സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യത വര്‍ദ്ധിച്ചു : വി.എന്‍. വാസവന്‍


ആരോപണങ്ങള്‍ ജനങ്ങളെ പരിഹസിക്കുന്നത്:
 
vasavan
രജിസ്‌ട്രേഷന്‍ വകുപ്പിന്റേത് ചരിത്ര നേട്ടം 

സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യത വര്‍ദ്ധിച്ചതായി സഹകരണ മന്ത്രി  വി.എന്‍. വാസവന്‍. കേസരി സ്മാരക ട്രസ്റ്റും പത്ര പ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റിയും സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ പ്രസ്ഥാനങ്ങള്‍ക്കെതിരെ പ്രചാരണങ്ങള്‍ നടക്കുന്നതിനിടയിലാണ് നിക്ഷേപ സമാഹരണ യജ്ഞം പ്രഖ്യാപിച്ചത്. ആറായിരം കോടി രൂപയായിരുന്നു ലക്ഷ്യം വച്ചത്. എന്നാല്‍ 7253 കോടി രൂപയാണ് ലഭിച്ചത്. ഇത് അഭിമാനകരമായ മുന്നേറ്റമാണ്. പൊതുവെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സഹകരണ മേഖല വലിയ കുതിച്ചു ചാട്ടം നടത്തിയിട്ടുണ്ട്. വായ്പാ രംഗത്തും നിക്ഷേപ രംഗത്തും മാത്രമല്ല വിവിധ രംഗങ്ങളില്‍ പുതിയ സംരംഭങ്ങളുമായി മുന്നോട്ട് കുതിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 17123 സ്ഥിരം നിയമനങ്ങള്‍ ഉള്‍പ്പെടെ 45,606 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. 
30 യുവജന സഹകരണ സംഘങ്ങള്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നു. കാറ്ററിംഗ് രംഗം മുതല്‍ ഐടി രംഗം വരെയുള്ള വ്യത്യസ്തമായ മേഖലകളിലാണ് വിജയകരമായ പ്രവര്‍ത്തനങ്ങളുമായി ഈ സഹകരണ സംഘങ്ങള്‍ മുന്നേറുന്നത്. പ്രളയത്തിലും പ്രകൃതി ദുരന്തങ്ങളിലും ദുരിതം അനുഭവിക്കുന്നവര്‍ക്കായി വീട് നിര്‍മ്മിച്ചു നല്‍കുന്നതില്‍ വലിയ മുന്നേറ്റം നടത്തി. ആദ്യ ഘട്ടത്തില്‍ വീടുകള്‍ പൂര്‍ത്തിയാക്കി കൈമാറിയതിനു പുറമെ രണ്ടാം ഘട്ടം തൃശ്ശൂര്‍ ജില്ലയില്‍ ഭവന സമുച്ചയം നിര്‍മ്മിച്ചു കൈമാറുകയും ചെയ്തു. എല്ലാ ജില്ലകളിലും ഈ കെയര്‍ ഹോം പദ്ധതി നടപ്പിലാക്കുകയാണ്. നെല്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങായി കോട്ടയം ആസ്ഥാനമായി പാലക്കാട് ഒഴികെയുള്ള ജില്ലകള്‍ അധികാര പരിധിയായി നിശ്ചയിച്ച് സഹകരണ സംഘം സ്ഥാപിച്ചു. 
പാലക്കാട് മറ്റൊരു നെല്ല് സംഭരണ സംസ്‌കരണ വിപണന സഹകരണ സംഘം പ്രവര്‍ത്തിക്കുന്നു. അശരണരായ സഹകാരികള്‍ക്കുള്ള സഹായം നല്‍കുന്നതിനുള്ള നടപടികള്‍ സജീവമാണ്. രണ്ട് ഘട്ടങ്ങളിലായി 22000 പേര്‍ക്ക് സഹായധനം കൈമാറി. അവശരായ സഹകാരികള്‍ക്കായി സഹായത്തിനായി സഹകാരിക്ക് ഒരു സാന്ത്വനം പദ്ധതിയിലൂടെ 50,000 രൂപ വരെ സഹായം നല്‍കി. മുറ്റത്തെ മുല്ല പദ്ധതിയില്‍ എല്ലാ മേഖലയിലുമായി 1272.92 കോടി രൂപ വായ്പ നല്‍കി കഴിഞ്ഞു. മത്സ്യ തൊഴിലാളികള്‍ക്കായി സ്‌നേഹതീരം പദ്ധതി നടപ്പിലാക്കി. കുറഞ്ഞ പലിശയ്ക്ക് വായ്പ നല്‍കുന്ന പദ്ധതിയാണ് സ്‌നേഹ തീരം. സഹകരണ ബാങ്കിലെ അനഭലഷണീയ പ്രവണതകള്‍ തടയുന്നതിന് ഓഡിറ്റ് സംവിധാനത്തില്‍ കാര്യമായ മാറ്റം വരുത്തി. 
അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ നിന്നുള്ള ഡെപ്യൂട്ടി എജി റാങ്കിലുള്ള ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ ഓഡിറ്റ് ഡയറക്ടേറ്റ് പ്രവര്‍ത്തിക്കുന്നു. സഹകരണ സംഘങ്ങളുടെ ആസ്തി ബാദ്ധ്യതകളും മറ്റും ഓണ്‍ ലൈന്‍ വഴി എവിടെ നിന്നും ശേഖരിക്കാന്‍ കഴിയുന്ന സംവിധാനവും ഏര്‍പ്പടുത്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ രണ്ട് നൂറു ദിന കര്‍മ്മ പരിപാടിയിലുള്‍പ്പെടുത്തിയ മുഴുവന്‍ പ്രഖ്യാപനങ്ങളും സമയ ബന്ധിതമായി നടപ്പിലാക്കാന്‍ സഹകരണ വകുപ്പിന് കഴിഞ്ഞിട്ടുണ്ട്.

