പ്രൊഫ.എൻ എം ജോസഫ് അന്തരിച്ചു

 
ppp

 ജനതാദൾ (എസ്) മുൻ സംസ്ഥാന പ്രസിഡന്റും മുൻ വനം വകുപ്പുമന്ത്രിയുമായ പ്രൊഫസർ എൻ എം ജോസഫ് നീണ്ടുക്കുന്നേൽ (79) അന്തരിച്ച വാർത്ത ഞങ്ങൾ അതീവ ദുഃഖത്തോടെ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ പാലാ മരിയൻ മെഡിക്കൽ സെന്ററിലായിരുന്നു അന്ത്യം.

ഭൗതിക ദേഹം ഇന്ന് വൈകുന്നേരം 4 മണിക്ക് പാലായിലെ വസതിയിൽ എത്തിച്ച് പൊതു ദർശനത്തിനു വെക്കും.

സംസ്കാരം നാളെ (14-09-2022- ബുധൻ) ഉച്ചകഴിഞ്ഞ് 02:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ഔദ്യോഗിക ബഹുമതികളോടെ പാലാ അരുണാപുരം സെന്റ് തോമസ് പള്ളിയിൽ നടക്കും.

ഭാര്യ: മോളി പ്രവിത്താനം ആദോപ്പള്ളിൽ കുടുംബാംഗം.

മക്കൾ: അനീഷ് ജോസഫ് (ബിസിനസ് - എറണാകുളം), അനിത (അദ്ധ്യാപിക എച്ച് എസ് എസ് - കൊഴുവനാൽ).

മരുമക്കൾ: ലിസ് ജോർജ് നമ്പ്യാപറമ്പിൽ അഞ്ചിരി - തൊടുപുഴ (അദ്ധ്യാപിക എഞ്ചിനിയറിംഗ് കോളേജ് - ചൂണ്ടച്ചേരി), ജോസ് ജെയിംസ് പറമ്പുംമുറിയിൽ - കങ്ങഴ (ചാർട്ടേട് അക്കൗണ്ടന്റ്).

കോണ്‍ഗ്രസ്സ് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയജീവിതം ആരംഭിച്ച് അടിയന്തിരാവസ്ഥക്കാലത്ത് ജനതാപാര്‍ട്ടിയിലെത്തിയ പ്രൊഫ. എന്‍.എം. ജോസഫ് 1987 നിയമസഭാതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ കേരളത്തിലെ ഏറ്റവും ഉറച്ച സീറ്റുകളിലൊന്നായ പൂഞ്ഞാറില്‍ അതിന്റെ കുത്തകക്കാരനായി അറിയപ്പെട്ടിരുന്ന പി.സി. ജോര്‍ജിനെ തോല്‍പ്പിച്ച് നിയമസഭയിലെത്തുകയും അത്യന്തം നാടകീയമായ ചില സംഭവങ്ങള്‍ക്കൊടുവില്‍ ആകസ്മികമായി മന്ത്രിപദവിയിലേക്ക് നിയുക്തനാകുകയും ചെയ്യുകയായിരുന്നു. 

കേരളരാഷ്ട്രീയത്തിലും ദേശീയരാഷ്ട്രീയത്തിലും ഗതിനിര്‍ണ്ണായകമായ ഒരു കാലഘട്ടത്തില്‍ സംശുദ്ധമായ രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയ അദ്ദേഹത്തിന്റെ

 അറിയപ്പെടാത്ത ഏടുകൾ 

എന്ന ആത്മകഥയില്‍ ഒട്ടേറെ സംസ്ഥാന-കേന്ദ്രഗവണ്‍മെന്റുകളുടെ ചരിത്രം കടന്നു വരുന്നു. കറന്റ് ബുക്‌സാണ് ‘അറിയപ്പെടാത്ത ഏടുകള്‍‘ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നയനാര്‍ മന്ത്രിസഭയിലെ അംഗമെന്ന നിലയക്ക് താന്‍ നേരിട്ടറിഞ്ഞ വനംവകുപ്പിലെ അഴിമതി, ആദിവാസി സംരക്ഷണത്തിന്റെ പേരില്‍ അരങ്ങേറുന്ന തട്ടിപ്പുകള്‍, വനവത്കരണത്തിന്റെ പേരില്‍ വനംമന്ത്രാലയത്തിന്റെ ഫണ്ട് തട്ടിയെടുക്കുന്നവര്‍, മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിന്റെ പുനരുജ്ജീവനശ്രമങ്ങള്‍, മീനച്ചില്‍ നദീതടപദ്ധതി തുടങ്ങിയവയെപ്പറ്റിയൊക്കെ അദ്ദേഹം തുറന്നെഴുതിയിട്ടുണ്ട്. 

