ലോകത്തിന് ഒരുമയുടെ സന്ദേശം പകര്‍ന്ന മഹാഗുരുവാണ് നവജ്യോതി ശ്രീകരുണാകരഗുരു - ഗവർണർ

 
pix

പോത്തൻകോട് (തിരുവനന്തപുരം) :ലോകത്തിന് ഒരുമയുടെ സന്ദേശം പകര്‍ന്ന മഹാഗുരുവാണ് നവജ്യോതിശ്രീകരുണാകരഗുരുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ശാന്തിഗിരി ആശ്രമത്തിൽ തൊണ്ണൂറ്റിയാറാമത് നവപൂജിതം ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. ഭാഷയ്ക്കും ജാതിക്കും മതത്തിനും വര്‍ണ്ണവര്‍ഗ്ഗ വ്യത്യാസങ്ങള്‍ക്കും അതീതമാണ് ഭാരതത്തിന്‍റെ സംസ്ക്കാരം. അത് ഗുരുക്കന്മാരുടെ പാരമ്പര്യത്തില്‍ അധിഷ്ഠിതമാണ്. മനുഷ്യന്‍ അന്ധകാരത്തിലാഴുമ്പോള്‍ മാനവരാശിക്ക് വെളിച്ചം പകരാന്‍ ഗുരുക്കന്മാര്‍ ജന്മമെടുക്കും. മനുഷ്യന്റെ ജീവിത സാഹചര്യങ്ങളോടൊപ്പം സമൂഹത്തിന്റെ ആത്മീയവും സാംസ്കാരികവുമായ ഘടകങ്ങളുടെ ഉന്നമനം കൂടി ലക്ഷ്യമിട്ടായിരുന്നു നവജ്യോതിശ്രീകരുണാകരഗുരുവിന്റെ പ്രവർത്തനമെന്നും വ്യത്യസ്ത വിശ്വാസങ്ങളിലുള്ളവരെ ഒന്നിപ്പിക്കുന്നതിന് മതത്തിന് അതീതമായ ആത്മീയതയെക്കുറിച്ചുള്ള ഒരു പുതിയ അവബോധം ഗുരു പകർന്ന് നൽകിയെന്നും ഗവർണർ അഭിപ്രായപെട്ടു.


ആശ്രമം പ്രസിഡന്‍റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീലങ്കൻ ആരോഗ്യമന്ത്രി ഡോ.കെഹേലിയ റംബുക്ക് വെല മുഖ്യാതിഥിയായി. മനസിന്‍റെ അച്ചടക്കമാണ് ആത്മീയതയ്ക്ക് അടിസ്ഥാനമെന്നും ശാന്തിഗിരിയില്‍ നിന്ന് ലഭിക്കുന്നത് അത്തരമൊരു ആത്മീയഭാവമാണെന്നും അദ്ദേഹം പറഞ്ഞു. ആശ്രമം ഗുരുധര്‍മ്മപ്രകാശസഭ അംഗങ്ങള്‍ ചേര്‍ന്ന് അദ്ദേഹത്തെ വേദിയില്‍ ആദരിച്ചു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. സംഘര്‍ഷമല്ല സമന്വയമാണ് അനിവാര്യമെന്ന് മാനവരാശിയുടെ സമാധാനത്തിനും സഹവര്‍ത്തിത്വത്തിനുമാണ് ശ്രീകരുണാകരഗുരു നിലകൊണ്ടതെന്നും അദ്ദേഹം പറഞ്ഞു. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി മഹനീയ സാന്നിദ്ധ്യമായി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് എ.എന്‍. രാധാകൃഷ്ണന്‍, മാണിക്കൽ ‌‌ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കുതിരകുളം ജയൻ, റിട്ട. ഡിസ്ട്രിക്സ് സെഷന്‍സ് ജഡ്ജ് മുരളി ശ്രീധര്‍, ശാന്തിഗിരി സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സീനിയര്‍ ഫെലോ ഡോ.കെ ഗോപിനാഥപിള്ള എന്നിവര്‍ പങ്കെടുത്തു. ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍ ജ്ഞാന തപസ്വി സ്വാഗതവും ഇന്‍റർനാഷണൽ ഓപ്പറേഷൻസ് വിഭാഗം ഇൻ-ചാർജ് സ്വാമി ജനനന്മ ജ്ഞാന തപസ്വി കൃതജ്ഞതയും പറഞ്ഞു . വിവിധ ഏരിയകളില്‍ നിന്നായി അഞ്ഞൂറിൽപ്പരം ഗുരുഭക്തര്‍ ചടങ്ങില്‍ പങ്കെടുത്തു.


ഇതോടെ ഏഴു ദിവസം നീണ്ടു നിൽക്കുന്ന നവപൂജിതം ആഘോഷപരിപാടികൾക്ക് തുടക്കമായി. 28 ന് ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ഗുരുവിന്‍റെ ജന്മനാടായ ചന്ദിരൂരിൽ ജന്മഗൃഹസമുച്ചയത്തിന്‍റെ ഉദ്ഘാടനം മമ്മൂട്ടി നിർവഹിക്കും. 29 ന് തിങ്കളാഴ്ച വൈകിട്ട് 6 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സംസ്ഥാന മന്ത്രിമാർ, എം.എൽ.എ മാർ തുടങ്ങി വിവിധ ജനപ്രതിനിധികൾ പങ്കെടുക്കും. 30ന് ചൊവ്വാഴ്ച വൈകിട്ട് 4 ന് നടക്കുന്ന പ്രതിനിധി സമ്മേളനം കേന്ദ്ര വനിതാ ശിശുക്ഷേ വകുപ്പ് മന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്യും. 31 ന് ബുധനാഴ്ച തിരുവനന്തപുരം വഴുതക്കാട് സുബ്രമണ്യം ഹാളിൽ വൈകിട്ട് 5 മണി മുതൽ സൗഹൃദക്കൂട്ടായ്മ നടക്കും. നവപൂജിത ദിനമാ‍യ സെപ്തംബര്‍ 1 ന് വ്യാഴാഴ്ച രാവിലെ 11.30 മണിക്ക് നടക്കുന്ന സമ്മേളനം ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ പ്രമുഖ വ്യവസായി എം.എ.യൂസഫലി മുഖ്യാതിഥിയാകും. വൈകിട്ട് 6ന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യും. സൗഹൃദക്കൂട്ടായ്മകളിലും വിവിധ സമ്മേളനങ്ങളിലും രാഷ്ട്രീയ സാമൂഹിക കലാസാംസ്കാരിക ആത്മീയ മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും. സെപ്തം‌‌ബര്‍ 20 ന് നടക്കുന്ന പൂര്‍ണ്ണകുംഭമേളയോടെ ഈ വര്‍ഷത്തെ നവപൂജിതം ആഘോഷപരിപാടികള്‍ സമര്‍പ്പിക്കും.