വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച 3 നേതാക്കള്‍ക്കെതിരെ വധശ്രമക്കേസ്‌

 
C M attack
ഇന്നലെ കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ചതിന് പിടിയിലായ യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ വധശ്രമത്തിന് കേസ്. മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ.കെ നവീൻകുമാർ, മട്ടന്നൂർ മണ്ഡലം സെക്രട്ടറി സുനിത്ത് എന്നിവർക്കെതിരെയാണ് നടപടി. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലിന്റെ മൊഴിയുടെയും ഇൻഡിഗോ ഗ്രൗണ്ട് മാനേജറുടെ കത്തിന്റെ അടിസ്ഥാനത്തിലുമാണ് കേസെടുത്തത്. പ്രതികൾക്കെതിരെ വധശ്രമക്കുറ്റത്തിന് പുറമെ ഔദ്യോഗിക ഡ്യൂട്ടി തടസപ്പെടുത്തൽ, എയർക്രാഫ്റ്റ് സുരക്ഷയെ ബാധിക്കുന്ന അതിക്രമം, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തി. അതേസമയം വിമാനത്തിനകത്തെ പ്രതിഷേധത്തില്‍ വധശ്രമത്തിന്‌ കേസെടുക്കേണ്ടത്‌ ഇ.പി.ജയരാജനെതിരെയാണെന്ന്‌ മുന്‍ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല പ്രതികരിച്ചു. ഒരു അക്രമവും കാണിക്കാതെ മുദ്രാവാക്യം വിളിക്കുക മാത്രം ചെയ്‌തവരെ തള്ളിയിട്ട്‌ മര്‍ദ്ദിച്ചത്‌ ജയരാജനാണ്‌. കായികമായി നേരിട്ടതിന്‌ ജയരാജനെതിരെയാണ്‌ കേസെടുക്കേണ്ടത്‌-ചെന്നിത്തല പറഞ്ഞു.