ആവേശം നിറച്ച് കളിക്കളത്തിന് സമാപനം: എം ആർ.എസ് കണിയാമ്പറ്റ ചാമ്പ്യൻമാർ

അട്ടപ്പാടിക്കായി പ്രത്യേക സഹായം: കായിക മന്ത്രി
ആവേശകരമായ മത്സരങ്ങളോടെ പട്ടികവർഗ വികസന വകുപ്പ് സംഘടിപ്പിച്ച കളിക്കളം - 2022 കായികമേളയ്ക്ക് സമാപനം. 118 പോയിന്റുകൾ നേടി കണിയാമ്പറ്റ എം.ആർ.എസ് ചാമ്പ്യൻമാരായി.
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും ഹോസ്റ്റലുകളിലെയും വിദ്യാര്‍ത്ഥികളുടെ ആറാമത് സംസ്ഥാന തല കായികമേള 'കളിക്കളം -2022'ന് കൊടിയിറങ്ങി. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ വിജയികള്‍ക്കുള്ള സമ്മാനദാനവും സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു. കായിക മത്സരങ്ങളില്‍ ഓരോ വിഭാഗങ്ങളിലും ഓവറോള്‍ ചാമ്പ്യന്മാരായ സ്ഥാപനങ്ങള്‍ക്കും ഏറ്റവും കൂടുതൽ പോയിന്റ് നേടിയ മികച്ച കായികതാരങ്ങള്‍, മികച്ച പരിശീലകന്‍ എന്നിവര്‍ക്കുമുള്ള പുരസ്‌കാരം മന്ത്രി വിതരണം ചെയ്തു. കായിക വിദ്യാഭ്യാസത്തിനായി വകുപ്പ് നടത്തിവരുന്ന നിരവധിയായ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ കൂടുതല്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും അട്ടപ്പാടി പോലുള്ള പ്രദേശങ്ങളിലെ കുട്ടികള്‍ക്കായി പ്രത്യേക പരിശീലനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
മൂന്നുദിവസങ്ങളില്‍ 80 ഇവന്റുകളിലായി 1549 കുട്ടികളാണ് കളിക്കളത്തില്‍ പങ്കെടുത്തത്. 22 എം. ആര്‍ .എസ് 18 പി. ഒ, ടി.ഡി.ഒ (ഹോസ്റ്റല്‍)ടീമുകള്‍ ചേര്‍ന്ന് ആകെ 40 ടീമുകള്‍ ഇത്തവണത്തെ മത്സരങ്ങളില്‍ പങ്കെടുത്തു. സംസ്ഥാന നിലവാരത്തിലുള്ള പ്രകടനങ്ങള്‍ക്കാണ് ഇത്തവണ എല്‍.എന്‍.സി.പി. .ഇ യുടെ മൈതാനങ്ങള്‍ സാക്ഷ്യം വഹിച്ചത്. ഭാവിയുടെ വാഗ്ദാനങ്ങളായ ഒട്ടനവധി കായികതാരങ്ങളെ മുന്നില്‍ കൊണ്ട് വന്ന് അവര്‍ക്ക് പ്രത്യേക പരിശീലനം ഉറപ്പുവരുത്താനും മേളയ്ക്ക് സാധിച്ചു.
ജൂനിയർ പെൺകുട്ടികളുടെ ഹൈ ജംപിൽ കാണിയാമ്പറ്റ എം.ആർ.എസിലെ ജനിഷ ഒന്നാം സ്ഥാനം നേടി. സീനിയർ ആൺകുട്ടികളുടെ ലോങ് ജംപിൽ മൂന്നാർ എം.ആർ.എസിലെ സബിൻ സജി, സീനിയർ പെൺകുട്ടികളുടെ 30 മീറ്റർ അമ്പെയ്ത്തിൽ കാണിയാമ്പറ്റ എം.ആർ.എസിലെ അനുശ്രീ, ജൂനിയർ ആൺകുട്ടികളുടെ ഹൈ ജംപിൽ നൂൽപ്പുഴ എം.ആർ.എസിലെ പ്രതീഷ്കുമാർ, സീനിയർ പെൺകുട്ടികളുടെ ഹൈ ജംപ്, ലോങ് ജംപ് എന്നിവയിൽ കണിയാമ്പറ്റ എം.ആർ.എസിലെ ആദിത്യ കെ.എം, ജൂനിയർ പെൺകുട്ടികളുടെ 40 മീറ്റർ അമ്പെയ്ത്തിൽ കണിയമ്പറ്റ എം.ആർ.എസിലെ ഗോപിക കൃഷ്‌ണൻ, ജൂനിയർ ആൺകുട്ടികളുടെ 30 മീറ്റർ അമ്പെയ്ത്തിൽ ഞാറനീലി എ.വി.എൻ സി.ബി.എസ് ഇ സ്‌കൂളിലെ ശ്യാംശങ്കർ, സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപ്, സീനിയർ ആൺകുട്ടികളുടെ ഹൈ ജംപ് എന്നിവയിൽ മൂവാറ്റുപുഴ ടി.ഡി.ഒ യിലെ അജിത് വാസുവും ഒന്നാം സ്ഥാനം നേടി.
