ആര്യാ രാജേന്ദ്രന്റേയും ബാലുശ്ശേരി എംഎ‍ല്‍എ. കെ.എം.സച്ചിന്‍ദേവിന്റേയും വിവാഹം സെപ്റ്റംബര്‍ നാലിന്

 
arya
മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എംഎ‍ല്‍എ.കെ.എം.സച്ചിന്‍ദേവും സെപ്റ്റംബര്‍ നാലിന് വിവാഹിതരാകും. തിരുവനന്തപുരം എ.കെ.ജി. ഹാളില്‍ പകല്‍ 11-നാണ് ചടങ്ങ്. രാജ്യത്തെ പ്രായം കുറഞ്ഞ മേയറും സംസ്ഥാന നിയമസഭയിലെ പ്രായം കുറഞ്ഞ എംഎ‍ല്‍എ.യുമാണ് വിവാഹിതരാകുന്നത്. മാര്‍ച്ച്‌ മാസത്തിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം.  നിയമസഭയിലെ പ്രായം കുറഞ്ഞ എംഎല്‍എയാണ് സച്ചിന്‍. രാജ്യത്തെ പ്രായം കുറഞ്ഞ മേയറാണ് ആര്യ.

ബാലസംഘത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചതു മുതലുള്ള പരിചയമാണ് വിവാഹത്തിലെത്തുന്നത്. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിന്‍ദേവ് എസ്‌എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയാണ്. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കെയാണ് ബാലുശേരി മണ്ഡലത്തില്‍നിന്ന് വിജയിച്ചത്. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗമാണ്. കോഴിക്കോട് ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് ചെയര്‍മാനായിരുന്നു. നിയമബിരുദധാരിയാണ്.

പതിനഞ്ചാം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ സച്ചിന്‍ ദേവ് (28) ബാലുശ്ശേരി മണ്ഡലത്തില്‍ നിന്ന് 20,372 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തിരഞ്ഞെടുക്കപ്പെട്ടത്. തിരുവനന്തപുരം ഓള്‍ സെയിന്റ്സ് കോളജില്‍ വിദ്യാര്‍ഥിയായിരിക്കെ 21-ാം വയസ്സിലാണ് ആര്യ മേയറാകുന്നത്. എസ്‌എഫ്‌ഐ സംസ്ഥാന സമിതി അംഗവും സിപിഎം ചാല ഏരിയ കമ്മിറ്റിയംഗവുമാണ്.

ബാലുശ്ശേരിയില്‍ സച്ചിന്‍ദേവ് മത്സരിച്ചപ്പോള്‍ താരപ്രചാരകയായി ആര്യ എത്തിയിരുന്നു. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിക്ക് വേണ്ടി എസ്‌എഫ്‌ഐ സംസ്ഥാന സമിതി അംഗമെന്ന നിലയിലാണ് ആര്യ അന്ന് പ്രചാരണത്തിന് എത്തിയത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളിലൊരാള്‍ക്കായി പ്രചാരണത്തിന് എത്തിയത് അന്ന് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.