ചരിത്രമെഴുതി ദ്രൗപദി മുര്‍മു; ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതി

 
PM and Prisident
സ്വാതന്ത്ര്യത്തിന്‍റെ 75ാം വര്‍ഷത്തില്‍ രാജ്യത്തെ 15-ാമത്  രാഷ്‌ട്രപതി പട്ടം കരസ്ഥമാക്കി ദ്രൗപതി മുര്‍മു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഒരു സുപ്രധാനമായ ഏടാണ് ദ്രൗപതി മുര്‍മുവിന്റെ രാഷ്ട്രപതി സ്ഥാനം. എൻ ഡിഎ യുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി വിജയിച്ചതിലൂടെ  രാജ്യത്തെ പരമോന്നത പദവിയിലെത്തുന്ന ആദ്യ ഗോത്രവര്‍ഗ വനിതയെന്ന പദവിയാണ്  ദ്രൗപതി മുര്‍മു സ്വന്തമാക്കിയത്.

സ്വതന്ത്ര ഇന്ത്യയുടെ പതിനഞ്ചാം പ്രസിഡന്റായി ദ്രൗപതി മുര്‍മു സ്ഥാനമേല്‍ക്കുമ്പോള്‍ തുടക്കമാകുന്നത് ഇന്ത്യന്‍ രാഷ്ട്രീയ സാമൂഹിക ചരിത്രത്തിലെ പുതിയ ഏടിനാണ്. സമൂഹത്തിന്റെ അടിസ്ഥാന ചോദനകളെ തൊട്ടറിഞ്ഞയാള്‍ എന്ന നിലയില്‍ ഇന്ത്യ കണ്ട മികച്ച പ്രസിഡന്റുമാരിൽ ഒരാളാകുമെന്ന ഉറപ്പോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മുര്‍മുവിന്റെ സ്ഥാനാര്‍ഥിത്വത്തെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

ആരാണ് ദ്രൗപതി മുര്‍മുവെന്ന ചോദ്യം ചെന്ന് നില്‍ക്കുക അധിനിവേശത്തിനെതിരെ ആയുധമെടുത്ത് പോരാടാനിറങ്ങിയ സന്താളുകളുടെ മണ്ണിലാണ്. ബെയ്ഡാപോസിയെന്ന മയൂര്‍ബഞ്ചിലെ കുഗ്രാമത്തില്‍ നിന്ന് രാഷ്ട്രപതിയുടെ വസതിയിലേക്ക് 64 കാരിയായ ദ്രൗപതി മുര്‍മു താണ്ടിയ കഠിനപാതകളുണ്ട്. സന്താളുകള്‍ക്കിടയിലെ ഗ്രാമമുഖ്യനായിരുന്നു മുത്തച്ഛന്‍. പട്ടിണിയും പരിവട്ടവുമായി മുന്നോട്ട് നീങ്ങുന്ന ഒരു സമൂഹത്തില്‍ നിന്ന്, കൃഷിയെ സര്‍വസ്വവുമായി കാണുന്ന ജനങ്ങള്‍ക്കിടയില്‍ നിന്ന് ഭുവനേശ്വറിലെ രമാദേവി കോളജില്‍ നിന്ന് ബിരുദം നേടിയ ദ്രൗപതി സ്വന്തം പ്രയ്തനം കൊണ്ട് 1979 ല്‍ ജലവകുപ്പില്‍ ജൂനിയര്‍ അസിസ്റ്റന്റായി ജോലി നേടി.1983 വരെ സര്‍ക്കാരുദ്യോഗത്തില്‍ തുടര്‍ന്നു. ശ്രീ അരബിന്ദോ സ്‌കൂളില്‍ അധ്യാപികയായി. 1997 ല്‍ മുര്‍മുവിന്റെ ജീവിതം മാറി മറിഞ്ഞു. പഞ്ചായത്ത് കൗണ്‍സിലിലേക്ക് ബിജെപി സ്ഥാനാര്‍ഥിയായി മുര്‍മു ജനവിധി തേടി. റായ് രംഗ്പൂരുകാര്‍ മുര്‍മുവിനെ നിരാശപ്പെടുത്തിയില്ല.  അതേ വർഷം ബിജെപിയുടെ എസ്.ടി മോർച്ചയുടെ ഒഡീഷയിലെ വൈസ് പ്രസിഡന്റുമായി.  2000ത്തിലും 2004 ലും അവർ റായ് രംഗ്പൂരിന്റെ എംഎല്‍എയായി. നവീൻ പട്നായിക് മന്ത്രിസഭയിൽ അംഗമായി. ഗതാഗതം, വാണിജ്യം, മൃഗപരിപാലനം, മല്‍സ്യബന്ധനം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തു. 2007 ല്‍ മികച്ച നിയമസഭാ സാമാജികയ്ക്കുള്ള നിലകാന്ത പുരസ്‌കാരം മുര്‍മുവിനെ തേടിയെത്തി.

