രാഷ്ട്രപതി തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് തുടങ്ങി

 
p
ഇന്ത്യയുടെ 15–ാമത് രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്നു  തുടങ്ങി  . എൻഡിഎ. സ്ഥാനാർഥി ദ്രൗപദി മുർമുവും പ്രതിപക്ഷസ്ഥാനാർഥി യശ്വന്ത് സിൻഹയും തമ്മിലാണ് മത്സരം. രാവിലെ പത്ത് മണിക്ക് പാർലമെൻറിനൊപ്പം വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ മന്ദിരങ്ങളിലും വോട്ടെടുപ്പ് ആരംഭിക്കും. 776 പാർലമെന്റംഗങ്ങളും 4033 നിയമസഭാംഗങ്ങളും ഉൾപ്പെടുന്ന 4809 പേരാണ് വോട്ടുചെയ്യുക. പാർലമെൻറിൽ 63ാം നമ്പർ മുറിയാണ് പോളിംഗ് ബുത്തായി നിശ്ചയിച്ചിരിക്കുന്നത്.

അറുപത് ശതമാനത്തിലധികം വോട്ട് ഉറപ്പിച്ച് എൻ ഡി എ സ്ഥാനാർത്ഥി ദ്രൗപതി മുർമു വിജയം ഉറപ്പാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ കണക്കിൽ ദ്രൗപദിക്ക് ലഭിക്കാവുന്ന വോട്ടു മൂല്യം 6.61 ലക്ഷത്തിനു മുകളിലാണ്. പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയ്ക്ക് 4.19 ലക്ഷവും. അതേസമയം മികച്ച മത്സരം കാഴ്ച വയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം. അടുത്ത ചൊവ്വാഴ്ച വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും.

പാർലമെന്റിന്റെ ഇരുസഭകളിലേക്കും നിയമസഭകളിലേക്കും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കാണു വോട്ടവകാശം. നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങൾക്കും നിയമസഭാ കൗൺസിൽ അംഗങ്ങൾക്കും വോട്ടില്ല. ആകെ വോട്ടു മൂല്യം 10,86,431 ആണ്.