ശിവശങ്കറിന് സമ്മാനമായി നല്‍കിയ ഐഫോണ്‍ എന്‍ഐഎ പിടിച്ചെടുത്തെങ്കിലും മഹസറില്‍ ഇല്ല; കേന്ദ്ര അന്വേഷണം അട്ടിമറിക്കാന്‍ ശ്രമമെന്ന് സ്വപ്ന സുരേഷ്

 
pix
ശിവശങ്കറിന് താന്‍ സമ്മാനമായി നല്‍കിയ ഐഫോണ്‍ എന്‍ഐഎ പിടിച്ചെടുത്തെങ്കിലും മഹസറില്‍ ഇല്ലെന്ന ഗുരുതര ആരോപണവുമായി സ്വപ്ന. അതിപ്പോള്‍ കാണാന്‍ പോലുമില്ലെന്നാണ് അവര്‍ പറയുന്നത്. മുഖ്യമന്ത്രിയുടെയും മറ്റുള്ളവരുടെയും പങ്ക് സംബന്ധിച്ച ചാറ്റുകളും വിവരങ്ങളും ഈ ഫോണിലുണ്ട്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് ഇതില്‍ നിന്നെല്ലാം വ്യക്തമാണെന്നും അവര്‍ പറയുന്നു.

ഗൂഢാലോചനക്കേസ് റദ്ദാക്കാന്‍ നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരിനു മറുപടിയായാണ് സ്വപ്ന സത്യവാങ്മൂലം നല്‍കിയത്. ശിവശങ്കറിന് താന്‍ സമ്മാനമായി നല്‍കിയ ഐഫോണ്‍ എന്‍ഐഎ പിടിച്ചെടുത്തെങ്കിലും മഹസറില്‍ ഇല്ലെന്നു സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

മുഖ്യമന്ത്രിയോടും പാര്‍ട്ടിയോടും ഏറെ അടുപ്പമുള്ള കേരള കേഡര്‍ ഉദ്യോഗസ്ഥര്‍ എന്‍ഐഎയില്‍ ഉള്ളതിനാലാണ് നയതന്ത്ര സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രി എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ടതെന്നു സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതും സര്‍ക്കാരിന് തിരിച്ചടിയായി. രേഖകളില്‍ എളുപ്പം തിരിമറി കാട്ടാമെന്നതു കൊണ്ടാണിതെന്നും ശിവശങ്കറാണ് ഇക്കാര്യം തന്നോടു പറഞ്ഞതെന്നും സ്വപ്ന വ്യക്തമാക്കി.