മല്ലപ്പള്ളിയില്‍ നടന്ന പരിപാടിയില്‍ ഞാന്‍ ഭരണഘടനയെ വിമര്‍ശിച്ചു എന്ന രീതിയില്‍ വന്ന വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെട്ടതാണ് :സജി ചെറിയാൻ

 
saji
പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടന്ന പരിപാടിയില്‍ ഞാന്‍ ഭരണഘടനയെ വിമര്‍ശിച്ചു എന്ന രീതിയില്‍ വന്ന വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെട്ടതാണ്. നമ്മുടെ ഭരണഘടനയെ ബഹുമാനിക്കുകയും അതിന്റെ ഉദാത്തമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന പൊതുപ്രവര്‍ത്തകനാണ് ഞാന്‍. ഞാനുള്‍പ്പെടുന്ന പ്രസ്ഥാനം നമ്മുടെ ഭരണഘടനയെയും അതില്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള മൂല്യങ്ങളെയും സംരക്ഷിക്കണമെന്ന ആവശ്യം രാജ്യത്തെമ്പാടും ഉയര്‍ത്തിപ്പിടിക്കുന്നവരുടെ മുന്‍പന്തിയിലാണ്.

ഈ അടിസ്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആളാണ് ഞാന്‍, എന്റെ പ്രസ്ഥാനവും ഈ അടിസ്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനവുമാണ്‌.  

ഞാന്‍ നടത്തിയ പ്രസംഗത്തില്‍ രാജ്യത്തിന്റെ മൗലിക അവകാശങ്ങളുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ പരാമര്‍ശിക്കപ്പെടുകയുണ്ടായി. അതിലൊന്ന്, സമത്വത്തിനു വേണ്ടിയുള്ള അവകാശം (ആര്‍ട്ടിക്കിള്‍ 14,18), സ്വാതന്ത്ര്യത്തിനുള്ള അവകാശം (ആര്‍ട്ടിക്കിള്‍ 19,22), ചൂഷണത്തിനെതിരായ അവകാശം (ആര്‍ട്ടിക്കിള്‍ 23,24), മതസ്വാതന്ത്ര്യത്തിനുള്ള അവകാശം (ആര്‍ട്ടിക്കിള്‍ 25,28), സാംസ്കാരികവും വിദ്യാഭ്യാസത്തിനുമുള്ള അവകാശം (ആര്‍ട്ടിക്കിള്‍ 29,30), ഭരണഘടനാപരമായ പരിഹാരങ്ങള്‍ക്കുള്ള അവകാശം (ആര്‍ട്ടിക്കിള്‍ 32). ഈ മൗലികമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം എന്നതായിരുന്നു എന്റെ പ്രസംഗത്തിന്റെ ഉള്ളടക്കം.        

നമ്മുടെ ഭരണഘടനയുടെ നിര്‍ദ്ദേശകതത്വങ്ങള്‍ സാമൂഹ്യനീതിയും സാമ്പത്തിക സുരക്ഷയും എല്ലാവര്‍ക്കും ഉറപ്പുവരുത്തണമെന്ന് നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്. എന്നാല്‍ ഇവ നടപ്പിലാക്കിക്കിട്ടണം എന്ന ആവശ്യവുമായി കോടതിയെ സമീപിക്കാനുള്ള അവകാശം ഭരണഘടനയില്‍ എഴുതി ചേര്‍ക്കപ്പെട്ടിട്ടില്ല. രാജ്യത്തെ ചൂഷണം ചെയ്യപ്പെടുന്ന ജനകോടികള്‍ക്ക് നീതി ലഭിക്കണമെങ്കില്‍ ഭരണഘടനയുടെ നിര്‍ദ്ദേശകതത്വങ്ങള്‍ക്ക് കൂടുതല്‍ ശാക്തീകരണം അനിവാര്യമാണ്. അല്ലെങ്കില്‍ വര്‍ദ്ധിച്ചു വരുന്ന അസമത്വങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുന്നതില്‍ ഭരണഘടനയ്ക്ക് ശക്തിയുണ്ടാവില്ല എന്ന ആശങ്കയാണ് ഞാന്‍ എന്റേതായ വാക്കുകളില്‍ പ്രകടിപ്പിച്ചത്. ഒരിക്കല്‍പ്പോലും ഭരണഘടനയ്ക്ക് അവമതിപ്പുണ്ടാക്കാനോ അതിനെതിരായ കാര്യങ്ങള്‍ പറയാനോ ഞാന്‍ ഉദ്ദേശിച്ചിട്ടേയില്ല.

