കുട്ടികൾ അത്യന്തം കരുതലോടെ ഇന്റെർനെറ്റ് ഉപയോ​ഗിക്കണം; ജസ്റ്റിസ്റ്റ് ദേവൻ രാമചന്ദ്രൻ

 കുട്ടികൾക്ക് വേണ്ടിയുള്ള സൈബർ സുര​ക്ഷ ബോധവൽകരണ പദ്ധതി   കൂട്ട്  കൊച്ചി മേഖലയ്ക്ക് തുടക്കമായി
 
police

കോവിഡ 19 മഹാമാരിയെ തുടർന്ന്  കുട്ടികൾക്കിടയിൽ അതിവേ​ഗം വളർന്ന ഇന്റെർനെറ്റ് ഉപയോ​ഗം അവരെ വിവിധ തരത്തിലുള്ള ചൂഷണങ്ങളിലേക്കാണ് നയിക്കുന്നതെന്നും, ഇത്തരം ചൂഷണങ്ങൾക്കെതിരെ കുട്ടികൾ ‍‍​‍‍ജാ​ഗ്രത പാലിക്കണമെന്നും കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ​​ദേവൻ രാമചന്ദ്രൻ പറഞ്ഞു.  കുട്ടികളുടെ സൈബർ സുരക്ഷയ്ക്ക് വേണ്ടി കേരള പോലീസ് നടപ്പിലാക്കുന്ന  കൂട്ട് പദ്ധതിയുടെ  കൊച്ചി മേഖല ബോധവൽക്കരണ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇന്റെർനെറ്റിൽ ഒന്നും ഒളിച്ച് വയ്ക്കാനാകില്ലെന്നും  ഓൺലൈനിൽ നമ്മൾ ചെയ്യുന്നതെല്ലാം   ലോകം മുഴുവൻ കാണുന്നുണ്ടെന്നും എല്ലാവരും മനസ്സിലാക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.  കൊവിഡ് മഹാമാരി എല്ലാ മേഖലയേയും മാറ്റി മറിച്ചു. പഠനവും ജോലിയും എല്ലാം ഇന്റർനെറ്റ് വഴിയായി.  വിദ്യാർത്ഥികൾക്ക് ഓൺലൈൻ വളരെ ആവശ്യമുള്ളതായി മാറുകയും ചെയ്തു. എന്നാൽ പഠനത്തിനുപരിയായി കുട്ടികൾ ദിവസവും 8 മണിക്കൂറിലധികം ഓൺലൈൻ ചിലവിടുന്നത് ആശങ്കാവഹമാണെന്നും,  ഇത്തരം അവസ്ഥ കുട്ടികളെ ശാരീരിക മാനസ്സിക  പ്രശ്നങ്ങളിലേക്ക് കൊണ്ടെത്തിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുഴുവൻ സമയം ഇന്റർനെറ്റിന് മുന്നിൽ ചിലവഴിക്കാതെ സുഹൃത്തുക്കളോടൊപ്പം പുറത്ത് ചിലവഴിക്കുകയും, മറ്റ് ഉല്ലാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും വേണമെന്നും അദ്ദേഹം കുട്ടികളോട് ആയി പറഞ്ഞു. ഇത്തരത്തിൽ കുട്ടികളുടെ സൈബർ സുരക്ഷയ്ക്ക് വേണ്ടി പ്രാധാന്യം നൽകുന്ന കേരള പോലീസിന്റെ പ്രവർത്തനം രാജ്യത്തിന് തന്നെ മാതൃകയാണെന്നും കുട്ടികളെ തന്നെ ഇതിന്റെ ബ്രാൻഡ് അംബാസിഡർമാർ ആക്കി പ്രവർത്തനം മുന്നോട്ട് കൊണ്ട് പോകുന്നത് അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാന പോലീസ് മേധാവി   അനിൽകാന്ത് ഐപിഎസ്  അധ്യക്ഷത വഹിച്ച ചടങ്ങിൽ  ബെച്പൻ ബെചാവോ ആന്തോളൻ സി.ഇ.ഒ. രജ്നി സേഖ്രി സിബർ ഐഎഎസ് (റിട്ട),  വിജിലൻസ് ഡയറക്ടർ ശ്രീ മനോജ് എബ്രഹാം ഐപിഎസ്, എന്നിവർ സംസാരിച്ചു, സൗത്ത് സോൺ ഐ ജി ശ്രീ പി. പ്രകാശ് ഐപിഎസ് സ്വാ​ഗതവും, ഡിഐജി  ശ്രീമതി. ആർ നിശാന്തിനി ഐപിഎസ് നന്ദിയും രേഖപ്പെടുത്തി.

കുട്ടികൾക്ക് എതിരെയുള്ള ലൈം​ഗികാതിക്രമണ വീഡിയോകൾ തടയുന്നതിന് വേണ്ടി   സംസ്ഥാനത്ത് പോലീസ് നടത്തി വരുന്ന ഓപ്പറേഷൻ പി- ഹണ്ടിൽ  ഓൺലൈൻ  കേസുകൾ വർദ്ധിച്ച് വരുന്ന  സാഹചര്യത്തിലാണ്  കുട്ടികൾക്ക്  ബോധവത്കരണം നടത്തുന്നതിന് വേണ്ടി കൂട്ട് എന്ന പേരിൽ  സൈബർ സുരക്ഷാ പദ്ധതി സംഘടിപ്പിക്കുന്നത്.

