ഭരണഘടനാതത്വങ്ങള്‍ പാലിക്കാന്‍ ഗവര്‍ണറെ ഉപദേശിക്കണമെന്ന് ബിനോയ് വിശ്വം എം പി രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു

 
binoj
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ടപതിക്ക് പരാതി നല്‍കി എല്‍ഡിഎഫ്. ഭരണഘടനാതത്വങ്ങള്‍ പാലിക്കാന്‍ ഗവര്‍ണറെ ഉപദേശിക്കണമെന്ന് ബിനോയ് വിശ്വം എം പി രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. സര്‍ക്കാരുമായുള്ള ഒരു തുറന്ന പോര് ഭരണഘടനാ വിരുദ്ധമാണ്. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് രാഷ്ട്രപതിയുടെ ഇടപെടല്‍ അടിയന്തരമായി തന്നെ ഉണ്ടാകണം. രാജ്ഭവന്റെ ഔന്നിത്യവും മര്യാദയും കാത്തുസൂക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം.  

സംസ്ഥാന സര്‍ക്കാരിന്റെ ഭരണഘടന പ്രവര്‍ത്തനത്തില്‍ ഇടപെടുന്നത് തടയണം തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും കത്തില്‍ സൂചിപ്പിക്കുന്നത്. ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍ വരുന്നു. ഒരു വാര്‍ത്താ സമ്മേളനം നടത്തുന്നു. അതില്‍ ഒരു പ്രത്യേക രാഷ്ട്രീയത്തിന്റെ അജണ്ട വെച്ചുകൊണ്ട് അദ്ദേഹം സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്നു തുടങ്ങിയ ഗൗരവകരമായ പരാതിയാണ് ബിനോയ് വിശ്വം എംപി രാഷ്ട്രപതിക്ക് നല്‍കിയിരിക്കുന്നത്.

ഇന്നലെ ഗവര്‍ണറുടെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ അദ്ദേഹത്തിനെതിരെയുള്ള വിമര്‍ശനം കടുപ്പിച്ചിരിക്കുകയാണ്  എല്‍ഡിഎഫ് നേതാക്കള്‍. ഗവര്‍ണര്‍ക്കെതിരെ എല്ലാ സാധ്യതകളും തേടുന്നതിന്‍റെ ഭാഗമായാണ് ബിനോയ് വിശ്വം രാഷ്ട്രപതിയുടെ ഇടപെടല്‍ ആവശ്യപ്പെടുന്നത്.

സര്‍ക്കാരിന്‍റെ ഭരണഘടനാ പ്രവര്‍ത്തനത്തില്‍ ഗവര്‍ണര്‍ ഇടപെടുന്നത് തടയണം എന്നാണ് പരാതിയിലെ ആവശ്യം.അതേസമയം ഗവര്‍ണര്‍ക്കെതിരെ സിപിഎം എല്‍ഡിഎഫ് നേതാക്കള്‍ കടുത്ത വിമര്‍ശനം തുടരുമ്പോള്‍ ഗവര്‍ണറെ പിന്തുണച്ച് ബിജെപി നേതാക്കളും കൂട്ടത്തോടെ രംഗത്തെത്തി. ആര്‍എസ്എസ് നേതാക്കളെ പടിക്ക് പുറത്ത് നിര്‍ത്തിയിരുന്ന രാഷ്ട്രീയത്തിന്‍റെ കാലം കഴിഞ്ഞെന്ന് പറഞ്ഞാണ് സിപിഎം നേതാക്കളെ ബിജെപി നേരിടുന്നത്.

 ഗവർണർ ഗവർണറായി പ്രവർത്തിക്കണമെന്നും ആര്‍എസ്എസിന്‍റെ സ്വയം സേവകനായി പ്രവർത്തിക്കരുതെന്നുമാണ് എം വി ഗോവിന്ദന്‍ ഗവര്‍ണറെ വിമര്‍ശിച്ചത്. കോൺഗ്രസ്  ബിജെപി എന്നിവരുടെ പ്രതിനിധിയായി ഗവർണർ പ്രവർത്തിക്കരുതെന്നും ഭരണഘടനാപരമായ കാര്യങ്ങൾ നിർവഹിക്കണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഗവർണറെ ഉപയോഗിച്ച് ആർഎസ്എസ് ഭരണഘടന പ്രതിസന്ധി ഉണ്ടാക്കുകയാണെന്നും മന്ത്രി എം ബി രാജേഷും കുറ്റപ്പെടുത്തി.