'മുഖ്യമന്ത്രി കൊടുത്ത കത്തല്ലേ, പ്രേമലേഖനം അല്ലല്ലോ'; പദവിയുടെ മഹത്വം മനസിലാക്കാതെ ഗവർണർ പ്രതികരിക്കുന്നുവെന്ന് കാനം

 
CPI_kannan rajendran
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
 ഇല്ലാത്ത അധികാരങ്ങൾ ഉണ്ടെന്ന് ഭാവിച്ചുളള ഗവർണറുടെ പ്രവർത്തനവും പെരുമാറ്റവും ജനാധിപത്യത്തിന് അപമാനമാണ്.നിയമസഭ പാസാക്കിയ നിയമം അംഗീകരിക്കാതെ ഗവർണർ ബുദ്ധിമുട്ടിക്കുന്നു.കൊറേ കാലമായി ഇത് സഹിക്കുന്നു. രാജഭരണം അല്ലാലോ? ഇല്ലാത്ത അധികാരം ഉണ്ടെന്നു ആണ് ഗവർണറുടെ മട്ട്. കത്തുകൾ പ്രസിദ്ധപ്പെടുത്തും എന്നാണ് ഇപ്പോഴത്തെ ഭീഷണി. മുഖ്യമന്ത്രി കൊടുത്ത കത്തല്ലേ, പ്രേമലേഖനം അല്ലാലോയെന്നും കാനം ചോദിച്ചു.

മുഖ്യമന്ത്രിക്കെതിരായ ആരോപണം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നും ആവ‍ർത്തിച്ചു മുഖ്യമന്ത്രിയെ ഓർത്ത് സഹതാപം തോന്നുന്നു. കണ്ണൂ‍ർ സംഭവത്തിൽ കേസെടുക്കാതിരുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരം ആണ്. തന്നെ ആക്രമിച്ച ദൃശ്യങ്ങൾ നാളെ പുറത്തുവിടും. ഗവർണ‍ക്കെതിരെ ആക്രമണം നടക്കുമ്പോൾ പരാതി കിട്ടിയിട്ട് വേണോ സർക്കാരിന് അന്വേഷിക്കാനെന്നും ഗവര്‍ണര്‍ ചോദിച്ചു.

സംഭവത്തില്‍ സ്വയമേ കേസെടുത്ത് അന്വേഷിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനില്ലേ എന്നും ഗവർണർ ചോദിച്ചു . ഇതിനു പിന്നിൽ ഗൂഢാലോചനയാണ്. ഇതിന്‍റെ  ദൃശ്യങ്ങൾ നാളെ പുറത്തുവിടും. ഗവർണർ പോലും ഇന്നാട്ടിൽ സുരക്ഷിതനല്ലെന്നും ഗവർണർ പറഞ്ഞു. ഈ വിഷയത്തിൽ കേന്ദ്രത്തെ സമീപിക്കും . അതിനുള്ള ഘട്ടം ആയെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു

സർവകലാശാല വിഷയങ്ങളിൽ ഇടപെടില്ലെന്ന് വ്യക്തമാക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കത്തും നാളെ പുറത്തുവിടുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് ആജീവനാന്ത പെൻഷൻ നൽകുകയാണ്.  മറ്റേത് നാട്ടിലാണ് ഇത് നക്കുക. ഇത് ജനത്തെ കൊള്ളയടിക്കലാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.പിണറായി വിജയൻ പല കാര്യങ്ങൾക്കും സഹായം തേടി തന്നെ സമീപിച്ചിട്ടുണ്ട്. അത് ഇപ്പോൾ പറയാൻ ഉദ്ദേശിച്ചിട്ടില്ല. പക്ഷെ പുറത്തുവിടുമെന്ന് പറഞ്ഞ കത്തുകൾ പുറത്തുവിടുമെന്നും ഗവർണർ പറഞ്ഞു.