ഭര്‍ത്താവും മൂന്ന് മക്കളുമടങ്ങുന്നതായിരുന്നു ദ്രൗപതി മുർമുവിന്റെ കുടുംബം. അകാലത്തില്‍ രണ്ട് മക്കളെയും ഭര്‍ത്താവിനെയും അവർക്ക് നഷ്ടമായി. പക്ഷേ സാമൂഹിക സേവനങ്ങളുമായി അവർ ജനങ്ങള്‍ക്കിടയില്‍ തന്നെ കഴിഞ്ഞു.

2010 ല്‍ ബിജെപിയുടെ സംഘടനാ പ്രവര്‍ത്തനത്തിലേക്ക് കൂടുതല്‍ മുര്‍മു സജീവമായി. 2015 ല്‍ ജാര്‍ഖണ്ഡിന്റെ എട്ടാമത്തെ ഗവര്‍ണറും ആദ്യ വനിതാ ഗവര്‍ണറുമായി ദ്രൗപതി മുര്‍മു ചുമതലയേറ്റു. മികച്ച ഭരണാധികാരിയെന്ന് പേരെടുത്ത മുര്‍മുവിനെ പ്രണബ് മുഖര്‍ജി സ്ഥാനമൊഴിഞ്ഞപ്പോള്‍ എന്‍ഡിഎ സര്‍ക്കാര്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിച്ചു. പക്ഷേ നറുക്ക് വീണത് രാംനാഥ് കോവിന്ദിനായിരുന്നു. കോവിന്ദ് സ്ഥാനമൊഴിയുമ്പോള്‍ ആ പദവിയിലേക്ക് ആരെന്ന ചോദ്യത്തിന് എന്‍ഡിഎയുടെ തലപ്പത്തുള്ളവര്‍ക്ക് മറ്റൊരാളെ ആലോചിക്കേണ്ടി വന്നില്ല.  

പ്രതിപക്ഷ പാര്‍ട്ടികള്‍ യശ്വന്ത് സിന്‍ഹയെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് ദിവസങ്ങള്‍ കഴിഞ്ഞാണ് മുര്‍മുവിന്റെ പേര് എന്‍ഡിഎ പ്രഖ്യാപിക്കുന്നത്. ഒരുവേള രാഷ്ട്രീയം മാറ്റി വച്ച് ഇന്ത്യയെന്ന വലിയ ഭൂവിഭാഗത്തിന്റെ അങ്ങോളമിങ്ങോളമുള്ള പ്രാദേശിക പാര്‍ട്ടികളടക്കം മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചു. ശിവസേന, ബിഎസ്പി, ജനതാദള്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്ന് തുടങ്ങി സര്‍വരും. പ്രതിപക്ഷ ഐക്യം തവിടുപൊടിയായി. പഴയ ബിജെപി നേതാവും നിലവില്‍ തൃണമൂലുകാരനുമായ യശ്വന്ത് സിന്‍ഹയെന്ന പഴയ കേന്ദ്രമന്ത്രി അക്ഷരാര്‍ഥത്തില്‍ അപ്രസക്തനായി. 4800 വോട്ടുകളില്‍ മൃഗീയ ഭൂരിപക്ഷം അനായാസം മുര്‍മു നേടി. ഇന്ദ്രപ്രസ്ഥത്തില്‍ രാഷ്ട്രീയത്തിനപ്പുറം പുതിയ ചരിത്രം കുറിക്കപ്പെട്ടു. ദ്രൗപതി മുര്‍മുവെന്ന സന്താള്‍ വനിത, ഇന്ത്യയുടെ പ്രഥമ പൗരയായി ചുമതലയേറ്റു.

ഇനി കണ്ണും കാതും തുറന്നിരിക്കാം. കഷ്ടപ്പാടും ബുദ്ധിമുട്ടും ജീവിതത്തില്‍ നല്ലതുപോലെ അറിഞ്ഞ മുര്‍മു, രാജ്യത്തെ ഏറ്റവും പിന്നാക്ക വിഭാഗമായ ഗോത്രവര്‍ഗങ്ങളെ പ്രതിനിധീകരിക്കുന്ന മുര്‍മു, അധസ്ഥിതര്‍ക്കായി അവരുടെ ഉന്നമനത്തിനായി എന്തൊക്കെ ചെയ്യുമെന്ന്. അതോ ഭരണഘടനാ പദവി മാത്രമായി , കോണ്‍ഗ്രസും തേജസ്വി യാദവും ആരോപിച്ചത് പോലെ പ്രതിമ കണക്കെയോ റബ്ബര്‍ സ്റ്റാംപ് പോലെയോ മോദി സര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തി മാത്രമായി മാറുമോയെന്ന്. മുന്നോട്ട് നയിക്കാനാവശ്യമായ അനുഭവ സമ്പത്ത് ഏറെയുള്ള കരുത്തുറ്റ സ്ത്രീയാണ് മുര്‍മു. രാജ്യത്തിന്റെ മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്നതും പുരോഗതി സാധ്യമാക്കുന്നതുമായ സ്വപ്നങ്ങൾ മുർമുവിനുണ്ടോയെന്ന് കാത്തിരുന്ന് കാണാം.