ശബരിനാഥനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും

 
nath

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റും മുൻ എംഎൽഎയുമായ ശബരിനാഥനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. വിമാനത്തിനുളളിൽ പ്രതിഷേധം നടത്താനുള്ള ഗൂഢാലോചനക്കു പിന്നിൽ ശബരിനാഥാണെന്ന വിവരത്തെ തുടർന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയതെന്ന് അന്വേഷണ സംഘം പറയുന്നു .യൂത്ത് കോണ്‍ഗ്രസിന്‍റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ശബരിനാഥ് പ്രതിഷേധം അറിയിക്കാനിട്ട സന്ദേശം പ്രചരിച്ചിരുന്നു. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ഇന്ന് 11 മണിക്ക് അന്വേഷണ ഉദ്യോഗസ്ഥനായ ശംഖമുഖം അസിസ്റ്റൻറ് കമ്മീഷണർ ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

വിമാനത്തിൽ മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കൾക്ക് ടിക്കറ്റ് എടുത്ത് നൽകിയ നേതാക്കളെ കേന്ദ്രീകരിച്ച് കണ്ണൂരിലും അന്വേഷണം നടക്കുന്നുണ്ട്. അതേസമയം പൊലീസ് ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുമെന്നും പ്രചരിക്കുന്ന വാട്സ് ആപ്പ് സംഘടനയുടേതാണോയെന്ന് ഇപ്പോൾ പറയുന്നില്ലെന്നുമാണ് ശബരീനാഥന്റെ പ്രതികരണം. യൂത്ത് കോൺഗ്രസിനെ തറപറ്റിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. സംഘടനാ തലത്തിൽ അവർക്കെതിരെ നടപടിയുണ്ടാകും. സമാധാനപരമായ ഒരു പ്രതിഷേധമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.