മുഖ്യമന്ത്രി നയനാരും പാര്‍ട്ടിയിലെയും മന്ത്രിസഭയിലെയും മുതിര്‍ന്ന അംഗങ്ങളിലൊരാളായ കെ.ആര്‍. ഗൗരിയമ്മയും എതിര്‍ത്തിട്ടും കാലാവധി തീരാന്‍ ഒരു വര്‍ഷം ബാക്കിയുണ്ടായിട്ടും 1991-ല്‍ ലോകസഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാതിരഞ്ഞെടുപ്പു നടത്താന്‍ തീരുമാനിച്ചത് പാര്‍ട്ടി സംസ്ഥാനസെക്രട്ടറിയായിരുന്ന അച്യുതാനന്ദന്റെ നീക്കമായിരുന്നുവെന്നും എന്‍.എം. ജോസഫ് രേഖപ്പെടുത്തിയിട്ടുണ്ട്.

ദീർഘകാലം പാലാ സെന്റ് തോമസ് കോളേജിൽ അദ്ധ്യാപകനായിരുന്നു.

കോൺഗ്രസിന്റെ വിദ്യാർത്ഥിസംഘടനയായ കെ എസ് യു വിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ രംഗത്തേക്ക് വന്നത്. 1969ൽ കോൺഗ്രസ് പിളർന്നപ്പോൾ സംഘടനാ കോൺഗ്രസിൽ ഉറച്ചുനിന്നു.

സംഘടനാ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന വൈസ് പ്രസിഡണ്ടായി പ്രവർത്തിച്ചു. 

1977 സംഘടനാ കോൺഗ്രസ് കൂടി ചേർന്ന് ജനതാ പാർട്ടി രൂപം കൊണ്ടപ്പോൾ അതിന്റെ നേതൃനിരയിൽ പ്രവർത്തിച്ചു.

1981-83 കാലഘട്ടത്തിൽ ജനതാ പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡണ്ടായി. 

84 മുതൽ 88 വരെ പാർട്ടിയുടെ കോട്ടയം ജില്ലാ പ്രസിഡണ്ട് ആയിരുന്നു.

1982-ൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു.

1987-ൽ ഇതേ നിയോജക മണ്ഡലത്തിൽ നിന്ന് ജനതാ പാർട്ടി സ്ഥാനാർത്ഥിയായി വിജയിച്ചു.

1987- 91ൽ നാലുവർഷം സംസ്ഥാന ഗവൺമെന്റിൽ വനം വകുപ്പ് മന്ത്രിയായിരുന്നു. 

മികച്ച സഹകരി ആയിരുന്ന അദ്ദേഹം പാലാ മാർക്കറ്റിംഗ് സൊസൈറ്റിയുടെ പ്രസിഡണ്ടായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 

കേരള സർവകലാശാല സെനറ്റ് അംഗം,  സ്വകാര്യ കോളജ്  അധ്യാപക സംഘടന എ കെ പി സി ടി എ സംസ്ഥാന ജനറൽ സെക്രട്ടറി, ജനതാദൾ (എസ്) ദേശീയ വൈസ് പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 

ഗൾഫ് യുദ്ധകാലത്ത് അവിടെ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ രക്ഷപ്പെടുത്താൻ മന്ത്രി കെ പി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ ജോർദാനിലേക്ക് പോയ ഔദ്യോഗിക സംഘത്തിൽ കേരളത്തിന്റെ പ്രതിനിധിയായിരുന്നു അദ്ദേഹം.