സംസ്ഥാനത്തെ എം ആര്‍ എസ് സ്‌കൂളുകളിലേയും ഹോസ്റ്റലുകളിലേയും കുട്ടികള്‍ക്ക് കായികരംഗത്ത് അവസരങ്ങളുടെ വലിയ ലോകം തുറന്ന കളിക്കളം കായികമേള സംഘാടകമികവുകൊണ്ടും വേറിട്ടതായി. മൂന്ന് ദിവസങ്ങളിലായി കാര്യവട്ടം എല്‍ എന്‍ സി പിയില്‍ നടന്ന മേളയില്‍ 84 ഇനങ്ങളിലായി 1549 താരങ്ങളാണ് മാറ്റുരച്ചത്. കുട്ടികള്‍ക്കും ഒപ്പം അനുഗമിച്ചവര്‍ക്കുമായി എല്‍ എന്‍ സി പിക്ക് സമീപത്തായി മികച്ച താമസസൗകര്യമാണ് ഒരുക്കിയത്. മേളയ്‌ക്കെത്തിയവരെ മൂന്ന് ദിവസവും ഊട്ടി, ഭക്ഷണശാലയും സജീവമായി. വിവിധ ട്രാക്കുകളിലും ഗ്രൗണ്ടുകളിലുമായി താരങ്ങള്‍ക്ക് അസൗകര്യമുണ്ടാകാത്ത വിധമായിരുന്നു മത്സരങ്ങളുടെ ക്രമീകരണം. മേളയുടെ നടത്തിപ്പില്‍ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ നേരിട്ടുള്ള മേല്‍നോട്ടമുണ്ടായിരുന്നു. മേളയുടെ മികച്ച നടത്തിപ്പിനായി സഹകരിച്ച സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയെ സമാപന സമ്മേളനത്തിൽ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ അഭിനന്ദിച്ചു. ഡയറക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തിലുള്ള മികച്ച ഒരു ടീമാണ് മേളയെ വിജയത്തിലെത്തിച്ചത്. സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള വകുപ്പ് ഉദ്യോഗസ്ഥരുടെ പങ്കാളിത്തവും മേളയെ മികവുറ്റതാക്കി.
സീനിയർ പെൺകുട്ടികളുടെ 800 മീറ്റർ ഓട്ടത്തിൽ എം ആർ എസ് ചാലക്കുടിയിലെ അനു എം ഒന്നാം സ്ഥാനം നേടി. സീനിയർ ആൺകുട്ടികളുടെ 800 മീറ്റർ ഓട്ടത്തിൽ ജി എം ആർ എസ് ആശ്രാമത്തിലെ ജോൺ കെ ബി, ജൂനിയർ ആൺകുട്ടികളുടെ 800 മീറ്റർ ഓട്ടം, 1500 മീറ്റർ ഓട്ടം എന്നിവയിൽ ടി ഡി ഒ ചാലക്കുടിയിലെ നിശ്ചൽ ടി ജെ, ജൂനിയർ പെൺകുട്ടികളുടെ 800 മീറ്റർ ഓട്ടത്തിൽ ജി എം ആർ എസ് കണിയാമ്പറ്റയിലെ അനാമിക എന്നിവരും ഒന്നാം സ്ഥാനം നേടി.
സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ കണിയാമ്പറ്റ എം.ആർ.എസിലെ ലയ മോഹൻ, സീനിയർ ആൺകുട്ടികളുടെ ഷോട്ട്പുട്ടിൽ എം.ആർ.എസ് ഞാറനീലിയിലെ ദിൽജിത്ത് പി.വി, ജൂനിയർ പെൺകുട്ടികളുടെ ലോങ് ജംപിൽ കണിയാമ്പറ്റ എം.ആർ.എസിലെ ദീപിക സി.കെ, സീനിയർ പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ അട്ടപ്പാടി എം.ആർ.എസിലെ അമ്പിളി സി, ജൂനിയർ പെൺകുട്ടികളുടെ ജാവലിൻ ത്രോയിൽ പൂക്കോട് എം.ആർ.എസിലെ ലയ കൃഷ്ണൻ, ജൂനിയർ ആൺകുട്ടികളുടെ ലോങ് ജംപ്, ട്രിപ്പിൾ ജംപ് എന്നിവയിൽ തിരുനെല്ലി എം.ആർ.എസിലെ രാഹുൽ എം.ടി എന്നിവർ ഒന്നാം സ്ഥാനം നേടി.
