കെപിസിസി പുഃനസംഘടന പട്ടിക ; 73 പുതുമുഖങ്ങൾ, 50 വയസ്സിൽ താഴെയുള്ള 104 പേർ

 
sud and Vd
കെപിസിസിയുടെ നിയുക്ത ജനറൽ ബോഡിയിൽ 73 പുതുമുഖങ്ങളെ ഉൾപ്പെടുത്തി. നേരത്തേ 45 പേരെയാണ് പുതുതായി ഉൾപ്പെടുത്താൻ തീരുമാനിച്ചത്. എന്നാൽ, 50 വയസ്സിൽ താഴെ യുള്ളവരുടെ പ്രാതിനിധ്യം വർധിപ്പിക്കണമെന്ന എഐസിസിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് കരടു പട്ടിക പുതുക്കിയത്. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുതി‍‍ർന്ന നേതാക്കളായ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവ‍ർ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്.

പുതുക്കിയ പട്ടിക ഇന്ന് ഹെെക്കമാൻഡിന് സമ‍‍‍ർപ്പിക്കും. കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന ഇലക്ടറൽ കോളജ് ആണ് 280 അംഗ കെപിസിസി ജനറൽ ബോഡി. പട്ടിക പുതുക്കിയതോടെ 280 അംഗ പട്ടിക യിൽ 50 വയസ്സിൽ താഴെയുള്ള 104 പേരെങ്കിലും ഇടം പിടിക്കും. പ്രവർത്തനരംഗത്ത് ഒട്ടും സജീവമല്ലാത്തവരെ കൂടി ഒഴിവാക്കി കൊണ്ടാണ് പട്ടിക പുതുക്കിയത്.
ഒരു നിയമസഭാനിയോജകമണ്ഡലത്തിൽ നിന്ന് രണ്ട് പ്രതിനിധികൾ. അങ്ങനെ 140 നിയോജകമണ്ഡലങ്ങളിൽ നിന്നായി 280 പേരാണ് കെപിസിസി അംഗങ്ങളായി എത്തേണ്ടത്. യുവാക്കൾക്കും വനിതകൾക്കും ദളിത് വിഭാഗത്തിൽ നിന്നുളളവർക്കുമായി കൂടുതൽ പാർട്ടി സ്ഥാനങ്ങൾ ഉറപ്പാക്കണമെന്നും സംഘടനാ സ്ഥാനങ്ങളിലേക്കുളള തെരഞ്ഞെടുപ്പിൽ ഗ്രൂപ്പ് അതിപ്രസരം പാടില്ലെന്നുമുളള ഉദയ്പൂർ ചിന്തൻശിബിര തീരുമാനം പുറത്തു വന്നതിനു പിന്നാലെയാണ് കെപിസിസി പുനഃസംഘടനാ ചർച്ചയിലേക്ക് കടന്നത്.
280 അംഗങ്ങളുടെ പട്ടികയിൽ 46 പേരെ മാറ്റിക്കൊണ്ടുളള പട്ടിക നേരത്തെ സമ‍ർപ്പിച്ചിരുന്നു. എന്നാൽ യുവ, വനിതാ പ്രാതിനിധ്യം കൂട്ടാൻ ആവശ്യപ്പെട്ട് പട്ടിക തിരിച്ചയച്ചിരുന്നു. പട്ടികയിൽ നിന്നും മരിച്ചുപോയവരുടെയും പാർട്ടി വിട്ടു പോയവരുടെയും ഒഴിവുകൾ മാത്രം നികത്താനായിരുന്നു ആദ്യ തീരുമാനം. അങ്ങനെ അൻപതോളം പേരെ മാത്രം പുതുതായി ഉൾപ്പെടുത്തിയ പട്ടിക കേരളത്തിൽ നിന്നു കൈമാറി. എന്നാൽ ഇതു പഴയ ഗ്രൂപ്പ് വീതംവയ്പിലേക്കുള്ള തിരിച്ചുപോക്കാണെന്നും 50% പുതുമുഖങ്ങൾക്കു നീക്കിവയ്ക്കണമെന്ന ചിന്തൻശിബിര തീരുമാനം ലംഘിച്ചെന്നും ചൂണ്ടിക്കാട്ടി ടി എൻ പ്രതാപൻ എംപി അടക്കമുള്ളവർ ഹൈക്കമാൻഡിനെ സമീപിച്ചു. ഇതോടെയാണ് അംഗങ്ങളുടെ പ്രായം, മതം, സ്ത്രീയോ പുരുഷനോ തുടങ്ങിയ വിശദാംശങ്ങൾ ചോദിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് അതോറിറ്റി പട്ടിക മടക്കി അയച്ചത്.