അതിഥിത്തൊഴിലാളി ലഹരിവിരുദ്ധ മഹാറാലിയും കവച് സംസ്ഥാനതലസമാപനവും നാളെ

 
ooo

സംസ്ഥാന സർക്കാരിന്റെ ലഹരി വിമുക്ത കേരളം നോ ടു ഡ്രഗ്‌സ് ക്യാമ്പയിന്റെ ഭാഗമായി അതിഥി തൊഴിലാളികൾക്കായി തൊഴിലും നൈപുണ്യവും വകുപ്പ് നടപ്പിലാക്കുന്ന കവച് ലഹരി വിരുദ്ധ പരിപാടികളുടെ സംസ്ഥാന തല സമാപനവും അതിഥിത്തൊഴിലാളികളുടെ ലഹരിവിരുദ്ധ മഹാറാലിയും ഇന്ന് (29.10.22) തിരുവനന്തപുരത്ത് നടക്കും. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് രാവിലെ11 മണിക്ക് ആരംഭിക്കുന്ന ലഹരിവിരുദ്ധ റാലിയുടെ ഫ്‌ളാഗ് ഓഫ്  ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു നിർവഹിക്കും. ലഹരിക്കെതിരെയുള്ള സന്ദേശങ്ങളുമായി രണ്ടായിരത്തിലധികം അതിഥിത്തൊഴിലാളികൾ പങ്കെടുക്കുന്ന വർണാഭമായ  വിളംബര റാലി പുത്തരിക്കണ്ടം മൈതാനത്തെ ഇ കെ നായനാർ പാർക്കിൽ സമാപിക്കും. 


 കവച് ലഹരിവിരുദ്ധ പരിപാടിയുടെ സംസ്ഥാനതല സമാപന സമ്മേളനവും അതിഥിത്തൊഴിലാളി ലഹരിവിരുദ്ധ മഹാസംഗമവും ഉച്ചക്ക് 12ന്  പുത്തരിക്കണ്ടം ഇ  കെ നായനാർ പാർക്കിൽ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ഇതോടെ ഒക്ടോബർ 15 മുതൽ സംസ്ഥാനത്തുടനീളം അതിഥിത്തൊഴിലാളികൾക്കിടയിൽ നടന്നുവരുന്ന കവച് ലഹരിവിരുദ്ധ പരിപാടിക്ക് സമാപനമാകും. 


    വിപുലമായ ലഹരി വിരുദ്ധ പരിപാടികളാണ് കവചിന്റെ ഭാഗമായി  തൊഴിൽ വകുപ്പ് ആവിഷ്‌കരിച്ചു നടപ്പിലാക്കിയത്.  കണ്ണൂർ,  മലപ്പുറം, എറണാകുളം  ജില്ലകളിൽ  ആയിരക്കണക്കിന് അതിഥിത്തൊഴിലാളികളെ പങ്കെടുപ്പിച്ചുകൊണ്ട് നേടത്തിയ ലഹരിവിരുദ്ധ മഹാസംഗമങ്ങൾക്കു പുറമേ  എല്ലാ ജില്ലകളിലും ജില്ലാ ലേബർ ഓഫീസർമാരുടെ നേതൃത്വത്തിൽ  വിളംബര ജാഥകൾ, ബോധവത്കരണ ക്ലാസുകൾ, സൈക്കിൾ റാലികൾ,ഫ്ളാഷ് മോബ്, തെരുവു നാടകങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ ജാഗ്രതാ ദീപം തെളിയിക്കൽ,  അതിഥി തൊഴിലാളികളുടെ കലാപരിപാടികൾ തുടങ്ങി ഒട്ടേറെ പരിപാടികളാണ് കവചിന്റെ ഭാഗമായി തൊഴിൽ വകുപ്പ് സംഘടിപ്പിച്ചത്.    എക്സൈസ്,പോലീസ്, ആരോഗ്യം,  തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുമായി സഹകരിച്ചാണ് തൊഴിൽ വകുപ്പ്  കവച് പരിപാടി ആവിഷ്‌കരിച്ചിട്ടുള്ളത്.


     ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി  സംസ്ഥാനത്തെ അതിഥിത്തൊഴിലാളി  ക്യാമ്പുകളിലും തൊഴിലിടങ്ങളിലും   ഉദ്യോഗസ്ഥർ നേരിട്ടെത്തി ലഹരി വിരുദ്ധ സന്ദേശങ്ങൾ കൈമാറി.  തൊഴിലാളികളുടെ മാതൃഭാഷയിലുള്ള   പ്രചാരണസാമഗ്രികളാണ് കവചിനായി തയ്യാറാക്കിയത്. ഇതിനോടനുബന്ധിച്ച് വിപുലമായ സോഷ്യൽ മീഡിയ ക്യാമ്പയിനും സംഘടിപ്പിച്ചു.


      ശശി തരൂർ എം പിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ മേയർ ആര്യാ രാജേന്ദ്രൻ മുഖ്യാതിഥിയാകും. ലേബർ കമ്മിഷണർ ഡോ കെ വാസുകി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഡി സുരേഷ് കുമാർ, തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി മിനി ആന്റണി,സിറ്റി പോലീസ് കമ്മീഷണർ സ്പർജൻ കുമാർ,ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജ്,ജോയന്റ് എക്‌സൈസ് കമ്മിഷണർ (വിമുക്തി) ആർ ഗോപകുമാർ,അഡീ. ലേബർ കമ്മീഷണർ കെ എം സുനിൽ, ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ആർ രാമചന്ദ്രൻ, അബ്കാരി ബോർഡ് ചെയർമാൻ കെ എസ് സുനിൽ കുമാർ  , വിവിധ തൊഴിലാളി സംഘടന പ്രതിനിധികൾ, വ്യാപാരി വ്യവസായി സംഘടന പ്രതിനിധികൾ, മറ്റു ഉദ്യോഗസ്ഥർ  തുടങ്ങിയവർ സംബന്ധിക്കും.