സീനിയർ ആൺകുട്ടികളുടെ 40 മീറ്റർ അമ്പെയ്ത്തിൽ ഞാറനീലി എം.ആർ.എസിലെ ചന്ദ്രു കെ, ജൂനിയർ പെൺകുട്ടികളുടെ 30 മീറ്റർ അമ്പെയ്ത്തിൽ കാണിയമ്പറ്റ എം.ആർ.എസിലെ അനുജ വി. ജെ, ജൂനിയർ ആൺകുട്ടികളുടെ 40 മീറ്റർ അമ്പെയ്ത്തിൽ ഞാറനീലി എം.ആർ.എസിലെ സനുരാഗ് എം.വി, സീനിയർ പെൺകുട്ടികളുടെ 50 മീറ്റർ നീന്തലിൽ നിലമ്പൂർ ഐ. ടി. ഡി.പിയിലെ നന്ദന കെ, സീനിയർ ആൺകുട്ടികളുടെ 50 മീറ്റർ നീന്തലിൽ ഞാറനീലി എം.ആർ.എസിലെ സന്തോഷ് കുമാർ, ജൂനിയർ പെൺകുട്ടികളുടെ 50 മീറ്റർ നീന്തലിൽ ചാലക്കുടി എം.ആർ.എസിലെ രഞ്ജിത രാജേന്ദ്രൻ, സീനിയർ പെൺകുട്ടികളുടെ സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ നീന്തലിൽ അട്ടപ്പാടി എം. അർ.എസിലെ അനുശ്രീ എം, ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ നീന്തലിൽ ഞാറനീലി എം.ആർ.എസിലെ ഗോപിക എസ്.എസ്, ജൂനിയർ ആൺകുട്ടികളുടെ 50 മീറ്റർ നീന്തലിൽ അട്ടപ്പാടി ഐ.ടി.ഡി.പി യിലെ പ്രവീൺ പി, സീനിയർ ആൺകുട്ടികളുടെ 100 മീറ്റർ നീന്തലിൽ കണ്ണൂർ എം.ആർ.എസിലെ അമൽ ബാബു, ജൂനിയർ ആൺകുട്ടികളുടെ 100 മീറ്റർ നീന്തൽ, സിസ്കസ് ത്രോ എന്നിവയിൽ നിലബൂർ എം.ആർ.എസിലെ ജിതുൽ എന്നിവരും സീനിയർ പെൺകുട്ടികളുടെ 4 X 50 റിലേ നീന്തലിൽ അട്ടപ്പാടി എം.ആർ.എസിലെ താരങ്ങളും ഒന്നാം സ്ഥാനം നേടി.
ജൂനിയർ ആൺകുട്ടികളുടെ 4 x 100 മീറ്റർ റിലേയിൽ ഇടുക്കി എം.ആർ.എസ് ഒന്നാം സ്ഥാനം നേടി. ജൂനിയർ പെൺകുട്ടികളുടെ 4 X 100 മീറ്റർ റിലേയിൽ കൽപറ്റ ജി.എം.ആർ.എസും സീനിയർ പെൺകുട്ടികളുടെ 4 x 100 മീറ്റർ റിലേയിൽ കണിയാമ്പറ്റ ജി.എം.ആർ. എസും സീനിയർ പെൺകുട്ടികളുടെ 4 x 100 മീറ്റർ റിലേയിൽ നല്ലൂർനാട് എം. ആർ.എസും ഒന്നാം സ്ഥാനത്തെത്തി.
