കത്ത് വ്യാജം: അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി - മേയർ

 
arya

 തന്റെ പേരില്‍ പ്രചരിക്കുന്ന കത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയതായി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. തന്റേതല്ലാത്ത കത്തില്‍ സത്യാവസ്ഥ തെളിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുന്നതെന്നും മേയര്‍ മാധ്യമങ്ങളോട് പറഞ്ഞു.ഇക്കാര്യത്തില്‍ ആവശ്യമായ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും മേയര്‍ പറഞ്ഞു

മേയറെ അധിക്ഷേപിക്കാനും അപകീര്‍ത്തിപ്പെടുത്താനും ശ്രമിക്കുന്നതില്‍ ഇടപെടല്‍ ആവശ്യപ്പെട്ടുള്ള അഭ്യര്‍ഥനയാണ് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിലുള്ളതെന്നും മേയര്‍ പറഞ്ഞു. കത്ത് ആരെങ്കിലും ബോധപൂര്‍ഴം സൃഷ്ടിച്ചതാണോയെന്ന് പരിശോധിക്കണം. ഞാന്‍ ഒപ്പിടുകയോ തയ്യാറാക്കുകയോ ചെയ്യാത്ത ഒന്നാണിത്. ലൈറ്റര്‍ പാഡ് ഒറിജിനലാണോ എന്ന് പരിശോധി്ച്ചാലെ അറിയു. ബോധപൂര്‍വം ചില ആളുകള്‍ മേയറെ അപമാനിക്കാന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണോയെന്ന് സംശയമുണ്ട്. സമൂഹത്തിന് മുന്നില്‍ മോശപ്പെടുത്തുന്ന വാര്‍ത്തകള്‍ക്ക് പിന്നിലാരാണെന്ന് നിക്കും കണ്ടെത്തേണ്ടതുണ്ട്. ലെറ്റര്‍ ഹെഡിന്റെ ഭാഗവും ഒപ്പ് വരുന്ന ഭാഗവും സംശയം വരുന്ന രീതിയിലാണ്. നഗരസഭയില്‍ സാധാരണ കമ്പ്യുട്ടറിലാണ് കത്തുകള്‍ തയ്യാറാക്കുന്നത്. അതിന് പ്രത്യേക ഫോണ്ട് ഉപയോഗിക്കാറില്ല. മേയറുടെ ഓഫീസിനെ ഇക്കാര്യത്തിൽ സംശയിക്കാനാവില്ല. മേയർ സെക്ഷനിൽ ക്രമക്കേട് നടന്നതായി സംശയമില്ല. ഇക്കാലത്ത് വ്യാജ കത്ത് നിര്‍മിക്കാന്‍ വലിയ പ്രയാസമില്ലെന്നും മേയര്‍ മാധ്യമങ്ങളോട് പറഞ്ഞു.


ഗൗരവതരമായ വിഷയമായതിനാലാണ് മുഖ്യമന്ത്രിക്ക് നേരിട്ട് തന്നെ പരാതി നല്‍കിയത്. പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ അറിയിച്ചു കഴിഞ്ഞു. ഒളിച്ചുകളിക്കേണ്ട ഒരു വിഷയവും തനിക്കില്ലെന്നും ജനങ്ങളുടെ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നയാളാണ് താനെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.