മാര്‍ക്സിസം നിരീക്ഷിക്കുന്ന അടിമത്തം, നാടുവാഴിത്വം, മുതലാളിത്വം, സോഷ്യലിസം, കമ്യൂണിസം എന്നീ മനുഷ്യരാശിയുടെ വിവിധ ഘട്ടങ്ങളിലെ വളര്‍ച്ചയെക്കുറിച്ച് ഞാന്‍ എന്റെ പ്രസംഗത്തില്‍ പ്രതിപാദിച്ചു. സാമൂഹ്യവികാസത്തിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ച് കാള്‍ മാര്‍ക്സ് ആണ് ശരിയായി വിലയിരുത്തിയിട്ടുള്ളതെന്നും ഞാന്‍ പറഞ്ഞു. വര്‍ഗസമരത്തിന്റെ പ്രസക്തിയെക്കുറിച്ചും ചരിത്രപരവും വൈരുദ്ധ്യാത്മകവുമായ ഭൗതികവാദത്തെക്കുറിച്ചും ഞാന്‍ സംസാരിച്ചു. മിച്ചമൂല്യ സിദ്ധാന്തത്തെ പരാമര്‍ശിച്ചുകൊണ്ട് രാജ്യത്ത് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നതിനെക്കുറിച്ചും ശതകോടീശ്വരന്‍മാര്‍ സൃഷ്ടിക്കപ്പെടുന്നതിനെക്കുറിച്ചും ഞാന്‍ സംസാരിച്ചു.

സ്വതന്ത്ര ഭാരതത്തില്‍ ഭരണകൂട സംവിധാനങ്ങള്‍ ഈ തത്വങ്ങള്‍ നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ടതിന്റെ ഫലമായി സാമ്പത്തിക - സാമൂഹിക അസമത്വങ്ങള്‍ വളരെ വര്‍ദ്ധിക്കുകയാണുണ്ടായത്. നിര്‍ദ്ദേശകതത്വങ്ങള്‍ക്ക് ഊടും പാവും നല്‍കുന്ന നിയമനിര്‍മ്മാണം നടത്താന്‍ ശ്രമം നടത്തിയ ഇടതുപക്ഷ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളെ ഭരണഘടനയുടെ വകുപ്പുകള്‍ തന്നെ ദുരുപയോഗം ചെയ്തുകൊണ്ട് അട്ടിമറിച്ച അനുഭവവും നമുക്കു മുന്നിലുണ്ട്. ഇത് എന്റെ പ്രസംഗത്തില്‍ പറഞ്ഞു.

ഇന്ന് നമ്മുടെ രാജ്യത്തെ ഭൂരിപക്ഷം വരുന്ന സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഗവണ്മെന്റുകളെ  ഭൂരിപക്ഷം നോക്കാതെ അട്ടിമറിക്കുന്ന ജനാധിപത്യ വിരുദ്ധമായ ഭരണകൂടത്തിന്റെ നിലപാടുകളും എന്റെ പ്രസംഗത്തില്‍ ഞാന്‍ പരാമര്‍ശിച്ചിട്ടുണ്ട്.  

ഭരണ ഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷത, ജനാധിപത്യം, ഫെഡറലിസം  എന്നീ തത്വങ്ങള്‍ കടുത്ത വെല്ലുവിളിയാണ് വര്‍ത്തമാനകാലത്ത് നേരിട്ടുകൊണ്ടിരിക്കുന്നത് എന്നതായിരുന്നു എന്റെ പ്രസംഗത്തിന്റെ കാതല്‍. കാശ്മീര്‍ പ്രശ്നം, പൗരത്വഭേദഗതി ബില്‍, കാര്‍ഷിക നിയമങ്ങള്‍, മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റം എന്നിവ ഉദാഹരണമായി പറഞ്ഞു.    

തൊഴിലാളികള്‍ക്ക് അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് നിലവിലുണ്ടായിരുന്ന നിമയങ്ങളെല്ലാം റദ്ദാക്കിക്കൊണ്ട് ലേബര്‍ കോഡുകള്‍ രാജ്യത്ത് അടിച്ചേല്‍പ്പിച്ചത് കൊടിയ ചൂഷണത്തിന് വഴിവെയ്ക്കും എന്നാണ് ഞാന്‍ ചൂണ്ടിക്കാണിച്ചത്. ഇതെല്ലാം രാജ്യത്ത് ഭരണത്തിനു നേതൃത്വം കൊടുക്കുന്ന ഭരണകൂട സംവിധാനങ്ങള്‍ സ്വീകരിക്കുന്ന നയങ്ങളുടെ ഫലമാണ്. ഈ നയങ്ങളാണ് ഭരണഘടനയുടെ അന്തഃസത്തയെയും മൂല്യങ്ങളെയും തകര്‍ക്കുന്നത് എന്നാണ് ഞാന്‍ ചൂണ്ടിക്കാട്ടിയത്.

