മഴ കുറയുന്നില്ല ; സംസ്ഥാനത്ത് വീണ്ടും റെഡ് അലേർട്ട്

 
rain
സംസ്ഥാനത്ത് വീണ്ടും റെഡ് അലേർട്ട് പ്രഖ്യാപിച്ചു.


കേരളത്തില്‍ ഇന്ന് (ആഗസ്റ്റ് നാല്) മുതല്‍ 8 വരെ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും, ഇന്നും നാളെയും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കന്‍ ആന്ധ്രാ പ്രദേശിനും വടക്കന്‍ തമിഴ്‌നാടിനും സമീപത്തായി മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നതിനാല്‍ അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതിന്റെ ഫലമായാണിതെന്നും അറിയിപ്പില്‍ പറയുന്നു.

 എട്ട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലേർട്ട് പ്രഖ്യാപിച്ചത്.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് , കണ്ണൂർ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് . കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. തിരുവനന്തപുരത്ത് യെല്ലോ അലേർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

നേരത്തെ നാളെയോടുകൂടി മഴ പൂർണമായും മാറുമെന്നായിരുന്നു വിവരം. എന്നാൽ നിലവിൽ നാളെയും  മഴ തുടരും. ഈ സാഹചര്യത്തിലാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്.