ഐഐഎംഎഫ് വിളംബരമായി രാജ്യത്തെ ആദ്യ സൈക്കിൾ ഡിജെ

 
pp

ഇന്ത്യയില്‍ ആദ്യമായി സംഘടിപ്പിക്കുന്ന സൈക്കിള്‍ ഡീജെയിങ്ങിനു തിരുവനന്തപുരം സാക്ഷിയായി. രാവിലെ 6.30ന് തിരുവനന്തപുരം മാനവീയം വീഥിയിൽ നടന്ന പരിപാടിയിൽ 150-ഓളം സൈക്ലിസ്റ്റുകളും റോളർ സ്കേറ്റർമാരും പങ്കെടുത്തു. കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ നവംബർ 9 മുതൽ 13 വരെ നടക്കുന്ന ഇൻ്റർനാഷണൽ ഇൻഡീ മ്യൂസിക് ഫെസിവലി(IIMF)ൻ്റെ പ്രചാരണാർത്ഥമാണ് സൈക്കിൾ ഡിജെയിങ് സംഘടിപ്പിച്ചത്. 

ട്രിവാൻഡ്രം ബൈ സൈക്കിൾ മേയർ പ്രകാശ് പി. ഗോപിനാഥ് ഫ്ലാഗ് ഓഫ് ചെയ്ത പരിപാടിയിൽ ഡീജെ രാഹുൽ സൈക്കിളില്‍ സഞ്ചരിച്ചു ഡീജെയിങ് ചെയ്തു. റോളർ സ്കേറ്റർമാരും സൈക്കിളിസ്റ്റുകൾക്കൊപ്പം നൃത്തം ചെയ്തു. ഇൻഡസ് സൈക്ലിങ് എംബസി, ബിയോൺഡ് സെവൻ, സ്കേറ്റ് ഡെലിക്സ് എന്നിവയുടെ സഹകരണത്തോടെ ആയിരുന്നു പരിപാടി. ഫ്ലാഗ് ഓഫ് ചടങ്ങിൽ കോട്ടൺ ഹിൽ ഹൈ സ്കൂൾ എട്ട് ഡിയിലെ വിദ്യാർത്ഥിനി എസ്. ആർദ്രാ സുരേഷിന് ക്രാഫ്റ്റ്സ് വില്ലേജ് സൈക്കിൾ സമ്മാനിച്ചു.

‘ഡീജെ ഓണ്‍ എ ബൈക്ക്’ എന്ന് അറിയപ്പെടുന്ന യുകെസ്വദേശി ഡോം വൈറ്റിങ് വിദേശങ്ങളില്‍ പ്രചാരത്തിലാക്കിയതാണ് സൈക്കിള്‍ ഡീജെയിങ്. ഡിസ്‌ക് ജോക്കി എന്ന് അര്‍ത്ഥം വരുന്ന ഡീജെ എന്നത് റെക്കോര്‍ഡ് ചെയ്ത സംഗീതം തെരഞ്ഞെടുത്ത് പ്രത്യേക മിക്‌സറുകളുടെ സഹായത്തോടെ പ്രേക്ഷകരെ കേള്‍പ്പിക്കുന്നവരാണ്.
 

കേരളത്തിൻ്റെ ആദ്യ രാജ്യാന്തര ഇൻഡീ സംഗീതോത്സവമാണ് ഐഐഎംഎഫ്. ഇൻഡ്യയ്ക്കു പുറത്തുനിന്നുള്ള ഏഴു പ്രമുഖ ബാൻഡുകൾക്കും ഗായകർക്കും ഒപ്പം ഇൻഡ്യയിലെ 14 പ്രമുഖ ബാൻഡുകളും സംഗീതപരിപാടികൾ അവതരിപ്പിക്കും. ഇൻഡീ സംഗീതത്തിൻ്റെ രാജ്യാന്തരജിഹ്വയായ ലേസീ ഇൻഡീ മാഗസീനിൻ്റെ സഹകരണത്തോടെയാണ് ഇൻ്റർനാഷണൽ ഇൻഡീ മൂസിക് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

റോക് സംഗീഹേതിഹാസം എറിക് ക്ലാപ്റ്റണിൻ്റെ അനന്തരവൻ യുകെയിലെ വിഖ്യാതനായ വിൽ ജോൺസ് (Wil Johns), അമേരിക്കയിലെ ജനപ്രിയ ഹാർഡ് റോക്ക് ഗായകൻ സാമി ഷോഫി (Sami Chohfi), മറ്റൊരു ബ്രിട്ടിഷ് ബാൻഡായ റെയ്ൻ (Rane), മലേഷ്യയിൽനിന്നു ലീയ മീറ്റ (Lyia Meta), പാപ്പുവ ന്യൂ ഗിനിയിൽനിന്ന് ആൻസ്ലോം (Anslom), സിംഗപ്പൂരിൽനിന്നു രുദ്ര (Rudra), ഇറ്റലിയിൽനിന്ന് റോക് ഫ്ലവേഴ്സ് (Roc Flowers) എന്നീ ബാൻഡുകളും ഗായകരുമാണു വിദേശത്തുനിന്ന് എത്തുന്നത്. അന്താരാഷ്ട്രപുരസ്ക്കാരങ്ങൾ നേടിയ, സ്വന്തം രാജ്യങ്ങളിൽ ഏറെ ആസ്വാദകരുള്ള ഗായകരാണിവർ.

പങ്കെടുക്കുന്ന ഇൻഡ്യൻ ബാൻഡുകൾ മുംബൈയിലെ ഷെറീസ് (Sherise), ആർക്ലിഫ് (RCliff), വെൻ ചായ് മെറ്റ് ടോസ്റ്റ് (When Chai  Met Toast), ഹരീഷ് ശിവരാമകൃഷ്ണൻ്റെ അഗം (Agam), സ്ക്രീൻ 6 (Skreen 6), സിത്താര കൃഷ്ണകുമാറിൻ്റെ പ്രൊജക്ട് മലബാറിക്കസ് (Project Malabaricus), ഊരാളി (Oorali), ജോബ് കുര്യൻ (Job Kurian), കെയോസ് (Chaos), ലേസീ ജേ (Lazie J), ചന്ദന രാജേഷ് (Chandana Rajesh), താമരശേരി ചുരം (Thamarassey Churam), ഇന്നർ സാങ്റ്റം (Inner Sanctum), ദേവൻ ഏകാംബരം (Devan Ekambaram) എന്നിവയാണ്. 

ആകെ 21 ബാൻഡ്. ദിവസം നാലും അഞ്ചും അവതരണങ്ങൾ. എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 10 വരെയാണു സംഗീതോത്സവം. വൈകിട്ട് 5 മുതൽ പ്രവേശിക്കാം. ബുക്ക് മൈ ഷോയിലൂടെയും കേരള ആർട്ട്സ് & ക്രാഫ്റ്റ്സ് വില്ലേജുമായി ബന്ധപ്പെട്ടും ഓരോ ദിവസത്തെയും പരിപാടിക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാം. മേളയുടെ ദിവസങ്ങളിൽ ക്രാഫ്റ്റ്സ് വില്ലേജിലെ പതിവുസന്ദർശനം വൈകിട്ട് 5 മണിക്ക് അവസാനിപ്പിക്കും.