ആര്‍ എസ് എസ് ശാഖക്ക് സംരക്ഷണമൊരുക്കിയിട്ടുണ്ടെന്ന വിവാദ പ്രസ്താവനയില്‍ കൂടുതല്‍ വിശദീകരണവുമായി കെ സുധാകരന്‍

ആര്‍ എസ് എസ് ശാഖക്ക് സംരക്ഷണമൊരുക്കിയിട്ടുണ്ടെന്ന വിവാദ പ്രസ്താവനയില്‍ കൂടുതല്‍ വിശദീകരണവുമായി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്ത്.ശാഖയോടും അവരുടെ ലക്ഷ്യത്തോടും ആര്‍ എസ് എസിനോടും തനിക്ക് ആഭിമുഖ്യമില്ലെന്നും എന്നാല്‍ അവര്‍ക്ക് പറയാനും ജനാധിപത്യ സമൂഹത്തില്‍ നിയമ വിധേയമായി പ്രവര്‍ത്തിക്കാനും അവകാശമുണ്ടെന്നും അത് മാത്രമാണ് താന്‍ ചൂണ്ടികാട്ടിയതെന്നുമാണ് സുധാകരന്‍ പറയുന്നത്. ആര്‍ എസ് എസിന്‍റെ നാഗ്പൂര്‍ അടക്കമുള്ള കാര്യാലയങ്ങളില്‍ റെയ്ഡ് നടത്തി അവരുടെ പ്രവര്‍ത്തകരെ പണ്ട് കോണ്‍ഗ്രസ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തപ്പോള്‍ അവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയത് സി പി എം ആയിരുന്നു എന്ന ചരിത്രം ആരും മറന്നു പോകരുതെന്നും സുധാകരന്‍ പറഞ്ഞു.
അന്ന് ആര്‍ എസ് എസിന്‍റെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിനുവേണ്ടി സി പി എം വാദിച്ചതെന്നും, ആര്‍എസ്‌എസ് ശാഖകളോടുള്ള സ്നേഹം കൊണ്ടല്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നതെന്നും സുധാകരന്‍ വിശദീകരിച്ചു. ജനാധിപത്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി രാഷ്ട്രീയ ലാഭം നോക്കാതെ പ്രവര്‍ത്തിച്ച ഒരാളാണ് താനെന്നും അത് ഇനിയും തുടരുക തന്നെ ചെയ്യുമെന്നും കെ പി സി സി പ്രസിഡന്‍റ് വിവരിച്ചു. സംഘടനാ കോണ്‍ഗ്രസിന്‍റെ ഭാഗം ആയ സമയത്ത് നടന്ന സംഭവമാണ് രാവിലെ പറഞ്ഞതെന്നും സി പി എമ്മിന്‍റെ ഓഫീസുകള്‍ തര്‍ക്കപ്പെട്ടപ്പോഴും സംരക്ഷണം ഒരുക്കിയ ചരിത്രം ഉണ്ടെന്നും സുധാകരന്‍ ഫേസബുക്ക് കുറിപ്പിലൂടെ അവകാശപ്പെട്ടു.
കണ്ണൂരില്‍ ആര്‍എസ്‌എസ് ശാഖ സംരക്ഷിക്കാന്‍ താന്‍ ആളെ അയച്ചുവെന്ന കെ സുധാകരന്‍റെ പ്രസ്താവനയെ ചൊല്ലി വലിയ വിവാദങ്ങള്‍ ഉയരുമ്പോള്‍ ചര്‍ച്ചയായി മുസ്ലീം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ പി കെ അബ്‍ദു റബ്ബിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.ആര്‍എസ്‌എസ് എപ്പോഴെങ്കിലും മറ്റുള്ളവരുടെ മൗലികാവകാശങ്ങള്‍ക്ക് വില കല്‍പ്പിച്ചിട്ടുണ്ടോയെന്നാണ് അബ്‍ദു റബ്ബ് ഉയര്‍ത്തിയിരിക്കുന്ന സുപ്രധാന ചോദ്യം.'ഹേ റാം' എന്നുച്ചരിച്ച് മഹാത്മാവ് പിടഞ്ഞു വീണത് ഓട്ടോറിക്ഷയിടിച്ചല്ലെന്നും ആര്‍എസ്‌എസുകാരന്‍ വെടിയുതിര്‍ത്തിട്ടാണെന്നും അബ്‍ദു റബ്ബ് കുറിച്ചു. കെ സുധാകരന്‍റെ പേര് പറഞ്ഞില്ലെങ്കിലും ആര്‍എസ്‌എസ് ശാഖ സംരക്ഷിക്കാന്‍ താന്‍ ആളെ അയച്ചുവെന്ന കെപിസിസി പ്രസിഡന്‍റിന്‍റെ പ്രസ്താവനയോടുള്ള കടുത്ത അമര്‍ഷം അബ്‍ദു റബ്ബിന്‍റെ പ്രതികരണത്തില്‍ വ്യക്തമാണ്.
കണ്ണൂരില്‍ ആര്‍എസ്‌എസ് ശാഖ സംരക്ഷിക്കാന്‍ താന്‍ ആളെ അയച്ചുവെന്ന കെ സുധാകരന്‍്റെ പ്രസ്താവനയില്‍ അദ്ഭുതമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.കണ്ണൂരില്‍ കോണ്‍ഗ്രസും ആര്‍എസ്‌എസും പരസ്പരം സഹകരിച്ചാണ് പ്രവര്‍ത്തിച്ചത്. 1969 മുതലേ ആ ബന്ധം ഉണ്ട്. ഇ പി ജയരാജനെതിരെ അക്രമം നടത്തിയവരില്‍ ആര്‍എസ്‌എസുകാരുമുണ്ട്. കണ്ണൂരിനെ ദത്തെടുത്ത് സിപിഎമ്മിനെ നശിപ്പിക്കാന്‍ ശ്രമിച്ചവരാണ് ആര്‍എസ്‌എസ്. ആദ്യം തെരഞ്ഞെടുത്ത ജില്ലയെന്ന നിലയില്‍ രണ്ട് കോടി രൂപ നല്‍കി എന്നത് ആര്‍എസ്‌എസ് പറഞ്ഞതാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.അതേസമയം ബിജെപിയില്‍ പോകാന്‍ തോന്നിയാല്‍ പോകുമെന്ന സുധാകരന്റെ നിലപാട് ജനാധിപത്യപരമായ അവകാശമാണ്. കോണ്‍ഗ്രസ് ആണ് അത് ഗൌരവത്തില്‍ എടുക്കേണ്ടത്. ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ട്. തീവ്ര ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന ബിജെപിക്ക് ഒപ്പം മൃദു ഹിന്ദുത്വ നിലപാട് സ്വീകരിച്ച് നില്‍ക്കുകയാണ് കോണ്‍ഗ്രസ് എന്നും ഗോവിന്ദന്‍ ആരോപിച്ചു.