സ്വര്‍ണ്ണക്കടത്ത് സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ ജനങ്ങളെ പരിഹസിക്കുന്നതാണെന്ന് സഹകരണം, രജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍. പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മീറ്റ് ദി പ്രസില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകായിരുന്നു മന്ത്രി. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി വരുന്നതാണ്. നേരത്തെ ഏതെല്ലാം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചു. അന്നൊന്നും ഉന്നയിക്കപ്പെടാത്ത ആരോപണങ്ങളാണ് ഇപ്പോഴുള്ളത്. അന്വേഷിച്ചു തള്ളിക്കളഞ്ഞ കാര്യങ്ങളാണത്. ഈ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടതിന് ശേഷം നടന്ന തിരഞ്ഞെടുപ്പിലാണ് ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തിയത്. വീണ്ടും അതേ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ജനങ്ങളെ വെല്ലുവിളിക്കുന്നത് പോലെയാണ്. ഇതിനു പുറകെ പോകുന്നവര്‍ നാണംകെടുക മാത്രമെയുള്ളൂവെന്നും മന്ത്രി കൂട്ടി ചേര്‍ത്തു. 

പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുള്ള കാര്യങ്ങള്‍ മുഴുവന്‍ നടപ്പിലാക്കിയവയാണെന്നും മറിച്ചുള്ള പ്രചാരണം യാഥാര്‍ത്ഥ്യത്തിനു നിരക്കുന്നതല്ലെന്നും മന്ത്രി പറഞ്ഞു. നടപ്പിലാക്കിയിട്ടുള്ള കാര്യങ്ങള്‍ സംബന്ധിച്ച് സംവാദത്തിന് തയ്യാറാണെന്നും മന്ത്രി പ്രതികരിച്ചു. പ്രോഗ്രസ് റിപ്പോര്‍ട്ടിലെ പദ്ധതികള്‍ നടപ്പിലാക്കിയവയല്ലെന്നും സംവാദത്തിനു തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ ഇതു ചൂണ്ടിക്കാണിച്ചപ്പോഴാണ് നടപ്പിലാക്കിയ കാര്യങ്ങള്‍ സംബന്ധിച്ച് സംവാദത്തിനു തയ്യാറാണെന്ന് മന്ത്രി പ്രതികരിച്ചത്. കഴിഞ്ഞ സര്‍ക്കാരും പ്രകടന പത്രികയില്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ നടപ്പിലാക്കി. ഇത്തവണയും പ്രകടന പത്രികയിലെ പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കിയാണ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി വിശദീകരിച്ചു..

 2021 -22 സാമ്പത്തിക വര്‍ഷത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 1301.57 കോടി രൂപയുടെ വര്‍ദ്ധനയാണ് രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വരുമാനത്തിലുണ്ടായെന്ന് മന്ത്രി വി.എന്‍. വാസവന്‍. ബജറ്റ് ലക്ഷ്യം വച്ചതിനേക്കാള്‍ 305.89 കോടി രൂപയുടെ അധിക വരുമാനമാണ് സാമ്പത്തിക വര്‍ഷം രജിസ്‌ട്രേഷന്‍ വകുപ്പ് നേടിയത്. 12 ജില്ലകളില്‍ ബജറ്റ് ലക്ഷ്യത്തേക്കാള്‍ കൂടുതല്‍ വരുമാനമുണ്ടായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4125.99 കോടിയായിരുന്നു ബജറ്റ് ലക്ഷ്യം. വരുമാനമാകട്ടെ 107.41 ശതമാനം ഉയര്‍ന്ന് 4431.88 കോടി രൂപയായി. 
സാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോള്‍  9,26,487 ആധാരങ്ങളാണ് രജിസ്റ്റര്‍ ചെയ്തു. 2020 -21 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 1,63,806 ആധാരങ്ങള്‍ കൂടുതലായി രജിസ്റ്റര്‍ ചെയ്തു. ആധാര രജിസ്‌ട്രേഷനില്‍ നിന്നും 4,431.88 കോടി രൂപ വരുമാനമായി ലഭിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ 1301.57 കോടി രൂപയുടെ അധിക വരുമാനമാണ് ലഭിച്ചത്.  2020 -21 ല്‍  7,62,681 ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തില്‍ നിന്നും  3130.32 കോടി രൂപയായിരുന്നു വരുമാനമെന്നും മന്ത്രി വിശദീകരിച്ചു. 
രജിസ്‌ട്രേഷന്‍ ഓഫീസുകളിലെ കമ്പ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തിയാക്കി ഡിജിറ്റലൈസേഷന്‍ പൂര്‍ണമാക്കുകയാണ്. മുന്‍ ആധാരങ്ങളും ഡിജിറ്റലൈസ് ചെയ്യും. റവന്യൂ വകുപ്പുമായി സഹകരിച്ചു പ്രവര്‍ത്തിക്കേണ്ട കാര്യങ്ങളിലും ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കുമ്പോള്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകും. എല്ലാ ഓഫീസുകളും നവീകരിക്കുകയും സേവനങ്ങള്‍ അടിയന്തരമായി ലഭ്യമാക്കുകും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.