സി.ബി.എസ്.ഇ 10, 12 പരീക്ഷാഫലം; പുനർ മൂല്യ നിർണയത്തിന് നാളെ മുതൽ അപേക്ഷിക്കാം

 
cbse

സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാഫലങ്ങളെ അടിസ്ഥാനമാക്കിയുള്ള പുനർമൂല്യനിർണയത്തിന് ഇപ്പോൾ അപേക്ഷിക്കാം. സി.ബി.എസ്.ഇ. വെബ്സൈറ്റിലൂടെ ചൊവ്വാഴ്ച മുതൽ ഓൺലൈനായി അപേക്ഷിക്കാം. ഫീസും ഓൺലൈനായി അടയ്ക്കണം. ടേം രണ്ട് പരീക്ഷാഫലം മാത്രമാണ് പുനർമൂല്യനിർണയത്തിനു വിധേയമാക്കുക. ഒരു മാർക്ക് വ്യത്യാസം വന്നാൽ പോലും പുതിയ മാർക്കു പട്ടിക നൽകും.

മൂന്നുഘട്ടമായിട്ടാണ് സി.ബി.എസ്.ഇ. പുനർമൂല്യനിർണയം നടത്തുന്നത്. ആദ്യഘട്ടത്തിൽ മാർക്കുകൂട്ടിയതിൽ പിശകുണ്ടോയെന്നാകും പരിശോധിക്കുക. അതിന്റെ ഫലപ്രഖ്യാപനത്തിനു പിന്നാലെ ഉത്തരക്കടലാസിന്റെ ഫോട്ടോക്കോപ്പിക്ക് അപേക്ഷിക്കാം. ഈ ഉത്തരക്കടലാസ് പരിശോധിച്ചു പുനർമൂല്യനിർണയം ആവശ്യമുള്ള ചോദ്യങ്ങൾ കണ്ടെത്തി അപേക്ഷ നൽകുന്നത് മൂന്നാംഘട്ടത്തിലാണ്. ഏതുഘട്ടത്തിലും തുടർന്നുള്ള പരിശോധനകൾ വേണ്ടെന്നുവെക്കാനും അവസരമുണ്ട്. എന്നാൽ, ആദ്യഘട്ടത്തിൽ അപേക്ഷിക്കുന്നവർക്കു മാത്രമേ തുടർന്നുള്ള പരിശോധനകളിലേക്കു നീങ്ങാൻ അവസരം ലഭിക്കൂ.

പത്ത്, പന്ത്രണ്ട് പരീക്ഷകളിലെ മാർക്ക് സംബന്ധമായ പുനർമൂല്യനിർണയ പരിശോധനയ്ക്ക് ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ അപേക്ഷിക്കാം. ഓരോ വിഷയത്തിനും 500 രൂപ വീതമാണ് ഫീസ്. ഉത്തരക്കടലാസിന്റെ പകർപ്പിനുള്ള അപേക്ഷ ഓഗസ്റ്റ് എട്ട്, ഒമ്പത് തീയതികളിൽ സ്വീകരിക്കും.

ഇതിന് ഓരോ വിഷയത്തിനും പത്താം ക്ലാസിന് 500 രൂപയും പന്ത്രണ്ടാം ക്ലാസിന് 700 രൂപയും വീതമാണ് ഫീസ്. തിരഞ്ഞെടുത്ത ചോദ്യങ്ങൾ വീണ്ടും മൂല്യനിർണയം നടത്തുന്നതിനുള്ള അപേക്ഷ ഓഗസ്റ്റ് 13, 14 തീയതികളിൽ സമർപ്പിക്കാം. ഓരോ ചോദ്യത്തിനും 100 രൂപവീതമാണ് ഫീസ്. മൂല്യനിർണയത്തിന് സി.ബി.എസ്.ഇ. സ്വീകരിച്ച മാനദണ്ഡങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. ഇതുകൂടി പരിശോധിച്ചുവേണം പുനർമൂല്യനിർണത്തിന് അപേക്ഷിക്കേണ്ടത്.

സി.ബി.എസ്.ഇ. മാർക്ക് നിർണയം ഇങ്ങനെ

പത്ത്, പന്ത്രണ്ട് പരീക്ഷകളുടെ മാർക്ക് നിർണയത്തിന്റെ വിശദാംശങ്ങൾ സി.ബി.എസ്.ഇ. പ്രസിദ്ധപ്പെടുത്തി. രണ്ടു ടേം പരീക്ഷകളുടെയും മാർക്ക് ഇരട്ടിയാക്കിയശേഷം ആദ്യ ടേമിന്റെ 30 ശതമാനവും രണ്ടാം ടേമിന്റെ 70 ശതമാനവും എടുത്ത് ഇതിനൊപ്പം ഇരു ടേമുകളിലെയും പ്രാക്ടിക്കലിന്റെ മാർക്കുകൂടി ചേർത്താണ് അന്തിമ മാർക്കു പട്ടിക തയ്യാറാക്കിയത്.

ഉദാഹരണം: പത്താം ക്ലാസിൽ രണ്ടു ടേം പരീക്ഷകളിലും പരമാവധി മാർക്ക് 40 ആയിരുന്നു. പ്രാക്ടിക്കലിന്റെ മാർക്ക് പരമാവധി 20. ഇതിൽ ആദ്യ ടേമിൽ 30, രണ്ടാം ടേമിൽ 20 എന്നിങ്ങനെ മാർക്ക് കിട്ടിയ കുട്ടിക്ക് പ്രാക്ടിക്കലിന് 17 മാർക്കും ആണെങ്കിൽ ഫലനിർണയം ഇങ്ങനെ. ആദ്യ ടേമിൽ കിട്ടിയ 30 മാർക്കിന്റെ ഇരട്ടിയായ 60-ന്റെ 30 ശതമാനം = 18. രണ്ടാം ടേമിൽ കിട്ടിയ 20 മാർക്കിന്റെ ഇരട്ടിയായ 40-ന്റെ 70 ശതമാനം = 28. രണ്ടും കൂട്ടിക്കിട്ടിയ 46-നൊപ്പം പ്രാക്ടിക്കൽ മാർക്കായ 17 ചേർക്കുമ്പോൾ ആകെ 63 മാർക്ക്.