ഗവര്‍ണര്‍ക്ക് പിന്നില്‍ ആര്‍എസ്എസും ബിജെപിയും; ജനങ്ങളെ അണിനിരത്തി എതിരിടും: എം വി ഗോവിന്ദന്‍

 
cpm

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പിന്നിൽ ആർഎസ്എസും ബിജെപിയും ആണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ഗവർണർക്കെതിരെ ഏതറ്റം വരേയും പോകും. കേരളത്തിൽ ഗവർണറെ ഉപയോഗിച്ച് ഉന്നത വിദ്യാഭ്യാസമേഖലയെ തകർക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് ബിജെപി നടത്തിവരുന്നത്. സർവകലാശാലകളിൽ വർഗീയ ധ്രുവീകരണത്തിനാണ് സംഘപരിവാർ ശ്രമിക്കുന്നത്. ഇത്തരം നീക്കത്തെ ഭരണഘടനപരമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ഇക്കാര്യത്തിൽ സർക്കാറിന് തീരുമാനം എടുക്കാം. കേരളത്തിലെ കോൺഗ്രസ് ഗവർണറെ അനുകൂലിക്കുകയാണ്. ഇത് ദേശീയ നിലപാടിനു വിരുദ്ധമാണ്. ആർഎസ്പിയും മുസ്ലീം ലീഗും സ്വതന്ത്ര നിലപാട് സ്വീകരിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. ദേശീയ നേതൃത്വത്തിൽ ചിദംബരവും കെസി വേണുഗോപാലും കെ മുരളീധരനും എടുക്കുന്ന നിലപാടുകൾ വ്യത്യസ്തമാണ്. ബിജെപിക്ക് അനുകൂല നിലപാട് സ്വീകരിച്ച് സുധാകരൻ പറഞ്ഞത് ഗവർണർ പ്രസിഡണ്ടിനോട് ഈ സർക്കാരിനെ പിരിച്ചുവിടാൻ ആവശ്യപ്പെടണമെന്നാണ്. ദേശീയ നേതൃത്വത്തോട് വിശദീകരണം ചോദിച്ചപ്പോൾ സുധാകരൻ നിലപാട് മാറ്റി. ഗവർണർക്കെതിരെ ഓരോ നിലപാടാണ് ഓരോ ദിവസവും പ്രതിപക്ഷം സ്വീകരിക്കുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ജനങ്ങളെ അണിനിരത്തി വിദ്യഭ്യാസ സംരക്ഷണ യജ്ഞം എന്ന നിലയിൽ ജനകീയ മുന്നേറ്റം സംഘടിപ്പിക്കാനാണ് സിപിഐഎം തീരുമാനം. നവംബർ 15ന് രാജ്ഭവന് മുന്നിൽ മാർച്ച് നടത്തും. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മാർച്ച് ഉദ്ഘാടനം ചെയ്യും. ഡിഎംകെ എംപി തിരുച്ചിശിവ എംപി പങ്കെടുക്കും. ദേശീയ നേതാക്കൾ അടക്കം പങ്കെടുക്കും. ബില്ലുകൾ തടഞ്ഞുവെച്ചതുമായി ബന്ധപ്പെട്ട് എങ്ങനെ കൈകാര്യം ചെയ്യാം എന്നത് ആലോചിച്ച് വരികയാണ്. അനന്തമായി നീട്ടികൊണ്ടുപോകാൻ ഗവർണർക്കാവില്ല. അവകാശമില്ലാത്ത കാര്യം ചെയ്തുകൊണ്ടിരിക്കുകയാണ് ഗവർണർ. വേണമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.