ഭരണഘടന നിര്‍മ്മാതാക്കളുടെ വീക്ഷണം സാര്‍ത്ഥകമാകാതെ പോയത് ഇതുവരെയുള്ള കേന്ദ്രസര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളുടെ ഫലമാണ്. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷമായിട്ടും നമ്മുടെ രാജ്യത്ത് മഹാഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങള്‍ക്ക് സാമൂഹ്യനീതി നിഷേധിക്കപ്പെടുന്നത് ചൂണ്ടിക്കാണിക്കണമെന്ന ഒരു പൊതുപ്രവര്‍ത്തകന്റെ കടമ നിര്‍വ്വഹിക്കുക മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ.

കേന്ദ്രസര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ നയങ്ങളും  കേന്ദ്ര ഏജന്‍സികളുടെ കടന്നുകയറ്റവും വിലക്കയറ്റവും പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലക്കലും ഇന്ധന വില വര്‍ധനവും സംസ്ഥാന സര്‍ക്കാരിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിനുള്ള ശ്രമങ്ങളും തുടങ്ങി എന്തിനേറെ പറയുന്നു ശ്രീനാരായണ ഗുരുദേവന്റെ സ്മരണ നിറയുന്ന റിപബ്ലിക് ദിന പ്ലോട്ട് തടഞ്ഞതിലും വരെ എത്തിനില്‍ക്കുന്ന നടപടികളെയും ശക്തമായി വിമര്‍ശിച്ചു. ഭരണഘടനയോടും നീതിന്യായ വ്യവസ്ഥയോടും നിയമസഭയോടും കേരളജനതയോടുമുള്ള അങ്ങേയറ്റത്തെ കൂറും വിശ്വാസ്യതയും ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് 2022 ജൂലൈ 5 ന് നിയമസഭയില്‍ ഞാന്‍ ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കിയിരുന്നു. കൂടാതെ മല്ലപ്പള്ളിയിലെ പ്രസംഗത്തില്‍ കാര്യങ്ങള്‍ ശക്തമായി അവതരിപ്പിച്ചപ്പോള്‍ അത് ഏതെങ്കിലും രീതിയില്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടാനും ഞാന്‍ ഉദ്ദേശിക്കാത്ത രീതിയില്‍ കാര്യങ്ങള്‍ക്ക് പ്രചാരണം ലഭിക്കുവാന്‍ ഇടവന്നതിലും എന്റെ ദുഖവും ഖേദവും സഭയില്‍ രേഖപ്പെടുത്തിയിരുന്നു.

തുടര്‍ന്ന് ഈ പ്രസംഗവുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട കോടതി മുമ്പാകെ പരാതി വന്ന സാഹചര്യത്തില്‍ ജൂലൈ 6 ന് വൈകുന്നേരം ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ഞാന്‍ എന്റെ മന്ത്രിസ്ഥാനം രാജിവെക്കുകയാണ്‌ ഉണ്ടായത്. നിഷ്പക്ഷവും നീതിപൂര്‍വവുമായ ഒരു പരിശോധനയ്ക്ക് മന്ത്രിസ്ഥാനം ഒരു തടസമാകുവാന്‍ പാടില്ല എന്നാണ് ഞാന്‍ കരുതിയത്. രാജിയിലൂടെ  എന്റെ പ്രസ്ഥാനവും മുന്നണിയും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും സര്‍ക്കാരും പുലര്‍ത്തുന്ന ഉന്നതമായ രാഷ്ട്രീയ ധാര്‍മികതയാണ് ഉയര്‍ത്തിപ്പിടിച്ചത്.

