എല്ലാവരെയും ഒറ്റയടിക്കു സഹായിക്കാന്‍ കഴിയില്ല;ഫ്യൂചര്‍ പ്ലാന്‍ വ്യക്തമാക്കി ഓണം ബംപര്‍ നേടിയ അനൂപ്

 
anoop

ഇത്തവണ ഓണം ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചത് തിരുവനന്തപുരത്തെ ശ്രീവരാഹം സ്വദേശിയായ അനൂപിനാണ്. ഒന്നാം സമ്മാനം നേടിയതിന്റെ ആഹഌദവും അനുമോദനവും തുടരുമ്പോഴും അനൂപ് തന്റെ ഭാവിപരിപാടികളെ കുറിച്ച് ആലോചിക്കുന്നുണ്ട്.നറുക്കെടുപ്പ് ഫലം അറിഞ്ഞ ദിവസത്തെ മൂഡല്ല പിറ്റേന്ന്. സന്തോഷം വിട്ടുമാറുന്നില്ല. ഒന്നിനും സമയവും കിട്ടുന്നില്ല. ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിച്ച് തീരുമാനിക്കുമെന്ന് അനൂപ് പറഞ്ഞു.


ഇനിയും ഓട്ടോറിക്ഷ ഓടിക്കാന്‍ തന്നെയാണ് അനൂപിന്റെ ആലോചന. വാഹനം നന്നാക്കിയിട്ട് വേണം ഓടിക്കാനെന്നും അനൂപ് പറഞ്ഞു. ഭാഗ്യക്കുറിയുടെ തുക കിട്ടിയിട്ട് തുടര്‍ന്നുള്ള കാര്യങ്ങള്‍ തീരുമാനിക്കും. സഹായിക്കണമെന്ന ആവശ്യവുമായി നിരവധിപേര്‍ എത്തുന്നുണ്ട്. എല്ലാവരെയും ഒറ്റയടിക്കു സഹായിക്കാന്‍ കഴിയില്ല. സ്വന്തമായി എന്തെങ്കിലും ചെയ്ത ശേഷമാകും മറ്റു കാര്യങ്ങള്‍. ഹോട്ടല്‍ തുടങ്ങുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് അനൂപ് പറഞ്ഞു.ടിക്കറ്റ് സമര്‍പ്പിച്ച് മണിക്കൂറുകള്‍ക്കകം സമ്മാനത്തുക അക്കൗണ്ടിലേക്ക്.

ഓണം ബമ്പറിന്റെ സമാശ്വാസ സമ്മാനത്തുകയായ അഞ്ച് ലക്ഷം രൂപയാണ് ടിക്കറ്റ് സമര്‍പ്പിച്ച് അഞ്ച് മണിക്കൂറിനകം രഞ്ജിത വി നായര്‍ എന്ന വിജയിക്ക് ലഭിച്ചത്. തിങ്കളാഴ്ചയാണ് രഞ്ജിത ടിക്കറ്റ് സമര്‍പ്പിച്ചത്.ഒന്നാം സമ്മാനം നേടിയ 750605 എന്ന നമ്പറുള്ള മറ്റൊരു സീരീസിലുള്ള ടിക്കറ്റാണ് രഞ്ജിതയും എടുത്തത്. ഒന്നാം സമ്മാനം നേടിയ 750605 എന്ന നമ്പറിന്റെ മറ്റ് ഒമ്പത് സീരീസിലുള്ള ടിക്കറ്റുകള്‍ക്കാണ് സമാശ്വാസ സമ്മാനമായ അഞ്ച് ലക്ഷം ലഭിക്കുക. നികുതി കിഴിച്ച് 3.15 ലക്ഷമാണ് ഇവര്‍ക്ക് ലഭിക്കുക. നറുക്കെടുപ്പ് നടന്ന് മൂന്ന് ദിവസത്തിനകം വിജയികള്‍ക്ക് സമ്മാനത്തുക അക്കൗണ്ടില്‍ ലഭിക്കുന്ന സംവിധാനം ആഗസ്റ്റ് 22നാണ് ആരംഭിച്ചത്.