കേരള ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഒ.കെ.രാംദാസ് അന്തരിച്ചു

 
obit

 കേരള ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഒ.കെ.രാംദാസ് അന്തരിച്ചു. തലശ്ശേരി സ്വദേശിയാണ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കേരളത്തിന് വേണ്ടി രഞ്ജി ട്രോഫി ഉള്‍പ്പെടെ നിരവധി ടൂര്‍ണമെന്റുകളില്‍ കളിച്ചിട്ടുണ്ട്.

കേരളത്തിന് വേണ്ടി 35 രഞ്ജി ട്രോഫി മത്സരങ്ങള്‍ കളിച്ച രാംദാസ് 11 അര്‍ധസെഞ്ചുറികള്‍ ഉള്‍പ്പെടെ 1647 റണ്‍സ് നേടിയിട്ടുണ്ട്. രഞ്ജി ട്രോഫിയില്‍ 13 സീസണുകളില്‍ കേരളത്തിനുവേണ്ടി കളിക്കാന്‍ താരത്തിന് സാധിച്ചു. 1968 മുതല്‍ 1981 വരെ കേരള ക്രിക്കറ്റ് ടീമിലെ സജീവ സാന്നിധ്യമായിരുന്നു.

കേരള ക്രിക്കറ്റ് അസോസിയേഷനിലും രാംദാസ് സജീവമായിരുന്നു. കെ.സി.എയുടെ അംഗമായും പിന്നീട് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രഞ്ജി ട്രോഫി മാച്ച് റഫറി, ദൂരദര്‍ശനില്‍ കമന്റേറ്റര്‍ എന്നീ നിലകളിലും രാംദാസ് പ്രശസ്തി നേടി. തലശ്ശേരിക്കാരനാണെങ്കിലും തിരുവനന്തപുരത്താണ് സ്ഥിരതാമസമാക്കിയത്.

ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ സീനിയര്‍ മാനേജരായി സേവനമനുഷ്ഠിച്ചു. ഒപ്പം ബാങ്കുമായി ബന്ധപ്പെട്ട് ടൂര്‍ണമെന്റുകളില്‍ സജീവസാന്നിധ്യമായി. പരിശീലകനായും മാനേജരായുമെല്ലാം അദ്ദേഹം ക്രിക്കറ്റിനൊപ്പം നിന്നു.