സിമന്റ് വില വർധിക്കുന്നു; നിർമാണ മേഖല പ്രതിസന്ധിയിൽ

കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു ചാക്ക് സിമന്‍റിന് 100 രൂപയിലധികം വർദ്ധനവുണ്ടായി. രണ്ടുമാസത്തെ വർദ്ധനവ് 30 രൂപയ്ക്ക് മുകളിലാണ്. കൊവിഡിന് ശേഷം നിർമ്മാണ മേഖല സജീവമായതോടെയാണ് സിമന്‍റ് വില ഉയരാൻ തുടങ്ങിയത്. ഇരുമ്പിന്റെ ഉൾപ്പെടെയുള്ള സാധനങ്ങളുടെ വിലയും ഉയരാൻ തുടങ്ങിയതോടെ നിർമ്മാണ മേഖല കടുത്ത പ്രതിസന്ധിയിലാണ്.
നിർമ്മാണ സാമഗ്രികളുടെ വില വർദ്ധനവ് സാധാരണക്കാരെയും വീടുകളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന വൻകിട കരാറുകാരെയും ഒരുപോലെ ബാധിച്ചിട്ടുണ്ട്. കോൺക്രീറ്റ് ബ്ലോക്കുകളുടെയും ഇന്‍റർലോക്കുകളുടെയും നിർമ്മാണവും ഇടിഞ്ഞു.
50 കിലോ സിമന്‍റ് ചാക്കിന്‍റെ ശരാശരി ചില്ലറ വില ഇപ്പോൾ ഏകദേശം 450 രൂപയാണ്. സമാനമായ രീതിയിൽ വില ഉയർന്നാൽ അടുത്ത മാസത്തോടെ വില 500 രൂപയിലെത്തുമെന്ന് വ്യാപാരികൾ പറയുന്നു. ചില ബ്രാൻഡുകളുടെ വില കഴിഞ്ഞ മാസം നേരിയ തോതിൽ കുറഞ്ഞെങ്കിലും ഇപ്പോൾ സാധാരണ നിലയിലേക്ക് തിരിച്ചെത്തി.
വിലക്കയറ്റം രൂക്ഷമായിട്ടും നിര്‍മാണ മേഖലയെ സംരക്ഷിക്കാന്‍ ആവശ്യമായ യാതൊരു നടപടിയും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്ന് നിര്‍മാണ മേഖലയിലെ എഞ്ചിനീയര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും സംഘടനയായ ലെന്‍സ്‌ഫെഡ് കുറ്റപ്പെടുത്തുന്നു. നിര്‍മാണ മേഖലയിലെ മിക്ക ഉത്പന്നങ്ങള്‍ക്കും ഇതര സംസ്ഥാനങ്ങളെയാണ് കേരളം ആശ്രയിക്കുന്നത്. ഇത് സിമന്റ്, സ്റ്റീല്‍ ഉത്പാദകര്‍ പരമാവധി മുതലെടുക്കുന്നുണ്ട്.