സിദ്ദിഖ് കാപ്പന് ജാമ്യം

 ആറ് ആഴ്ചയ്ക്കു ശേഷം കേരളത്തിലേക്ക് മടങ്ങാം

 
kappan

യു.എ.പി.എ. കേസിൽ കഴിഞ്ഞ രണ്ട് വർഷമായി ജയിലിൽ കഴിയുന്ന മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജാമ്യത്തിൽ ഇറങ്ങി ആദ്യ ആറ് ആഴ്ച കാപ്പൻ ഡൽഹിയിൽ കഴിയണം. എന്നാൽ, അതിനുശേഷം സ്വദേശമായ മലപ്പുറത്തേക്ക് പോകാൻ സിദ്ദിഖ് കാപ്പന് അനുമതി നൽകി.
മൂന്ന് ദിവസത്തിനുള്ളിൽ സിദ്ദിഖ് കാപ്പനെ വിചാരണ കോടതിയിൽ ഹാജരാക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചു. തുടർന്ന് വിചാരണ കോടതി ജാമ്യം അനുവദിക്കണം. ജാമ്യത്തിൽ ഇറങ്ങുന്ന കാപ്പൻ ഡൽഹിയിലെ ജങ്ക്പുരയിൽ ആണ് ആദ്യ ആറ് ആഴ്ച കഴിയേണ്ടത്. എല്ലാ തിങ്കളാഴ്ചയും നിസാമുദ്ദീൻ പോലീസ് സ്റ്റേഷനിൽ ഹാജരാകണം. തുടർന്ന് ആറ് ആഴ്ചയ്ക്ക് ശേഷം സ്വദേശമായ മലപ്പുറത്തേക്ക് പോകാം. അവിടെയും പ്രാദേശിക പോലീസ് സ്റ്റേഷനിൽ ഹാജരാകണം. കാപ്പനോട് പാസ്പോർട്ട് വിചാരണ കോടതിയിൽ സമർപ്പിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചു.

യു.എ.പി.എ. കേസിൽ സിദ്ദിഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചുവെങ്കിലും, അദ്ദേഹത്തിന്റെ ജയിൽ മോചനം സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. കാപ്പനെതിരെ ഇ.ഡി. മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിനാൽ അതിൽ ജാമ്യം ലഭിക്കുന്നത് വരെ ജയിൽ മോചനം സാധ്യമാകില്ലെന്നാണ് യു.പി. സർക്കാർ വൃത്തങ്ങൾ പറയുന്നത്.

അതേസമയം, ആ കേസിലും ജാമ്യത്തിനായി കോടതിയെ സമീപിക്കാൻ സുപ്രീം കോടതി അനുമതി നൽകിയിട്ടുണ്ടെന്ന് സിദ്ദിഖ് കാപ്പന്റെ അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ ജാമ്യം ലഭിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് കാപ്പന്റെ കുടുംബവും അഭിഭാഷകരും. സിദ്ദിഖ് കാപ്പന് വേണ്ടി സീനിയർ അഭിഭാഷകൻ കപിൽ സിബൽ, അഭിഭാഷകൻ ഹാരിസ് ബീരാൻ എന്നിവരാണ് ഹാജരായത്. ഉത്തർപ്രദേശ് സർക്കാരിന് വേണ്ടി സീനിയർ അഭിഭാഷകൻ മഹേഷ് ജെഠ്മലാനിയും ഹാജരായി.