ഓണം വാരാഘോഷം കൊടിയേറി; കനകക്കുന്നിനെ ഇളക്കിമറിച്ച് ദുല്‍ഖറും അപര്‍ണയും

*തിരുവനന്തപുരത്തെ ദീപാലങ്കാരം അത്ഭുതപ്പെടുത്തിയെന്ന് ദുല്‍ഖര്‍
 
pix
ഇന്നത്തെ ദിവസം മറക്കാത്ത ഓണ ഓര്‍മയെന്ന് അപര്‍ണ

മലയാളി കാത്തിരുന്ന ഓണം വാരാഘോഷത്തിന് കനകക്കുന്നില്‍ കൊടിയേറി. ഇനി സെപ്തംബര്‍ 12 വരെ മലയാളക്കരയ്ക്ക് ഉത്സവരാവുകള്‍. ദേശീയ ചലച്ചിത്ര ജേതാവ് അപര്‍ണ ബാലമുരളിയും ചലച്ചിത്ര താരം ദുല്‍ഖര്‍ സല്‍മാനും മുഖ്യാതിഥികളായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണംവാരാഘോഷം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയും മുഖ്യാതിഥികളും വേദിയിലേക്കെത്തുമ്പോള്‍ തന്നെ സദസ് ഇളകിമറിഞ്ഞു. പ്രിയതാരങ്ങളെ നേരിട്ട് കണ്ട സന്തോഷത്തിലായിരുന്നു ഏവരും. ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചതിന് പിന്നാലെ സംസാരിക്കാനെത്തിയ ദുല്‍ഖറിനെ നിലയ്ക്കാത്ത കരഘോഷത്തോടെയാണ് സദസ് സ്വീകരിച്ചത്. തിരുവനന്തപുരത്ത് എത്തുന്നതിന് മുമ്പ് തന്നെ ഇവിടുത്തെ വൈദ്യുത ദീപാലങ്കാരം നിര്‍ബന്ധമായും കാണണമെന്ന് പലരും പറഞ്ഞുവെന്നും നേരിട്ടു കണ്ടപ്പോള്‍ അത്ഭുതപ്പെട്ടുവെന്നും ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

തൊട്ടുപിന്നാലെയെത്തിയ അപര്‍ണാ ബാലമുരളി തനിക്ക് തിരുവനന്തപുരത്തെ നെയ്ബോളിയും പാല്‍പായസവും കഴിക്കണമെന്ന് പറഞ്ഞപ്പോള്‍ സദസില്‍ നിന്നും ആര്‍പ്പുവിളികളുയര്‍ന്നു. തന്റെ ജീവിതത്തിലെ മറക്കാത്ത ഓണം ഓര്‍മയായി ഇന്നത്തെ ദിവസം മാറുമെന്നും താരം പറഞ്ഞു. ചടങ്ങില്‍ മുഖ്യാതിഥികളായെത്തിയ താരങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്നേഹോപഹാരം കൈമാറി. 

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ 32 വേദികളിലാണ് വിവിധ പരിപാടികള്‍ നടക്കുന്നത്. ഇന്ന് (സെപ്തംബര്‍ ഏഴ്) നിശാഗന്ധിയില്‍ വൈകുന്നേരം 06.15ന് ബിദ്യ ദാസിന്റെ ഒഡീസിയും ഏഴ് മണിക്ക് വിനീത് ശ്രീനിവാസന്‍ ഷോയും അരങ്ങേറും.

pi

നിശാഗന്ധിയില്‍ 'ദേവദൂതര്‍' പാടി ; അനന്തപുരി കൂടെപാടി


അനന്തപുരിയെ സംഗീതസാന്ദ്രമാക്കി 'ഔസേപ്പച്ചന്‍ നൈറ്റ്‌സ്'. നാല് പതിറ്റാണ്ടുകളായി പാട്ടുകളെ പൊന്നാക്കി മാറ്റിയ ഔസേപ്പച്ചന്റെ ഓണവിരുന്ന് സ്വീകരിക്കാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി. മഴ പെയ്ത് തോര്‍ന്ന സായം സന്ധ്യയില്‍ ജനപ്രിയ ഗാനങ്ങള്‍ നിശാഗന്ധിയില്‍ വിരിഞ്ഞപ്പോള്‍ ഹര്‍ഷാര്‍വത്തോടെ വേദി ഒന്നടങ്കം അത് സ്വീകരിച്ചു.

സര്‍ക്കാര്‍ ഓണം വരാഘോഷ പരിപാടികളുടെ ഭാഗമായി കൈരളി ടി വി യും റെഡ് എഫ് എമും സംയുക്തമായി സംഘടിപ്പിച്ച ഔസേപ്പച്ചന്‍ നയിച്ച 'ചിങ്ങനിലാവ്' സംഗീത വിരുന്നില്‍ വിജയ് യേശുദാസ്,റിമി ടോമി,സുദീപ് കുമാര്‍,രാജലക്ഷ്മി, ഹരിശങ്കര്‍, അപര്‍ണ രാജീവ് തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു.

യേശുദാസ് 1985 ല്‍ പാടി അനശ്വരമാക്കിയ 'ദേവദൂതര്‍ പാടി' എന്ന ഗാനം വര്‍ഷങ്ങള്‍ക്കിപ്പുറം ഔസേപ്പച്ചന്‍ പാടിയപ്പോള്‍ വമ്പിച്ച കരഘോഷത്തോടെ ജനം സ്വീകരിച്ചു. പതിവ് ശൈലിയിലുള്ള റിമി ടോമിയുടെ  ചുവടുകളും ചടുലമായ സംഗീതവും നിശാഗന്ധിയെ ഇളക്കി മറിച്ചു. പരിപാടിയില്‍ ഉടനീളം ഒരേ തരത്തില്‍ ആഹ്ലാദത്തിന്റെ 'വൈബ്' നിലനിര്‍ത്താന്‍ ഗായകര്‍ക്ക് സാധിച്ചു.

അതോടൊപ്പം സിജ റോസ് ,മാളവിക മേനോന്‍ തുടങ്ങിയ താരനിര അവതരിപ്പിച്ച തട്ടുപൊളിപ്പന്‍ നൃത്തവിരുന്ന് വേദിയെ ഉത്സവലഹരിയിലാക്കി. അനന്തപുരിയുടെ ഹൃദയത്തുടിപ്പറിഞ്ഞുള്ള ഗാനാലാപനം എല്ലാവരും ഒരു പോലെ നെഞ്ചേറ്റി. പ്രായഭേദമന്യേ താളമിട്ടും ചുവടുവെച്ചും ഓരോ നിമിഷവും കാണികള്‍ ആഘോഷ രാവാക്കി മാറ്റി.

p