'പാര്‍ട്ടിക്ക് ഒന്നുമറിയില്ല:സിപിഎം സംസ്ഥാന സെക്രട്ടറി

സിപിഎമ്മില്‍ പുതിയ അധികാരകേന്ദ്രം

 
CPM


പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെൻഷൻ പ്രായം അറുപതാക്കി ഉയർത്തിയ തീരുമാനത്തിൽ സിപിഎമ്മിനുള്ളിൽ പുതിയ വിവാദം. തീരുമാനം പാർട്ടി അറിഞ്ഞില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തുറന്നുപറഞ്ഞു. ''ഇത്തരമൊരു തീരുമാനത്തെ കുറിച്ച് പാർട്ടിക്ക് അറിയില്ല. പാർട്ടിയിൽ ചർച്ച ചെയ്യാതെ എങ്ങനെയാണ് ഒത്തരമൊരു ഉത്തരവിറങ്ങിയതെന്ന് പരിശോധിക്കും''- എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു. പാർട്ടിയിലും മുന്നണിയിലും ചർച്ച ചെയ്യാത്തത് കൊണ്ടാണ് മന്ത്രിസഭാ തീരുമാനം മരവിപ്പിക്കേണ്ടി വന്നതെന്ന് എം.വി ഗോവിന്ദൻ തന്നെയാണ് തുറന്നുപറഞ്ഞത്.

നയപരമായ തീരുമാനം വേണ്ട വിഷയത്തിൽ കൂടിയാലോചനകളില്ലാതെ ഉത്തരവിറക്കിയതിൽ പാർട്ടിയിലും ട്രേഡ് യൂണിയനിലും യുവജനസംഘടനകളിലുമുളള എതിർപ്പ് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയ ഗോവിന്ദൻ മാസ്റ്റർ തിരുത്തൽ ആവശ്യപ്പെടുക ആയിരുന്നുവെന്നാണ് സൂചന. പാർട്ടിയിൽ നിന്ന് അപായ സൂചനയെത്തിയതോടെ വിദഗ്ദ്ധ സമിതി റിപ്പോർട്ട് മാത്രം പരിഗണിച്ച് ഏകപക്ഷീയമായി തീരുമാനമെടുത്ത മുഖ്യമന്ത്രി തിരുത്തലിന് നിർബന്ധിതമാകുകയായിരുന്നു.


ഏഴാം വർഷത്തിലേക്കെത്തുന്ന ഇടതുഭരണത്തിൽ പാർട്ടിക്കും സർക്കാരിനുമിടയിൽ പല ഭിന്നതകൾ ഉണ്ടായിട്ടുണ്ടെങ്കിലും അതിലൊന്നും പരസ്യമായ പ്രതികരണത്തിന് നേതൃത്വം തയാറായിട്ടില്ല. എന്നാൽ  എം.വി. ഗോവിന്ദൻ ആ പതിവ് തിരുത്തി. നാളെ ആരംഭിക്കുന്ന സിപിഎം നേതൃ യോഗങ്ങളിൽ ആരെങ്കിലും ഇത് ഉന്നയിക്കാൻ കൂടി ധൈര്യപ്പെട്ടാൽ പാർട്ടിയിൽ ഇടക്കാലത്ത് നിലച്ചുപോയ വിമർശനം തിരികെ വരുന്നതിന് സഹായകരമാകും.122 പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പൊതു ചട്ടക്കൂട് ഉണ്ടാക്കുന്നതിനെ കുറിച്ച് പഠിച്ച സമിതിയുടെ ശുപാർശ പരിഗണിച്ചാണ്
ജീവനക്കാരുടെ പെൻഷൻ പ്രായം 60 വയസായി ഏകീകരിച്ചത്. എന്നാൽ സർക്കാർ തീരുമാനത്തിലേക്ക് എത്തിയ രീതിയോട് സിപിഎമ്മിലും വർഗ ബഹുജന സംഘടകളിലും കടുത്ത അതൃപ്തിയുണ്ട്.
വിദഗ്ദ്ധ സമിതി റിപ്പോർട്ട് ലഭിച്ച് നാല് ആഴ്ച മാറ്റിവെയ്ക്കപ്പെട്ട ശേഷമാണ് ഒക്ടോബർ 27ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. 200 പേജുളള റിപ്പോർട്ട് ചർച്ച ചെയ്യാൻ സമയം വേണമെന്ന മന്ത്രിമാരുടെ ആവശ്യത്തെതുടർന്ന് രണ്ടോ മൂന്നോ പ്രാവശ്യം മാറ്റിവെച്ചശേഷമാണ് തീരുമാനത്തിലേക്കെത്തിയത്.എന്നിട്ടും മന്ത്രിസഭയിലെ യുവമന്ത്രിമാർക്ക് പോലും തീരുമാനത്തിന്റെ പ്രത്യഘാതങ്ങളെപ്പറ്റി ബോധ്യം വരാത്തതും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.റിപ്പോർട്ട് പരിഗണിച്ച് തീരുമാനത്തിലേക്ക് പോകുകയാണ് ഉണ്ടായതെന്ന വ്യവസായ മന്ത്രി പി. രാജീവിന്റെ പ്രതികരണവും നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്.
ഇതുവരെ പാർട്ടിയിലെ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി നിന്ന മുഖ്യമന്ത്രിയുടെ ആ പദവിക്ക് ഇളക്കം തട്ടിക്കുന്നതാണ് ഗോവിന്ദന്റെ ഇടപെടൽ. ഗോവിന്ദന് പിന്നില്‍ പാര്‍ട്ടിയിലെ പ്രബലരുടെ ഒരു നിരതന്നെയുണ്ട്. സര്‍ക്കാരിന്‍റെ പോക്ക് ശരിയല്ലെന്ന അഭിപ്രായക്കാരാണ് അവര്‍. എന്നാൽ മന്ത്രിസ്ഥാനത്തിരിക്കെ എം.വി. ഗോവിന്ദൻ കൂടി ഉൾപ്പെട്ട മന്ത്രിസഭയുടെ പരിഗണനക്ക് സമിതി റിപ്പോർട്ട് വന്നിരുന്നു എന്ന പ്രചരണവും ഒരു വശത്ത് നടക്കുന്നുണ്ട്. എം.വി ഗോവിന്ദന്റെ ഇടപെടൽ മൂലമല്ല തിരുത്തൽ എന്ന വരുത്തിത്തീർക്കാനുളള ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമാണ് ആ പ്രചാരണം.