മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിക്ക് ഇരട്ടക്കുട്ടികള്‍ പിറന്നു
ആദിയയും കൃഷ്ണയും സുഖമായിരിക്കുന്നു
മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. ഇഷയ്ക്കും ഭർത്താവ് ആനന്ദ് പിരാമലിനും ഒരു മകനും ഒരു മകളും ജനിച്ചതായി അംബാനി കുടുംബം അറിയിച്ചു. ആദിയ, കൃഷ്ണ എന്നീ പേരുകളാണ് കുട്ടികൾക്ക് ഇട്ടിരിക്കുന്നത്.
“2022 നവംബർ 19ന് സർവ്വശക്തൻ ഞങ്ങളുടെ മക്കളായ ഇഷയ്ക്കും ആനന്ദിനും ഇരട്ടക്കുട്ടികളെ സമ്മാനിച്ച വാർത്ത പങ്കിടുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഇഷയും മകൾ ആദിയയും മകൻ കൃഷ്ണയും സുഖമായിരിക്കുന്നു” മുകേഷ് അംബാനിയുടെ പേരിൽ റിലയൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
“ആദിയ, കൃഷ്ണ, ഇഷ, ആനന്ദ് എന്നിവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ ഘട്ടത്തിൽ ഞങ്ങൾ നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും തേടുന്നു,” പ്രസ്താവനയിൽ പറയുന്നു.
2018 സെപ്തംബറിൽ ഇറ്റലിയിലെ ലേക്ക് കോമോയിൽ വെച്ചായിരുന്നു ഇഷയുടെയും ആനന്ദിന്റെയും വിവാഹനിശ്ചയം. അതിനുശേഷം ഉദയ്പൂരിൽ ആഡംബരത്തോടെ അവരുടെ വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങൾ ആരംഭിച്ചു, ബോളിവുഡ് രാഷ്ട്രീയം, ബിസിനസ്സ്, സ്പോർട്സ് ലോകത്തെ നിരവധി പ്രമുഖർ വിവാഹ ചടങ്ങുകളിൽ പങ്കെടുത്തു.
ഈ വർഷം ഓഗസ്റ്റിൽ നടന്ന റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ 45-ാമത് വാർഷിക പൊതുയോഗത്തിൽ മുകേഷ് അംബാനി റിലയൻസ് റീട്ടെയിൽ ബിസിനസിന്റെ മേധാവിയായി ഇഷ അംബാനിയെ അവതരിപ്പിരുന്നു.