സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും

ആലപ്പുഴയിലെ സംഘടനാ പ്രശ്നം ചര്‍ച്ചയാകും
 
AKG_centra

വിവാദമായ സംഘടന പ്രശ്‌നങ്ങള്‍ ഉയരുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്. പാര്‍ട്ടിയെ വെട്ടിലാക്കിയ ആലപ്പുഴയിലെ പ്രശ്‌നങ്ങളടക്കം നിലനില്‍ക്കെ നിര്‍ണായകമാണ് ഇന്നത്തെ സെക്രട്ടേറിയറ്റ്. നേതൃത്വവുമായുള്ള ഭിന്നതയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അംഗങ്ങള്‍ പാര്‍ട്ടി വിട്ടു പോയതും പാര്‍ട്ടി നേതാവിന്‍റെ ലഹരി മാഫിയ ബന്ധവുമാണ് ആലപ്പുഴയില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നത്.

ലഹരിക്കെതിരെ പ്രചാരണം ശക്തമാക്കുന്നതിനിടെയാണ് പാര്‍ട്ടിയെ വെട്ടിലാക്കി ആലപ്പുഴയില്‍ പാര്‍ട്ടി പ്രവര്‍ത്തകനെ ലഹരിയുമായി പിടികൂടിയത്. കരുനാഗപ്പള്ളി ലഹരി കേസ് പ്രതിയായ ഇജാസിനെ പാര്‍ട്ടി പുറത്താക്കുകയും ഏരിയ കമ്മറ്റിയംഗം ഷാനവാസിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്‌തിരുന്നു. കൂടുതല്‍ തിരുത്തല്‍ നടപടികളിലേക്ക് നീങ്ങാന്‍ സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയേക്കും.

അതേസമയം, എല്‍ഡിഎഫ് നേതൃയോഗവും ഇന്ന് ചേരുന്നുണ്ട്. വൈകീട്ട് മൂന്നിന് എകെജി സെന്ററിലാണ് യോഗം ചേരുക. കേരള വികസനത്തിനായി തയാറാക്കിയ മാര്‍ഗ രേഖയാകും യോഗത്തിന്റെ പ്രധാന അജണ്ട. ബഫര്‍ സോണുമായി ബന്ധപ്പെട്ട ആശങ്കകളും യോഗം ചര്‍ച്ച ചെയ്‌തേക്കും.