മഴയത്തും തോരാത്ത ആവേശം; യാത്ര തുടർന്ന് രാഹുൽഗാന്ധി

 
rahul
rahul

കോരിച്ചൊരിയുന്ന മഴയെത്തും ആവേശം ചോരാതെ ചുവടുവെച്ച് രാഹുൽ ഗാന്ധി.  ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ മൂന്നാം ദിവസത്തെ പര്യടനം കണിയാപുരത്തുനിന്ന്  ആരംഭിച്ചതിന് പിന്നാലെയാണ് മഴ പെയ്തത്. അപ്രതീക്ഷിതമായി   പെയ്ത മഴയിലും രാഹുൽ ഗാന്ധി യാത്രയുമായി മുന്നോട്ടു നടക്കുകയായിരുന്നു. യാത്രാ നായകൻ മുന്നോട്ടു കുതിച്ചതോടെ പ്രവർത്തകരും വർദ്ധിത ആവേശത്തോടെ മുന്നോട്ടു നടന്നു.

മഴയിലും രാഹുൽ ഗാന്ധിയെ കാണുവാൻ റോഡിന്റെ ഇരുവശങ്ങളിലും ആയിരങ്ങളാണ് തടിച്ചുകൂടിയത്. പൂക്കളുമായി രാഹുലിനെ വരവേൽക്കാൻ കുട്ടികളും കാത്തു നിൽക്കുന്നുണ്ടായിരുന്നു. റോഡിന്റെ ഇരുവശത്തെയും ജനസഞ്ചയത്തെ കൈകൾ ഉയർത്തി അഭിവാദ്യം ചെയ്തു കൊണ്ടാണ് മതേതര ഇന്ത്യയുടെ രാജകുമാരൻ തന്റെ ജൈത്രയാത്ര തുടരുന്നത്. തുടർച്ചയായി പെയ്ത മഴയിലും ആയിരത്തിലേറെ കോൺഗ്രസ് പ്രവർത്തകരാണ് പദയാത്രയെ അനുഗമിച്ചത്. രാഹുൽ ഗാന്ധിക്കൊപ്പം എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ,  കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, രമേശ് ചെന്നിത്തല, ജോഡോ യാത്ര കേരള കോർഡിനേറ്റർ കൊടിക്കുന്നിൽ സുരേഷ് എംപി, എംപിമാരായ കെ മുരളീധരൻ, അടൂർ പ്രകാശ് എന്നിവരും ഉണ്ടായിരുന്നു.