അപക്വമായ ഇത്തരം  ഇന്റെർനെറ്റ് ഉപയോഗത്തിന്റെ ഇരകളിൽ ഭൂരിപക്ഷവും കൗമാരക്കാരായ കുട്ടികളാണ് എന്ന വ‌സ്തുത മനസ്സിലാക്കി സ്കൂൾ തലത്തിൽ കുട്ടികൾക്ക് ഓൺലൈൻ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ അവബോധം സൃഷ്ടിച്ചെടുക്കുകയാണ്  പദ്ധതി ലക്ഷ്യമിടുന്നത്. ഓരോ ജില്ലയിലെയും തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ കുട്ടികൾക്കും, അദ്ധ്യാപകർക്കും, രക്ഷിതാക്കൾക്കും ആധുനിക സാങ്കേതിക വിദ്യകളിലൂടെ അവബോധം നൽകി ഓൺലൈൻ ചൂഷണങ്ങളെ ശക്തമായി നേരിടാൻ സജ്ജമാക്കുക എന്നതാണ് ആദ്യ ഘട്ടത്തിലെ ലക്ഷ്യം.
സംസ്ഥാനത്ത്  ഏറ്റവും കൂടുതൽ കുട്ടികൾ ഓൺലൈൻ ചൂഷണങ്ങൾക്ക് ഇരയായ ജില്ലകളിലെ സ്കൂളുകളിൽ  ഓൺലൈനായും ഓഫ്‌ലൈനായും ബോധവക്തരണം നടത്തും.

കുട്ടികളെ ഓൺലൈൻ വഴിയുള്ള ചതിക്കുഴികളും, അപകടങ്ങളും മനസ്സിലാക്കാനും ഒഴിവാക്കാനും പ്രാപ്‌തമാക്കുന്ന കാര്യങ്ങൾ പഠിപ്പിക്കുന്നതോടൊപ്പം,  സോഷ്യൽ മീഡിയയിൽ കുട്ടികളുടെ ഐഡന്റിറ്റി സുരക്ഷിതമാക്കുന്നതിനുള്ള ക്ലാസുകൾ, രക്ഷാകർതൃ നിയന്ത്രണത്തെക്കുറിച്ചുള്ള ക്ലാസുകൾ, ഓൺലൈൻ സോഷ്യൽ മീഡിയ സമീപനങ്ങളുടെ അപകടങ്ങൾ തുടങ്ങിയവയും പരിശീലിപ്പിക്കും. ഓഫ്‌ലൈൻ ക്ലാസുകൾ CCSE യൂണിറ്റ് അംഗങ്ങൾ, മെറ്റാ ടീമം​ഗങ്ങൾ, ചൈൽഡ് വെൽഫെയർ ഓഫീസർമാർ, INKER Robotics, BODHINI അംഗങ്ങൾ എന്നിവരാണ് നടത്തുക. ഓൺലൈൻ ക്ലാസുകളിൽ അവതരണം, ടെസ്റ്റുകൾ, ഇൻറർനെറ്റിൽ ഒരാളുടെ ഐഡന്റിറ്റി എങ്ങനെ സംരക്ഷിക്കാം എന്നതിനെക്കുറിച്ചുള്ള തത്സമയ പ്രദർശനങ്ങൾ, കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നന്നായി നിരീക്ഷിക്കുന്നതിനുള്ള മാതാപിതാക്കൾക്കുള്ള സെഷനുകൾ എന്നിവയാണ് കൂട്ട് പദ്ധതി വഴി നടപ്പാക്കുന്നത്.

ആധുനിക ഐടി സാധ്യതകൾ   ഉപയോഗിച്ച് മികച്ച സൈബർ അവബോധം സൃഷ്ടിക്കുന്നതിന്  ഊന്നൽ നൽകുന്ന പദ്ധതി രണ്ട് ഘട്ടങ്ങളിലായാണ് നടപ്പാക്കുക.ആദ്യ ഘട്ടത്തിൽ   സെമിനാർ, വർക്ക്ഷോപ്പുകൾ, ഹാൻഡ്‌ഹെൽഡ് ട്രെയിനിംഗ് മുതലായവ ഉൾപ്പെടുന്നു. പരിപാടിയുടെ ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയാക്കിയ ശേഷം, പരിപാടിയുടെ ഫേസ് 2, ഫേസ് 3 എന്നിവ മലപ്പുറത്തും കോഴിക്കോടും നടത്തും.
           
ഇത്തരം കുറ്റകൃത്യങ്ങളിൽ പ്രോസിക്യൂഷന് ശേഷം ഇരകളിൽ പലർക്കും ജീവിതത്തിൽ കൂടുതൽ പുരോഗതി കൈവരിക്കാൻ  ആവശ്യമായ നിയമപരമോ ധാർമ്മികമോ മാനസികമോ ആയ പിന്തുണ ലഭിക്കുന്നില്ല.  ആയതിനാൽ മിക്കവരും   കേസ് പിൻവലിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.  ഇത് ഒഴിവാക്കുന്നതിന് വേണ്ടി ഇരകൾക്കും അവരുടെ മാതാപിതാക്കൾക്കും ആവശ്യമായ നിയമപരവും ധാർമ്മികവുമായ പിന്തുണ നൽകുന്നതിനുള്ള  സൗജന്യ കൗൺസിലിംഗ് ഈ പദ്ധതിയിലൂടെ ലഭ്യമാക്കും.