എം ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു

 
pix

എം ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. പതിനൊന്ന് മണിക്ക് രാജ്ഭവനില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.സിപിഐ എം സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്ത എംവി ഗോവിന്ദന്‍ രാജിവെച്ച ഒഴിവിലാണ് നിയമസഭാ സ്‌പീക്കറായിരുന്ന രാജേഷിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്

സഗൗരവമായിരുന്നു സത്യപ്രതിജ്ഞ.തൃത്താലയില്‍ നിന്നുള്ള നിയമസഭാ അംഗമാണ് എം ബി രാജേഷ്.എം.ബി.രാജേഷിന്റെ കുടുംബാംഗങ്ങളും മന്ത്രിസഭയിലെ അംഗങ്ങളും പ്രതിപക്ഷ നേതാവും ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. തൃത്താലയിൽനിന്നുള്ള എംഎൽഎയാണ് എം.ബി.രാജേഷ്. 2009ലും 2014ലും പാലക്കാ‌ട് എംപിയായിരുന്നു.

pix

സൈനിക ഉദ്യോഗസ്ഥനായിരുന്ന ചളവറ കയിലിയാട് മാമ്പറ്റ ബാലകൃഷ്ണൻ നായരുടെയും എം.കെ.രമണിയുടെയും മകനായി 1971 മാർച്ച് 12നു പഞ്ചാബിലെ ജലന്തറിലാണ് എം.ബി.രാജേഷിന്റെ ജനനം. ഒറ്റപ്പാലം എൻഎസ്എസ് കോളജിൽനിന്നു സാമ്പത്തിക ശാസ്ത്രത്തിൽ പിജിയും ലോ അക്കാദമിയിൽനിന്നു നിയമബിരുദവും നേടി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇപ്പോൾ സിപിഎം സംസ്ഥാന സമിതിയംഗം. ഡിവൈഎഫ്ഐ മുഖപത്രം ‘യുവധാര’യുടെ പത്രാധിപരായിരുന്നു. ഭാര്യ: കാലിക്കറ്റ് വാഴ്സിറ്റി യൂണിയൻ മുൻ ചെയർപഴ്സൻ ഡോ.നിനിത കണിച്ചേരി (അസി. പ്രഫസർ, കാലടി സർവകലാശാല) കെഎസ്‌ടിഎ മുൻ സംസ്‌ഥാന നേതാവ് റഷീദ് കണിച്ചേരിയുടെ മകളാണ്. മക്കൾ: നിരഞ്ജന, പ്രിയദത്ത (വിദ്യാർഥികൾ.)