേദിയിൽ ഇന്ത്യയിൽ നിന്ന്  അദ്യമായി പങ്കെടുക്കാനുള്ള ക്ഷണം സൂര്യക്ക് ലഭിച്ചു.. നിരവധി പ്രശംസകൾ പിടിച്ചു പറ്റുകയും ചെയ്തു.ജയ് ഭീം എന്ന ചിത്രത്തിലെ സൂര്യയുടെ പ്രകടനവും ശ്രദ്ധേയമായിരുന്നു. അവസാനം പുറത്തിറങ്ങിയ 'വിക്ര'മിലെ സൂര്യയുടെ വില്ലൻ വേഷവും  ആരാധകരെ അമ്പരപ്പിച്ചിരുന്നു. സിനിമ ജീവിതം മാത്രമല്ല സാമ്പത്തിക ബുദ്ധിമുട്ട് അനുഭപ്പെടുന്ന കുട്ടികൾക്ക് വേണ്ടി 2006 സെപ്റ്റംബർ 16ആം തിയതി സൂര്യ തുടങ്ങിയ  അഗരം ഫൗണ്ടേഷൻ പല നിർദ്ധര കുട്ടികൾക്കും  തണലായിട്ടുണ്ട്.ഈ ജന്മദിന വേളയിൽ ദേശീയ പുരസ്കാരത്തിന്റെ നിറവിലാണ് നടിപ്പിന് നായകൻ.