ജീവിതത്തെ അറിയാൻ ശ്രമിച്ച അശാന്ത ബുദ്ധനായിരുന്നു പഴവിള രമേശൻ കെ.ജയകുമാർ
Jun 13, 2022, 20:45 IST

കവി പഴവിള രമേശന്‍റെ ഓർമ്മ ദിനമായ ഇന്നലെ " ഇടയരാഗം 'എന്ന പേരിൽ വൈലോപ്പിള്ളി സംസ്കൃതി ഭവന്‍റെ ആഭിമുഖ്യത്തിൽ സംസ്കൃതി ഭവനിൽ നടന്നു. കവിയും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. മൗനത്തിന്‍റെ സാന്ദ്രതയിൽ ജീവിതത്തെ അറിയാൻ ശ്രമിച്ച അശാന്തനായ ബുദ്ധനായിരുന്നു പഴവിള രമേശനെന്ന് അദ്ദേഹം. ബുദ്ധനൊരു പ്രതീകമായിരുന്നു കാണുന്നതെല്ലാം തുറന്നു പറയുന്ന പ്രകൃതം. രമേശനും അങ്ങനെയായിരുന്നു. വാക്കിലും എഴുത്തിലും വിട്ടുവീഴ്ചയില്ലാത്ത കവിയായിരുന്നു രമേശൻ. വാസ്തവ രഹിതമായ ഒന്നിനോടും കവി സമരസപ്പെട്ടില്ല. നാട്യവുമായി വരുന്നവരോടു നിരന്തരം കലഹിച്ചു. ഇതുവരെയും ഞങ്ങൾ പിണങ്ങിയിട്ടില്ല. അർഹിക്കുന്നതിനേക്കാൾ സ്നേഹവും പരിഗണനയും ലഭിച്ചിരുന്നു. രമേശന്‍റെയും ഭാര്യയുടെയും ആതിഥ്യ മര്യാദ പ്രശംസനീയമാണ്. കാപട്യമാണ് എന്നും അദ്ദേഹത്തെ ചൊടിപ്പിച്ചത്. നമ്മെ വിട്ടുപോയിട്ടും സത്യത്തെ മുറുകെ പിടിക്കുന്ന സൗമ്യ സാന്നിധ്യമാണ് രമേശൻ. അതിനാൽ തന്നെ മറ്റുള്ളവരിൽ നിന്നും വേറിട്ടു നടന്നു. അപൂർവമായി കണ്ടുമുട്ടുന്ന ആർജവം എന്നും നിലനിർത്തി. ഉള്ളിൽ ഒരു കൊടുങ്കാറ്റ് സൂക്ഷിച്ച വ്യക്തിത്വം. ഇങ്ങനെയുള്ള ആർജവം ഇന്നു സമൂഹത്തിൽ നഷ്ടപ്പെട്ട അവസ്ഥയാണ്. ജനാധിപത്യത്തിന്‍റെ വന്ധ്യംകരണം നടക്കുന്ന കാലഘട്ടത്തിൽ പഴവിള രമേശന്‍റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് പ്രാധാന്യമേറെയുണ്ടെന്നും കെ. ജയകുമാർ പറഞ്ഞു. അധ്യക്ഷൻ വൈലോപ്പിള്ളി സംസ്കൃതിഭവൻ വൈസ് ചെയർമാൻ ജി.എസ്. പ്രദീപ് അധ്യക്ഷത വഹിച്ചു. പ്രൊഫ.സി.അശോകൻ, ഡോ.എം.ആർ. തമ്പാൻ, വൃന്ദ, റാണി മോഹൻദാസ്, വിനോദ് വൈശാഖി, ശാന്തൻ എന്നിവർ ഓർമകൾ പങ്കുവച്ചു. സംസ്കൃതി ഭവൻ സെക്രട്ടറി പി.എസ്.പ്രിയദർശൻ സ്വാഗതവും ഗോപിക സന്തോഷ് നന്ദിയും രേഖപ്പെടുത്തി.