ഐഎന്‍ടിയുസി സംസ്ഥാന മന്ദിരം: നടപടിക്രമങ്ങള്‍ പാലിച്ചാണ് ഓഫീസ് നിര്‍മ്മിച്ചതെന്ന് ആര്‍.ചന്ദ്രശേഖരന്‍

 
ppp

 നിയമപരമായ എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണ്കെ.കരുണാകരന്‍ സ്മാരക ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റി ഓഫീസ് നിര്‍മ്മിച്ചതെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍. അടിസ്ഥാനരഹിതമായ വാര്‍ത്തകളാണ് ചില മാധ്യമങ്ങളില്‍ വരുന്നതെന്നും ആര്‍.ചന്ദ്രശേഖരന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എഴുപത്തിയഞ്ചുവര്‍ഷം പിന്നിടുന്ന ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റിക്ക് ആദ്യമായാണ് സ്വന്തമായി ഒരു ആസ്ഥാന മന്ദിരം ഉണ്ടാകുന്നത്.

2015ല്‍ തിരുവനന്തപുരത്ത് പരുത്തിക്കുഴിയില്‍ 8.5 സെന്റ് സ്ഥലവും മൂന്ന് നിലകളില്‍ വാര്‍ത്ത് കോണ്‍ക്രീറ്റ് പണികള്‍ പൂര്‍ത്തിയാക്കിയ കെട്ടിടവും വിലക്കു വാങ്ങി. അറ്റക്കുറ്റപണികള്‍ പൂര്‍ത്തിയാക്കി മേയ് മൂന്നിന് കെട്ടിടം ഉദ്ഘാടനം ചെയ്തു. പ്രമുഖ നേതാക്കള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. കെട്ടിടത്തിന് നിയമപരമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയശേഷമാണ് ഉദ്ഘാടനം നടത്തിയത്. നിയമാനുസൃതമായ നടപടിക്രമങ്ങള്‍ പാലിയ്ക്കാതെ കെട്ടിടം പണിതെന്ന് കാണിച്ച് ഒരു വ്യക്തി ഓംബുഡ്‌സ്മാനില്‍ പരാതി നല്‍കി. ഇതിന്‍പ്രകാരം ഈ മാസം ഏഴിന് ഇക്കാര്യത്തില്‍ ഓംബുഡ്‌സ്മാന്‍ തീര്‍പ്പു കല്‍പ്പിച്ചതായും ചില വാര്‍ത്തകളില്‍ കണ്ടു. ഇങ്ങനെയൊരു വിധി ഉണ്ടായിട്ടുണ്ടെങ്കില്‍ പോലും അതിന് വളരെ മുമ്പ് തന്നെ ഐഎന്‍ടിയുസി ഇത് ക്രമവല്‍ക്കരിക്കാന്‍ കോര്‍പ്പറേഷന് അപേക്ഷ സമര്‍പ്പിച്ചിരുന്നു.

കോര്‍പ്പറേഷന്‍ അതനുവദിക്കുകയും ക്രമവല്‍ക്കരിക്കുന്നതിന് 23,615 രൂപ ഫീസായി ഒടുക്കാന്‍ നഗരസഭ ആവശ്യപ്പെട്ടു. കഴിഞ്ഞ ജൂലൈ 24ന്  നഗരസഭയ്ക്ക് തുക ഒടുക്കുകയും കെട്ടിടനിര്‍മ്മാണം ക്രമവല്‍ക്കരിച്ചു നല്‍കുകയും ചെയ്തു. 2021-22 വരെയുള്ള കെട്ടിടനികുതി നഗരസഭയ്ക്ക് ഒടുക്കി രസീത് വാങ്ങി സൂക്ഷിച്ചിട്ടുള്ളതാണെന്നും മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമായ കാരണങ്ങള്‍ നിരത്തിയുള്ളതാണെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ
ഐഎൻടിയുസി സംസ്ഥാന ജന:സെക്രട്ടറി വി.ജെ.ജോസഫ്, ജില്ലാ പ്രസിഡൻറ്
വി.ആർ.പ്രതാപൻ എന്നിവർ പങ്കെടുത്തു.