തലസ്ഥാനത്ത് സാംസ്‌കാരിക ഡയറക്ടേറ്റും പുനരധിവാസ കേന്ദ്രവും: വി.എന്‍. വാസവന്‍
Jul 14, 2022, 17:43 IST
തലസ്ഥാനത്ത് സാംസ്‌കാരിക ഡയറക്ടേറ്റും അവശ കലാകാരന്മാര്‍ക്കുള്ള പുനരധിവാസവും സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് സാംസ്‌കാരികം, സഹകരണം, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍. ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി. പ്രളയം, കോവിഡ് മഹാമാരി എന്നിവ പ്രതിസന്ധി സൃഷ്ടിച്ചപ്പോള്‍ കലാകാരന്മാര്‍ക്ക് സഹായം ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനും കലാ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് കേന്ദ്രീകരിക്കുന്നതിനുമായി ജില്ലകളില്‍ നവോത്ഥാന, സാംസ്‌കാരിക നായകരുടെ പേരില്‍ സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പുരോഗതിയിലാണ്. 9 ജില്ലകളില്‍ സ്ഥലം ലഭ്യമായിട്ടുണ്ട്. ശേഷിക്കുന്ന ജില്ലകളില്‍ സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ചലച്ചിത്ര ചരിത്ര മ്യൂസിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പുരോഗതിയിലാണ്. 59 രാജ്യങ്ങളില്‍ മലയാളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ചാപ്റ്ററുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. സംഗീത നാടക അക്കാഡമി നാടകോത്സവം സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് കുട്ടികള്‍ക്ക് അറിവു നല്‍കുന്ന പ്രവര്‍ത്തനങ്ങളുമായി ശക്തമായി മുന്നോട്ട് പോകുകയാണ്. കഥാപ്രസംഗ കലയുടെ പ്രചാരണത്തിനും മറ്റുമായി കൊല്ലത്ത് സംവിധാനം ഒരുങ്ങുന്നുണ്ടെന്നും ഇതിനായി ഒരു സഹകരണ സംഘത്തിന് 40,000 രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു. ആലപ്പുഴയില്‍ നാടന്‍ കലാരൂപങ്ങളെ സംരക്ഷിക്കുന്നതിനായി പി.കൃഷ്ണപിള്ളയുടെ പേരില്‍ ആരംഭിക്കുന്ന സാംസ്‌കാരിക കേന്ദ്രത്തിലും ഫോക് ലോര്‍ അക്കാഡമിയിലും പ്രത്യേക സംവിധാനങ്ങളൊരുക്കുമെന്നും മന്ത്രി പറഞ്ഞു. കലാകാരന്മാര്‍ക്കുള്ള ചികിത്സാ സഹായധന പദ്ധതി തുടരുമെന്നും മന്ത്രി വിശദീകരിച്ചു. വെള്ളിയാഴ്ച ജന്മദിനം ആഘോഷിക്കുന്ന എം.ടി. വാസുദേവന്‍ നായര്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ടാണ് ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ക്ക് മന്ത്രി വി.എന്‍. വാസവന്‍ മറുപടി നല്‍കിയത്.