നീറ്റ്‌ പരീക്ഷ: അടിവസ്‌ത്രം അഴിപ്പിച്ച സംഭവം ഉണ്ടായിട്ടില്ലെന്ന്‌ നാഷണല്‍ ടെസ്റ്റിങ്‌ ഏജന്‍സി

 
neet
വിദ്യാർഥിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം ദേശീയ തലത്തിൽ ചർച്ച... പ്രതിഷേധിച്ച് കൂടുതൽ കുട്ടികളും ജനപ്രതിനിധികളും
‘നീറ്റ്‌’ പരീക്ഷയ്‌ക്കു മുമ്പ്‌ കൊല്ലത്തെ ഒരു സെന്ററില്‍ പെണ്‍കുട്ടിയുടെ അടിവസ്‌ത്രം അഴിപ്പിച്ചെന്ന ആരോപണത്തില്‍ ഒരു പരാതിയും തങ്ങള്‍ക്ക്‌ കിട്ടിയിട്ടില്ലെന്ന്‌ നീറ്റ്‌ പരീക്ഷ നടത്തുന്ന നാഷണല്‍ ടെസ്റ്റിങ്‌ ഏജന്‍സി. പരീക്ഷ എഴുതുന്നതിന് മുമ്പ് ഒരു കേരളത്തിലെ വിദ്യാർത്ഥിയോട് അടിവസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ടെന്ന ആരോപണം എൻടിഎ നിഷേധിച്ചു. സെന്റർ സൂപ്രണ്ടും സ്വതന്ത്ര നിരീക്ഷകനും കൊല്ലം സിറ്റി കോ-ഓർഡിനേറ്ററും കേന്ദ്രത്തിൽ ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്നു റിപ്പോർട്ട് നൽകി.

എന്നാല്‍ അടിവസ്‌ത്രം അഴിപ്പിച്ചെന്ന പരാതി വാക്കാല്‍ ഉന്നയിച്ച്‌ വേറെയും വിദ്യാര്‍ഥികള്‍ രംഗത്തു വന്നിട്ടുണ്ട്‌. അടിവസ്‌ത്രം അഴിപ്പിച്ചവര്‍ ഏജന്‍സി നിയോഗിച്ച കരാര്‍ ജീവനക്കാരികളാണെന്നും അവര്‍ക്ക്‌ പരീക്ഷാര്‍ഥികളെ കൈകാര്യം ചെയ്യാന്‍ ഒരു പരിശീലനവും ലഭിച്ചിട്ടില്ലെന്നും പരാതി ഉയരുന്നുണ്ട്‌.

സംഭവത്തെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സെന്റർ സൂപ്രണ്ടിന്റെയും സ്വതന്ത്ര നിരീക്ഷകന്റെയും സിറ്റി കോർഡിനേറ്ററുടെയും റിപോർട്ടുകൾ ലഭിച്ചതായി എൻടിഎ പറഞ്ഞു. കേന്ദ്രത്തിൽ അത്തരത്തിലുള്ള ഒരു സംഭവവും നടന്നിട്ടില്ലെന്നാണ് മൂവരും മൊഴി നൽകിയിട്ടുള്ളത് .
അതേസമയം, പരീക്ഷാ മാർഗനിർദേശങ്ങൾ പുനഃപരിശോധിക്കണമെന്ന് കേരളത്തിൽ നിന്നുള്ള ലോക്‌സഭാ എംപി എൻകെ പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. “പിഴവുകൾ കണ്ടെത്താനുള്ള ആധുനിക സാങ്കേതികവിദ്യ നമ്മുടെ പക്കലുണ്ട്. അതിനു പകരം ഇത്തരം മനുഷ്യത്വരഹിതവും പ്രാകൃതവുമായ ആചാരങ്ങൾ അവലംബിക്കുന്നത് അവസാനിപ്പിക്കണം . മനുഷ്യാവകാശ ലംഘനങ്ങൾ ഒരിക്കലും ന്യായീകരിക്കാനാവില്ല. ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നു- എൻകെ പ്രേമചന്ദ്രൻ പറഞ്ഞു. ഈ വിഷയത്തിൽ പ്രേമചന്ദ്രൻ ലോക് സഭയിൽ അടിയന്തര പ്രമേയ നോട്ടീസും നൽകിയിട്ടുണ്ട്.