അന്താരാഷ്ട്ര വ്യാപാരത്തിന് ഇന്ത്യന്‍ രൂപ

 
RS
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ച രേഖപ്പെടുത്തിയ സാഹചര്യത്തിൽ രൂപയില്‍ അന്താരാഷ്ട്ര വ്യാപാര സെറ്റില്‍മെന്റിനുള്ള സംവിധാനം ഏര്‍പ്പെടുത്തുകയാണെന്ന് ആര്‍ബിഐ. ഉത്തരവ് ഉടനടി പ്രാബല്യത്തില്‍ വരും, കയറ്റുമതിയില്‍ ഊന്നല്‍ നല്‍കി ആഗോള വ്യാപാരത്തിന്റെ വളര്‍ച്ച പ്രോത്സാഹിപ്പിക്കാനാണ് സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും ആര്‍ബിഐ അറിയിച്ചു.

'ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് ആഗോള വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യന്‍ രൂപയില്‍ ആഗോള വ്യാപാര സമൂഹത്തിന്റെ വര്‍ദ്ധിച്ചു വരുന്ന താല്‍പ്പര്യം കണക്കിലെടുത്തുമാണ് നടപടി. കയറ്റുമതിയ്ക്കും ഇറക്കുമതിയ്ക്കും ഇന്‍വോയ്‌സിംഗ്, പേയ്‌മെന്റ്, കയറ്റുമതി തീര്‍പ്പാക്കല്‍ എന്നിവയ്ക്കായി ഇന്ത്യന്‍ രൂപയില്‍ വിനിമയം നടത്താനുള്ള അധിക ക്രമീകരണമാണ് ഏര്‍പ്പെടുത്തുന്നത്. ' എന്ന് ആർബിഐ പ്രസ്താവനയില്‍ പറഞ്ഞു.