സജി ചെറിയാൻ വിഷയം; ഗവർണർക്ക് നിയമോപദേശം ലഭിച്ചു

 
ppp

ഭരണഘടനാ വിരുദ്ധ പ്രസംഗത്തെ തുടർന്ന് രാജിവച്ച സജി ചെറിയാനെ മന്ത്രിസഭയിൽ തിരിച്ചെടുക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ ശുപാർശയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിയമോപദേശം ലഭിച്ചു. സത്യപ്രതിജ്ഞാ ചടങ്ങ് ഒരുക്കേണ്ടത് ഗവർണറുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നാണ് നിയമോപദേശം. മുഖ്യമന്ത്രി പേര് നിർദ്ദേശിച്ചാൽ ഗവർണർക്ക് അത് തള്ളിക്കളയാനാവില്ല. ആവശ്യമെങ്കിൽ ഗവർണർക്ക് കൂടുതൽ വിശദീകരണം തേടാമെന്നും നിയമോപദേശത്തിൽ പറയുന്നു.

ബുധനാഴ്ച ഉച്ചയോടെ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഗവർണറോട് ശുപാർശ ചെയ്തിരുന്നു. തിരുവല്ല സബ് കോടതിയിൽ സജി ചെറിയാനെതിരായ കേസിൽ ഇനിയും തീരുമാനമാകാത്ത സാഹചര്യത്തിൽ എന്ത് ചെയ്യണമെന്ന് ഗവർണർ ഹൈക്കോടതിയിലെ അഭിഭാഷകനോട് നിയമോപദേശം തേടി. ഭരണഘടനാ വിരുദ്ധ പ്രസംഗത്തെ തുടർന്ന് ജൂലൈ ആറിനാണ് സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ചത്. ധാർമികമായും നിയമപരമായും സജി ചെറിയാന്‍റെ മുന്നിൽ തടസ്സങ്ങളൊന്നുമില്ലാത്തതിനാൽ തിരിച്ചുവരവ് മാറ്റിവയ്ക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയിരുന്നു.