സബ് ജൂനിയർ പെൺകളുടെ ബോൾ ത്രോയിൽ മാനന്തവാടി ടി.ഡി.ഒയിലെ അനന്യ, സീനിയർ ആൺകുട്ടികളുടെ ജാവലിൻ ത്രോയിൽ ജി എം ആർ എസ് വടശ്ശേരിയിലെ വിച്ചു വിനോദ്, ജൂനിയർ പെൺകുട്ടികളുടെ ഷോട്ട് പുട്ടിൽ പൂക്കോട് ഇ.എം.ആർ.എസിലെ യാമിലി രാമചന്ദ്ര, ജൂനിയർ ആൺകുട്ടികളുടെ ജാവലിൽ ത്രോ യിൽ തിരുനെല്ലി ആശ്രാമം സ്കൂളിലെ കിച്ചു എം, ജൂനിയർ ആൺകുട്ടികളുടെ ഷോട്ട്പുട്ടിൽ സുൽത്താൻബത്തേരി ടി.സി. ഒയിലെ വിഗ്‌നേഷ് എ ആർ, സീനിയർ പെൺകുട്ടികളുടെ 1500 മീറ്റർ ഓട്ടത്തിൽ ചാലക്കുടി എം.ആർ.എസിലെ അനു എം, ജൂനിയർ പെൺകുട്ടികളുടെ 1500 മീറ്റർ ഓട്ടത്തിൽ അഭിഷ ബാബു, സീനിയർ ആൺകുട്ടികളുടെ 1500 മീറ്റർ ഓട്ടത്തിൽ എം ആർ എസ് നെല്ലൂർനാടിലെ വിഷ്ണു എ, സബ്ജൂനിയർ ആൺകുട്ടികളുടെ ബോൾ ത്രോയിൽ കണ്ണൂർ എംആർഎസിലെ ശ്രീജിത്ത് ചന്ദ്രൻ, സീനിയർ ആൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ കണിയാമ്പറ്റ എംആർഎസിലെ വിമൽ കുമാർ, സീനിയർ പെൺകുട്ടികളുടെ ജാവലിൻ ത്രോയിൽ അട്ടപ്പാടി എംആർഎസിലെ കീർത്തന കെ, ജൂനിയർ പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ കണിയാമ്പറ്റ എംആർഎസിലെ പ്രതുഷാ മോഹൻ, സീനിയർ പെൺകുട്ടികളുടെ 40 മീറ്റർ അമ്പെയ്ത്തിൽ കണിയാമ്പറ്റ എംആർഎസിലെ ഭൂമിക എൻ.ആർ എന്നിവരും ഒന്നാം സ്ഥാനം നേടി.
ജൂനിയർ പെൺകുട്ടികളുടെ 4 × 100 മീറ്റർ റിലേയിൽ ജി.എം.ആർ.എസ് കൽപ്പറ്റയും ജൂനിയർ ആൺകുട്ടികളുടെ 4 × 100 മീറ്റർ റിലേയിൽ എം.ആർ.എസ് ഇടുക്കിയും, സീനിയർ പെൺകുട്ടികളുടെ 4 × 100 മീറ്റർ റിലേയിൽ കാണിയാമ്പറ്റ ജി.എം.ആർ.എസ് എന്നിവരും ഒന്നാം സ്ഥാനം നേടി.
സബ് ജൂനിയർ ആൺകുട്ടികളുടെ ലോങ് ജംപിൽ ഞാറനീലി എം.ആർ.എസിലെ മഹി എം, സബ് ജൂനിയർ പെൺകുട്ടികളുടെ ലോങ് ജംപിൽ കട്ടേല എം.ആർ.എസിലെ ഭിവാ വി.ബി, സീനിയർ ആൺകുട്ടികളുടെ 30 മീറ്റർ അമ്പെയ്ത്തിൽ നല്ലൂർനാട് എം.ആർ.എസിലെ സൂരജ് ടി.ബി എന്നിവരും ഒന്നാം സ്ഥാനം നേടി.
പെൺകുട്ടികളുടെ ഖോ-ഖോ മത്സരത്തിൽ കാസർഗോഡ് എം.ആർ.എസും ആൺകുട്ടികളുടെ ഖോ-ഖോ മത്സരത്തിൽ നല്ലൂർനാട് എം.ആർ.എസും വിജയികളായി.
പെൺകുട്ടികളുടെ ഫുട്‌ബോൾ മത്സരത്തിൽ കാസർഗോഡ് എം.ആർ.എസും ആൺകുട്ടികളുടെ ഫുട്‌ബോൾ മത്സരത്തിൽ നല്ലൂർനാട് എം.ആർ.എസും വിജയികളായി.
പെൺകുട്ടികളുടെ കബഡി മത്സരത്തിൽ കാണിയാമ്പറ്റ എം.ആർ.എസും ആൺകുട്ടികളുടെ കബഡി മത്സരത്തിൽ കണ്ണൂർ എം.ആർ.എസും വിജയികളായി.