ഡോക്ടർമാരുടെ പിഴവുകൾക്കെതിരെ ഇനി ദേശീയ മെഡിക്കല്‍ കമ്മിഷനില്‍ അപ്പീല്‍ നല്‍കാം

 
madical

ഡോക്ടർമാരുടെ അനാസ്ഥ ഉൾപ്പെടെ ദേശീയ മെഡിക്കൽ കമ്മീഷനിൽ പൊതുജനങ്ങൾക്ക് നേരിട്ട് പരാതിപ്പെടാൻ സാധിക്കുന്ന രീതിയിൽ എൻഎംസി നിയമം ഭേദഗതി ചെയ്യും.

ജോലിസ്ഥലത്തെ മോശം പെരുമാറ്റം, ചികിത്സാ പിഴവ് തുടങ്ങിയ ഡോക്ടർമാരുടെ പേരിലുള്ള പരാതികളിൽ രോഗിക്ക് നേരിട്ടോ ബന്ധുക്കൾ മുഖേനയോ ദേശീയ മെഡിക്കൽ കമ്മീഷനിൽ അപ്പീൽ നൽകാമെന്ന വ്യവസ്ഥ കൂടി ഉൾക്കൊള്ളിച്ചാണ് എൻഎംസി, 2019 ലെ നിയമം ഭേദഗതി ചെയ്യുക. ഇതിനുള്ള കരട് മാർഗനിർദേശം ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. 30 ദിവസത്തിനകം sunilk.gupta35@nic.in അല്ലെങ്കിൽ അണ്ടർ സെക്രട്ടറി, മെഡിക്കൽ എജ്യുക്കേഷൻ പോളിസി സെക്ഷൻ, ആരോഗ്യ മന്ത്രാലയം, നിർമാൺ ഭവൻ എന്ന വിലാസത്തിലോ അഭിപ്രായം രേഖപ്പെടുത്താം.

നാഷണൽ മെഡിക്കൽ കൗൺസിൽ നിലവിലുണ്ടായിരുന്നപ്പോൾ ഡോക്ടർമാരെക്കുറിച്ചുള്ള പരാതികൾ പൊതുജനങ്ങൾക്ക് നേരിട്ട് അറിയിക്കാമായിരുന്നു. സംസ്ഥാന കൗൺസിൽ നിരസിക്കുന്ന പരാതികളിൽ 60 ദിവസത്തിനുള്ളിൽ ദേശീയ കൗൺസിലിൽ അപ്പീൽ നൽകാം. സംസ്ഥാനത്ത് പരാതി കേൾക്കാൻ ആറു മാസത്തിലേറെ സമയമെടുത്താൽ കൗൺസിലിൽ ഉന്നയിക്കാനും അവസരം നൽകിയിരുന്നു.