43 വര്‍ഷത്തെ സുതാര്യമായ എന്റെ പൊതുജീവിതത്തില്‍ നിരവധി ചുമതലകളും ഉത്തരവാദിത്വങ്ങളും എന്റെ പ്രസ്ഥാനവും ജനങ്ങളും എന്നെ ഏല്‍പ്പിച്ചിട്ടുണ്ട്. ഈ ഘട്ടങ്ങളിലെല്ലാം ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും നീതിന്യായ വ്യവസ്ഥയെ ബഹുമാനിച്ചുകൊണ്ടുമുള്ള നിലപാടാണ്‌ സ്വീകരിച്ചുപോന്നത്. ഭരണഘടനശില്പിയായ ഡോ. ബി ആര്‍ അംബേദ്‌കറെ പോലും ഞാന്‍ അപമാനിച്ചു എന്ന രീതിയില്‍ ഞാന്‍ പറയാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുകയുണ്ടായി. ദേശീയപ്രസ്ഥാനത്തിന്റെ ധിഷണാശാലിയായ ഡോ ബാലാസാഹേബ് അംബേദ്‌കറെ, ഭരണഘടനാശില്പിയായ  അദ്ദേഹത്തെ   പോലും ആക്ഷേപിക്കുന്ന തരത്തില്‍ നുണപ്രചരണം നടത്തി. അധസ്ഥിത വര്‍ഗത്തിന് വേണ്ടി പോരാടുന്നതിനോടൊപ്പം തൊഴിലാളി വര്‍ഗ്ഗത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടിയും അദ്ദേഹം നിലകൊണ്ടതായി ഞാന്‍ വിശ്വസിക്കുന്നു. തൊഴിലാളികളുടെ അവകാശം കവരുവാന്‍ കൊണ്ടുവന്ന ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്‌ ബില്ലിനെ ബോംബെ അസംബ്ലിയില്‍ അദ്ദേഹം എതിര്‍ത്തു. ബ്രിട്ടീഷ്‌ ഭരണകൂടത്തിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകള്‍ക്കെതിരെ കമ്യൂണിസ്റ്റ് നേതാക്കളുമായി ചേര്‍ന്ന് നടത്തിയ സമരപരിപാടികളും ചരിത്രത്തിന്റെ ഭാഗമാണ്. ഭരണഘടനാ ശില്പിയെന്ന വിശേഷണത്തിനോടൊപ്പം ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ സംരക്ഷകന്‍ എന്ന വിശേഷണവും അംബേദ്‌കറിന് അനുയോജ്യമാകും എന്ന് ഞാന്‍ കരുതുകയാണ്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ജീവിതത്തിന്റെ തത്വങ്ങളായി അംഗീകരിച്ച്, പാര്‍ശ്വവല്ക്കരിക്കപ്പെട്ടതും ജാതീയമായി അടിച്ചമര്‍ത്തപ്പെട്ടവരുമായ ഇന്ത്യയിലെ കോടാനുകോടി  ജനങ്ങളെ കൈപിടിച്ചുയര്‍ത്താന്‍ മുഖ്യപങ്ക് വഹിച്ച വ്യക്തിത്വമാണ് ഡോ. ബി ആര്‍ അംബേദ്‌കര്‍ എന്ന് വിശ്വസിക്കുന്ന എന്റെ വിശ്വാസത്തെ ചോദ്യം ചെയ്യുന്ന, പറയാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിലുള്ള വേദനയും ദുഖവും ഞാന്‍ അറിയിക്കുകയാണ്.

പിണറായി സര്‍ക്കാരിന്റെ വികസന ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കേരള ജനതയുടെ പ്രതീക്ഷയാണ്. ആ പ്രതീക്ഷ തകര്‍ക്കാമെന്നാണ് ചിലര്‍ വ്യാമോഹിക്കുന്നത്. ആ വ്യാമോഹം കേരളജനത അനുവദിക്കില്ല. പിണറായി സര്‍ക്കാരിന്റെ ജനക്ഷേമനിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ജനങ്ങളോടൊപ്പം മുന്‍നിരയില്‍ തന്നെ ഞാന്‍ ഉണ്ടാകും എന്ന കാര്യം പറയാന്‍ ആഗ്രഹിക്കുകയാണ്. 43 വര്‍ഷം ഒരുപാട് ആക്രമണങ്ങള്‍, പ്രയാസങ്ങള്‍, പ്രതിസന്ധികള്‍ എന്റെ ചെറിയ പ്രായം മുതല്‍ നേരിട്ടു വളര്‍ന്നു വന്ന ഒരു വ്യക്തിയാണ് ഞാന്‍. ഇതിനെയെല്ലാം അതിജീവിച്ച്, ഈ ആക്രമണങ്ങളെയെല്ലാം കണ്ട് ഞാന്‍ എന്റെ പ്രസ്ഥാനം ഏല്‍പ്പിച്ച ചുമതലകള്‍ നിര്‍വഹിച്ചിട്ടുണ്ട്. എത്ര ആക്രമണം നേരിട്ടാലും ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും എന്റെ മഹാപ്രസ്ഥാനത്തിന്റെ നിലപാടുകളും എന്നും ഉയര്‍ത്തിപ്പിടിച്ച്‌ ജനങ്ങളോടൊപ്പം ചേര്‍ന്നുനിന്ന് പ്രവര്‍ത്തിക്കുമെന്നും ഞാന്‍ ഈ അവസരത്തില്‍ സൂചിപ്പിക്കുകയാണ്.                

മല്ലപ്പള്ളിയില്‍ പ്രസംഗത്തിനിടെ പറഞ്ഞ കാര്യങ്ങള്‍ ശക്തിയായി അവതരിപ്പിച്ചപ്പോള്‍ അത് ഏതെങ്കിലും രീതിയില്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടാനും ഞാന്‍ ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ക്ക് പ്രചാരണം ലഭിക്കാന്‍ ഇടവന്നിട്ടുണ്ടെങ്കില്‍ അതില്‍ ഞാന്‍ വീണ്ടും അതിയായ ദുഃഖവും ഖേദവും  രേഖപ്പെടുത്തുന്നു.