വനത്തിനുള്ളില്‍ ഒറ്റപ്പെട്ടു പോയ ഗര്‍ഭിണികളെ രക്ഷപ്പെടുത്തി; ഇതിനോടകം വനത്തിൽ ഒരു സ്ത്രീ പ്രസവിച്ചു

 
pix
തൃശ്ശൂരില്‍ പെയ്ത കനത്ത മഴയ്ക്കിടെ വനത്തിനുള്ളില്‍ ഒറ്റപ്പെട്ടു പോയ ഗര്‍ഭിണികളെ അതി സാഹസികമായി രക്ഷപ്പെടുത്തി. മുക്കുംപുഴ ആദിവാസി കോളനിയിലെ മൂന്ന് ഗര്‍ഭിണികളാണ് ശക്തമായ മഴയിൽ വനത്തിൽ ഒറ്റപ്പെട്ടത്. ഇതില്‍തന്നെ  ഒരു സ്ത്രീ പെണ്‍കുഞ്ഞിനെ കാട്ടില്‍ വച്ച് പ്രസവിച്ചു. ഒടുവില്‍ പെരിങ്ങല്‍ക്കുത്ത് റിസര്‍വോയറിലൂടെ രണ്ട് കിലോമീറ്ററോളം സാഹസികമായി മുളച്ചങ്ങാടത്തിലാണ് ഇവരെ ആരോഗ്യപ്രവര്‍ത്തകരും  പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സുരക്ഷിത കേന്ദ്രത്തിലെത്തിച്ച്  പ്രസവ ശുശ്രൂഷ നല്‍കി. സംഭവത്തിൽ  മുഴുവന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദനം അറിയിച്ചു.

പ്രസവത്തിന് പിന്നാലെ ഒരു സ്ത്രീയുടെ രക്തസമ്മര്‍ദ്ദം ഉയര്‍ന്നെങ്കിലും ആശുപത്രിയിലേക്ക് മാറാന്‍ അവര്‍ തയ്യാറായില്ല. തുടര്‍ന്ന്  ഡിഎംഒയും ഡിഎസ്ഒയും സംഘവും കോളനിയില്‍ നേരിട്ട് ചെന്ന് കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി. ഇതോടെയാണ് ഇവരെ  സുരക്ഷിതമായി ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. നിലവിൽ ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ല. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന അഞ്ച് മാസവും ആറ് മാസവുമായ രണ്ട് ഗര്‍ഭിണികളുടെ സുരക്ഷിതത്വം കോളനിയില്‍ തന്നെ ഉറപ്പാക്കി.