ദേശീയ സമ്മതിദായക ദിനം: സംസ്ഥാനതല ആഘോഷം ​ഗവർണർ ആരിഫ് മു​ഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു

 
gove

ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ രൂപീകൃതമായ ജനുവരി 25,  ദേശീയ സമ്മതിദായക ദിനമായാണ് ആചരിക്കുന്നത്. വോട്ടവകാശം യുക്തിപൂർവ്വം  വിനിയോഗിക്കേണ്ടതിന്‍റെ പ്രാധാന്യം ചൂണ്ടിക്കാട്ടി സംസ്ഥാനത്തും ദേശീയ സമ്മതിദായക ദിനാഘോഷം സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്തു. പരിഷ്കൃത സമൂഹത്തിന്‍റെ പ്രതിഫലനമാണ് ജനാധിപത്യത്തിൻ്റെ നിലനിൽപ്പെന്ന് ഗവർണർ പറഞ്ഞു. ജനാധിപത്യം അമൂല്യമാണെന്നും ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കാൻ സമ്മതിദാനാവകാശം ശരിയാംവിധം വിനിയോഗിക്കണമെന്നും ഗവർണർ ആഹ്വാനം ചെയ്തു. ആഘോഷ പരിപാടികളില്‍ പങ്കെടുക്കാനെത്തിയവർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയ സമ്മതിദായക പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. 

സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പ് നടപടികള്‍ ഉറപ്പുവരുത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രാജീവ് കുമാർ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സാങ്കേതിക സംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതുതലമുറക്ക് തെരഞ്ഞെടുപ്പ് അവബോധം സൃഷ്ടിക്കാന്‍ കേരളത്തില്‍ വിപുലമായ പദ്ധതികള്‍ നടപ്പാക്കുന്നതായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗള്‍ ഐ എ എസ് വിശദീകരിച്ചു. ഉദ്ഘാടന ചടങ്ങിന് അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. 

ഒറ്റ വോട്ടർ പട്ടികയിലൂടെ നിയമസഭ, ലോക്സഭ, തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പുകൾ നടത്താൻ സാധിക്കുന്ന രീതിയിലേക്ക് വോട്ടർ പട്ടിക പരിഷ്കരിക്കണമെന്ന നിർദ്ദേശം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ മുന്നോട്ടുവച്ചു.

സംസ്ഥാനത്തെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട ആലപ്പുഴ ജില്ല കളക്ടർ വി ആർ കൃഷ്ണതേജ ഐഎഎസിനും സ്പെഷ്യൽ സമ്മറി റിവിഷൻ പ്രവർത്തനങ്ങളില്‍ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവെച്ച തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജിനും ഗവർണർ പുരസ്കാരങ്ങള്‍ സമ്മാനിച്ചു. സംസ്ഥാന ഇലക്ഷൻ ഐക്കണുകളായ നഞ്ചിയമ്മ, Pwd ഐക്കൺ ടിഫാനി ബ്രാർ, ട്രാൻസ്ജെൻഡർ ഐക്കൺ രഞ്ചു രഞ്ചിമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. എൻ വി ഡി  2023 മായി ബന്ധപ്പെട്ട  ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീം സോങ് (മേൻ ഭാരത് ഹൂൻ) റിലീസിങും ചടങ്ങില്‍ നടന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ ഐഎഎസ് (റിട്ട. ), തിരുവനന്തപുരം ജില്ല കളക്ടർ ജെറോമിക്ക് ജോർജ് ഐഎഎസ് തുടങ്ങിയവർ ചടങ്ങില്‍ പങ്കാളികളായി.                    മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ,കേരളം