'ഷാര്‍ജാ ഭരണാധികാരിയുമായി മുഖ്യമന്ത്രിക്ക് ഗാഢ ബന്ധം, മകളുടെ സംരംഭത്തിന് സഹായം അഭ്യര്‍ത്ഥിച്ചു'; സ്വപ്‌നയുടെ സത്യവാങ്മൂലത്തിലെ ആരോപണങ്ങള്‍

 
sup
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണങ്ങളുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് നല്‍കിയ സത്യവാങ്മൂലം പുറത്ത്. എന്തുകൊണ്ട് തനിക്ക് രഹസ്യമൊഴി നല്‍കണമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള സത്യവാങ്മൂലമാണ് സ്വപ്ന നല്‍കിയത്. ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷം തന്റെ ജീവന് ഭീഷണിയുണ്ടെന്നും ഈ ആശങ്കയില്‍ കോടതിയില്‍ തനിക്ക് ചില കാര്യങ്ങള്‍ കൂടി വെളിപ്പെടുത്താനുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുമ്പാകെ സത്യവാങ് മൂലം നല്‍കിയതിന് പിന്നാലെയാണ് കോടതി രഹസ്യമൊഴി നല്‍കാന്‍ സ്വപ്നയെ അനുവദിച്ചത്. 164ന് മുമ്പ് നല്‍കിയ സത്യവാങ്മൂലത്തില്‍ ഉന്നയിക്കുന്നത് പ്രധാനമായും അഞ്ച് ആരോപണങ്ങളാണ്. സ്വപ്‌ന സുരേഷ് തന്നെ രഹസ്യമൊഴി നല്‍കിയ ശേഷം മാധ്യമങ്ങളിലൂടെ ഈ ആരോപണം ഉന്നയിച്ചിരുന്നു. '2016ല്‍ മുഖ്യമന്ത്രി യുഎഇ സന്ദര്‍ശിച്ചു. സന്ദര്‍ശനത്തിന്റെ ആദ്യ ദിവസം തന്നെ മുഖ്യമന്ത്രി ഒരു ബാഗ് മറന്നുപോയി എന്ന് അറിയിച്ചു. അന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ ഇക്കാര്യം കോണ്‍സുലാര്‍ ജനറലിന്റെ ഓഫീസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഒരു ബാഗ് മറന്നുപോയി എന്നും ആ ബാഗ് യുഎഇയിലേക്ക് എത്തിക്കണമെന്നും കോണ്‍സുല്‍ ജനറലിന്റെ ഓഫീസിനോട് ആവശ്യപ്പെട്ടു. അതിനേത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ബാഗ് കോണ്‍സുല്‍ ജനറലിന്റെ ഓഫീസിലെത്തുന്നു. ഈ ബാഗ് സ്‌കാനിങ്ങ് മെഷീനിലൂടെ കടത്തിവിട്ടപ്പോള്‍ അതില്‍ കറന്‍സിയാണ് എന്ന് മനസിലായെന്നും സ്വപ്‌ന സുരേഷ് ആരോപിക്കുന്നു. 'തിരുവനന്തപുരം കവടിയാര്‍ ജവഹര്‍ നഗറിലുള്ള കോണ്‍സുല്‍ ജനറലിന്റെ വസതിയില്‍ നിന്ന് കോണ്‍സുല്‍ ജനറല്‍ ബിരിയാണി കൊടുത്തയച്ചു. ബിരിയാണി പാത്രത്തിന്റെ വലുപ്പം 2/2 ആയിരുന്നു. വലുപ്പമുള്ള ഒരു പാത്രത്തിലാണ് ബിരിയാണി അല്ലെങ്കില്‍ സമ്മാനം കൊണ്ടുപോയത്. ഫോയില്‍ പേപ്പറില്‍ അടച്ചുകെട്ടിയതിനാല്‍ കൊണ്ടുപോകുന്ന ആള്‍ക്ക് എന്താണ് ആ പാത്രത്തിലുള്ളത് എന്ന് വ്യക്തമായില്ല. കുറച്ചധികം പേര്‍ താങ്ങിയെടുത്താണ് കോണ്‍സുലാര്‍ ജനറലിന്റെ വലിയ വാഹനത്തില്‍ പാത്രം കൊണ്ടുപോയത്. 'ബിരിയാണി സമ്മാനം' എത്തുന്നത് വരെ കോണ്‍സുലര്‍ ജനറല്‍ അസ്വസ്ഥനായിരുന്നു.' 2017 സെപ്റ്റംബര്‍ 27ന് ഷാര്‍ജാ ഭരണാധികാരി ക്ലിഫ് ഹൗസിലെത്തി. അദ്ദേഹം ആദ്യം കോഴിക്കോടാണ് സന്ദര്‍ശിക്കാനിരുന്നത്. പക്ഷെ, പിന്നീട് തിരുവനന്തപുരത്തേക്ക് സന്ദര്‍ശനം മാറ്റി. ഷാര്‍ജാ ഭരണാധികാരിയുടെ പരിപാടിയില്‍ ക്ലിഫ് ഹൗസ് സന്ദര്‍ശനം ഉണ്ടായിരുന്നില്ല. സെപ്റ്റംബര്‍ 27-ാം തീയതി ഷാര്‍ജാ ഭരണാധികാരി മുഖ്യമന്ത്രിയുമായും കുടുംബാംഗങ്ങളുമായും കൂടിക്കാഴ്ച്ച നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ, മകള്‍, നളിനി നെറ്റോ, എം ശിവശങ്കര്‍ എന്നിവരുമായാണ് ക്ലിഫ് ഹൗസിലെ അടച്ചിട്ട മുറിയില്‍ കൂടിക്കാഴ്ച്ച നടത്തിയത്. കൂടിക്കാഴ്ച്ചയ്ക്കിടെ മുഖ്യമന്ത്രി മകള്‍ക്ക് വേണ്ടി ഐടി സംരംഭം തുടങ്ങാന്‍ ഷാര്‍ജാ ഭരണാധികാരിയില്‍ നിന്ന് സഹായം തേടി. (കൂടിയാലോചനയില്‍ സ്വപ്‌ന സുരേഷ് ഇല്ല). ഐടി സംരംഭം ആവശ്യവുമായി മുഖ്യമന്ത്രി ഷാര്‍ജാ ഐടി മന്ത്രിയേയും സമീപിച്ചു. ഷാര്‍ജാ ഭരണാധികാരിയെ പ്രീതിപ്പെടുത്താന്‍ സ്വര്‍ണം അടക്കമുള്ള സമ്മാനങ്ങള്‍ മുഖ്യമന്ത്രിയുടെ കുടുംബം ഓഫര്‍ ചെയ്തു. അവര്‍ സ്വീകരിച്ചില്ല. ഐടി ഹബ്ബ് നടന്നില്ല. ഷാര്‍ജാ ഭരണാധികാരിയുടെ കുടുംബാംഗങ്ങളുടെ എതിര്‍പ്പിനേത്തുടര്‍ന്നാണ് ഇത് ഉപേക്ഷിച്ചത്.'