രാജ്യത്താദ്യമായി തൊഴിലുറപ്പ്‌ തൊഴിലാളികൾക്ക്‌ ക്ഷേമനിധി ബോർഡ്‌ ഏർപ്പെടുത്തി കേരളം

 
ppp

 തൊഴിലുറപ്പ്‌ തൊഴിലാളികൾക്ക്‌ ക്ഷേമമുറപ്പാക്കാനും ആശ്വാസ നടപടികൾ കൈക്കൊള്ളാനുമാണ്‌ ക്ഷേമനിധി ബോർഡ്‌. എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ പ്രകടനപത്രികയിലെ മറ്റൊരുറപ്പുകൂടിയാണ്‌ നടപ്പാകുന്നത്‌. സംസ്ഥാനത്ത്‌ 26 ലക്ഷം തൊഴിലാളികൾക്ക്‌ ക്ഷേമനിധിയുടെ ഗുണഫലം ലഭ്യമാകും.

ഒന്നാം പിണറായി സർക്കാരിന്റെ അവസാനകാലത്ത്‌ തൊഴിലുറപ്പ്‌ ക്ഷേമനിധി ബോർഡ്‌ രൂപീകരിക്കാൻ ഓർഡിനൻസ്‌ ഇറക്കിയിരുന്നു. രണ്ടാം പിണറായി സർക്കാർ 2021 നവംബറിൽ ബിൽ നിയമസഭയിൽ അവതരിപ്പിച്ച്‌ നിയമമാക്കി. ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ തൊഴിലാളികളും അയ്യൻകാളി നഗര തൊഴിലുറപ്പ്‌ തൊഴിലാളികളും ക്ഷേമനിധിയിലുണ്ടാകും. നിശ്ചിതകാലം തൊഴിലെടുത്തവർക്ക്‌ ക്ഷേമനിധിയിൽ അംഗത്വമുണ്ടാകും. മാസം നിശ്ചിത തുക തൊഴിലാളി അടയ്ക്കണം. സംസ്ഥാന സർക്കാരും തദ്ദേശസ്ഥാപനങ്ങളും ഇതേ തുക ക്ഷേമനിധിയിലേക്ക്‌ സംഭാവന ചെയ്യും.

തദ്ദേശവകുപ്പിനു കീഴിലാകും ബോർഡിന്റെ പ്രവർത്തനം. 18 വയസ്സ്‌ പൂർത്തിയായ തൊഴിലാളികൾക്ക്‌ ക്ഷേമനിധിയിൽ അംഗത്വമെടുക്കാം. 55 വയസ്സുവരെ ക്ഷേമനിധി വിഹിതമടയ്‌ക്കാം. 60 വയസ്സാകുന്നതോടെ മിനിമം പെൻഷൻ ഉറപ്പാകും. ഉയർന്ന പ്രായപരിധിയില്ലാത്തതിനാൽ 60 പിന്നിട്ടവർക്കും തൊഴിലെടുക്കാം. പ്രസവാനുകൂല്യം, ചികിത്സാ സഹായം, ആരോഗ്യ ഇൻഷുറൻസ്‌, മരണാനന്തര സഹായം, പഠനാനുകൂല്യങ്ങൾ എന്നിവയെല്ലാം ഉറപ്പാക്കും.

2019ൽ കൊല്ലത്ത്‌ നടന്ന എൻആർഇജി വർക്കേഴ്‌സ്‌ യൂണിയൻ പ്രഥമ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷേമനിധി ബോർഡ്‌ രൂപീകരിക്കുമെന്ന്‌ പ്രഖ്യാപിച്ചിരുന്നു. ബോർഡിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഉറപ്പാക്കാൻ സ്പെഷ്യൽ ഓഫീസറെ നിയമിച്ചു. ഓഫീസ്‌, ജീവനക്കാർ, അനുബന്ധ സൗകര്യങ്ങൾ എന്നിവയെല്ലാം ഉറപ്പാക്കി ഉടൻ പ്രവർത്തനമാരംഭിക്കും.

കേരള തൊഴിലുറപ്പ്‌ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പ്രഥമ ചെയർമാനായി എസ്‌ രാജേന്ദ്രനെ നിയമിച്ചു. എൻആർഇജി വർക്കേഴ്‌സ്‌ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയും സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവുമാണ്‌.  കെ സുരേഷ്‌, എം കൃഷ്‌ണദാസ്‌, കെ ചന്ദ്രൻ, എ എൻ പ്രഭാകരൻ, പി പി സംഗീത, ഗിരിജ സുരേന്ദ്രൻ, ചെങ്ങറ സുരേന്ദ്രൻ എന്നിവരാണ്‌ അനൗദ്യോഗിക അംഗങ്ങൾ. തദ്ദേശവകുപ്പ്‌ പ്രിൻസിപ്പൽ സെക്രട്ടറി,  സർക്കാർ നാമനിർദേശിക്കുന്ന പ്രതിനിധി, പഞ്ചായത്ത്‌ നഗരവകുപ്പ്‌ ഡയറക്ടർമാർ,  തൊഴിലുറപ്പ്‌ പദ്ധതി സംസ്ഥാന മിഷൻ ഡയറക്ടർ എന്നിവരാണ്‌ ഔദ്യോഗിക അംഗങ്ങൾ.