ഓണം ബംബർ 25 കോടി; അനൂപിന്

 
anooo

കേരളം കാത്തിരുന്ന ഭാഗ്യശാലിയെ കണ്ടെത്തി. 25 കോടിയുടെ ഓണം ബംബര്‍ അടിച്ചത് ശ്രീവരാഹം സ്വദേശിയായ അനൂപിനാണ്. ഓട്ടോ ഡ്രൈവറാണ് ഇദ്ദേഹം. ഭഗവതി ഏജൻസിയുടെ പഴവങ്ങാടിയിലെ സബ് ഏജന്‍സിയില്‍ നിന്ന് വാങ്ങിയ TJ 750605 എന്ന ടിക്കറ്റിലൂടെയാണ് അനുപിനെ തേടി സമ്മാനം എത്തിയത്.
ഇന്നലെ രാത്രിയാണ് ഏജൻസിയിൽ നിന്നും അനൂപ് ടിക്കറ്റ് എടുത്തത്. അനൂപിന്റെ പിതൃസഹോദരിയുടെ മകൾ സുജയ പഴവങ്ങാടി ഏജൻസിയിലെ ജീവനക്കാരിയാണ്.

ടിക്കറ്റ് അടിച്ചതിൽ വളരെ സന്തോഷമുണ്ടെന്ന് അനൂപ് പ്രതികരിച്ചു. 'ടിക്കറ്റ് അടിക്കുമെന്ന് കരുതിയൊന്നുമല്ല എടുത്തത്. അപ്രതീക്ഷമായി പോയി. അടിച്ചതിന്റെ സന്തോഷം മാത്രമാണ്. എന്ത് ചെയ്യണമെന്നൊന്നും പ്ലാൻ ചെയ്തിട്ടില്ല.ഉടൻ തന്നെ ഏജൻസിയിലേക്ക് പോകും',അനൂപ് മാധ്യമങ്ങളോട് പ്രതികരിച്ചു.

കേരളാ ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഇത്തവണത്തേത്. ഭഗവതി ലോട്ടറി ഏജന്‍സിയുടെ പഴവങ്ങാടി സെന്ററില്‍ നിന്നും വിറ്റുപോയ TJ 750605 എന്ന ടിക്കറ്റാണ് സമ്മാനാര്‍ഹമായത്.25 കോടിരൂപയുടെ ഓണം ബംബറാണ് അടിച്ചതെങ്കിലും മുഴുവന്‍ തുകയും അനൂപിന് ലഭിക്കില്ല. 15.75 കോടി രൂപയാണ് കിട്ടുക. 2.5 കോടി രൂപ ഏജന്റ് കമ്മീഷനായി നല്‍കണം. കമ്മീഷനും നികുതിയും പിടിച്ച ശേഷമുള്ള തുകയാണ് ജേതാവിന് ലഭിക്കുന്നത്. 2.5 കോടി രൂപ ആരാണോ ബംബറടിച്ച ടിക്കറ്റ് വിറ്റത് അയാള്‍ക്ക് ലഭിക്കും. ഓണം ബംബറിന്റെ രണ്ടാം സമ്മാനം 5 കോടി രൂപയാണ്. കോട്ടയത്ത് വിറ്റ ടിക്കറ്റിനാണ് സമ്മാനം അടിച്ചിരിക്കുന്നത്. പാലായിലെ മീനാക്ഷി ലക്കി സെന്ററില്‍ നിന്നും പോയ ടിക്കറ്റിനാണ് സമ്മാനം അടിച്ചിരിക്കുന്നത്.